യുപിയില്‍ മൃതദേഹം ആശുപത്രി ജീവനക്കാര്‍ ബൈക്കില്‍ ഉപേക്ഷിച്ചു; നെഞ്ചില്‍ കൊളുത്തി വലിക്കുന്ന ദൃശ്യം സത്യമോ?

By Jomit Jose  |  First Published Oct 1, 2023, 11:54 AM IST

58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് ആശുപത്രി ജീവനക്കാർ മുങ്ങിയ സംഭവമുണ്ടായോ? ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളായ ഫേസ്‌ബുക്കിലും (പഴയ ട്വിറ്റര്‍) വ്യാപകമായി പ്രചരിക്കുകയാണ്. കേരളത്തിലും നിരവധി പേരാണ് ഈ ദൃശ്യം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നടുക്കുന്ന കാഴ്‌ചയാണിത് എന്നും നടപടി വേണമെന്നുമാണ് പലരും വീഡിയോ ഷെയര്‍ ചെയ്‌തുകൊണ്ട് ആവശ്യപ്പെടുന്നത്. നടന്നതുതന്നെയോ ഇങ്ങനെയൊരു സംഭവം? 

Latest Videos

undefined

പ്രചാരണം

58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'മനസ്സിനെ അസ്വസ്ഥമാക്കുന്ന കാഴ്ചകൾക്ക് ഒടുക്കമില്ല. യുവതിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് മടങ്ങുന്ന ആശുപത്രി ജീവനക്കാർ ... UP മെയിൽ പുരി' എന്ന കുറിപ്പോടെ അനില്‍ പാറ്റൂര്‍ എന്നയാള്‍ വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചത് കാണാം. ജീവനക്കാരെന്ന് തോന്നിക്കുന്നവര്‍ ഒരാളെ കൊണ്ടുവന്ന് ബൈക്കിനരികില്‍ ഉപേക്ഷിക്കുന്നതാണ് ദൃശ്യം. ബന്ധുവെന്ന് തോന്നുന്ന ഒരു പുരുഷന്‍ സ്ത്രീ നിലത്ത് വീഴാതിരിക്കാന്‍ പിടിച്ചുനില്‍ക്കുന്നതും മറ്റൊരു സ്ത്രീയെത്തി കുട്ടിക്ക് ശ്വാസമുണ്ടോ എന്ന് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരുടെ കരച്ചിലും ആളുകളുടെ നെഞ്ചില്‍ കൊളുത്തി വലിക്കുന്നതാണ്. ഇതെല്ലാം കണ്ട് മറ്റാളുകള്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

വീ‍‍ഡിയോ

വസ്‌തുത

വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. 'ഉത്തര്‍പ്രദേശില്‍ മരണപ്പെട്ട ഒരു പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞു, കുട്ടിയുടെ മാതാപിതാക്കള്‍ പൊട്ടിക്കരയുന്നു' എന്ന തലക്കെട്ടില്‍ തമിഴ് മാധ്യമം ദിനമാലൈ വാര്‍ത്ത നല്‍കിയത് കണ്ടെത്താനായി. ഇതില്‍ നിന്ന് ലഭിച്ച സൂചനകള്‍ വച്ച് സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കീവേഡ് സെര്‍ച്ച് നടത്തി. ദേശീയ മാധ്യമങ്ങളായ ഇന്ത്യാ ടുഡേ, എന്‍ഡിടിവി തുടങ്ങിയ മാധ്യമങ്ങള്‍ ഈ ദാരുണസംഭവത്തിന്‍റെ വാര്‍ത്ത 2023 സെപ്റ്റംബര്‍ 29നും 30നും നല്‍കിയിരിക്കുന്നത് കീവേഡ് സെര്‍ച്ചില്‍ കണ്ടെത്തി. ഇതില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടിയപ്പോള്‍ മരണപ്പെട്ടത് യുവതിയല്ല, പെണ്‍കുട്ടിയാണ് എന്ന് ആദ്യം സ്ഥിരീകരിച്ചു.  

റിവേഴ്‌സ് ഇമേജ് ഫലം

'യുപിയില്‍ പെണ്‍കുട്ടി ആശുപത്രിക്ക് പുറത്തുവച്ച് മരണപ്പെട്ടു, ചികില്‍സാ പിഴവാണ് മരണ കാരണം എന്ന് കുടുംബം ആരോപിച്ചു' എന്നാണ് ഇന്ത്യാ ടുഡേ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയിലാണ് ദാരുണമായ സംഭവമുണ്ടായത്, മരിച്ച പെണ്‍കുട്ടിക്ക് 17 വയസാണ് പ്രായം. ചെറിയ പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഇവരെ രാധാ സ്വാമി എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികില്‍സാ പിഴവിനെ തുടര്‍ന്ന് ആരോഗ്യം വഷളായ പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം പുറംതള്ളുകയായിരുന്നു ജീവനക്കാര്‍ എന്ന് കുടുംബം ആരോപിച്ചതായും വാര്‍ത്തയില്‍ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ആശുപത്രി സീല്‍ ചെയ്‌തതായും വാര്‍ത്തയിലുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ചാണ് ഇന്ത്യാ ടുഡേ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

ഇന്ത്യാ ടുഡേ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

അതേസമയം ഇഞ്ചക്ഷന്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നുവെന്നും മൃതദേഹം ജീവനക്കാര്‍ പുറംതള്ളുകയായിരുന്നു എന്നാണ് എന്‍ഡി ടിവിയുടെ വാര്‍ത്തയില്‍ പറയുന്നത്. മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ ശരീരം ബൈക്കിനരികെ തള്ളിയ ശേഷം ആശുപത്രി ജീവനക്കാര്‍ കടന്നുകളയുകയായിരുന്നു എന്നും എന്‍ഡിടിവിയുടെ വാര്‍ത്തയിലുണ്ട്. ഇഞ്ചക്ഷന്‍ നല്‍കിയ ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായത് എന്ന് ബന്ധു ആരോപിച്ചതായി എന്‍ഡിടിവിയുടെ വാര്‍ത്തയില്‍ കാണാം. 

എന്‍ഡിടിവി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ഉത്തര്‍പ്രദേശില്‍ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപേക്ഷിച്ചിട്ട് ജീവനക്കാർ കടന്നുകളഞ്ഞ സംഭവം യാഥാര്‍ഥ്യമാണ്. ഇത്തരമൊരു ദാരുണ സംഭവം യുപിയില്‍ നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 

Read more: ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി വിദ്യാര്‍ഥിക്ക് അധ്യാപകന്‍റെ ക്രൂര മര്‍ദനം, വീഡിയോ വൈറല്‍, കേരളത്തില്‍ നിന്നോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

click me!