സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തതാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണം ലംഘിച്ചയാളെ ഓടിച്ചിട്ട് പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തതാണ്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. തെലങ്കാനയില്‍ നടന്ന സംഭവം എന്ന രീതിയിലും വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രചാരണം ഇങ്ങനെ
undefined
'തെലങ്കാനയില്‍ കൊവിഡ് രോഗി ഡോക്‌ടര്‍മാരുടെയും പൊലീസിന്‍റെയും കണ്ണുവെട്ടിച്ച് മുങ്ങാന്‍ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്'- ഫേസ്‌ബുക്കില്‍ മൈ അസം എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു.
സംഭവിച്ചത് ഇത്
പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴസ് ജംഗ്ഷനിലെത്തി പരിഭ്രാന്തി ഉണ്ടാക്കിയ ചെന്നീർക്കര സ്വദേശിയെയാണ് അരോഗ്യപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് പിടികൂടിയത്. വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാൾ. ചെറിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാൾ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചതിനെ തുടർന്നാണ് രാവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നാണ് ഓടി രക്ഷപ്പെട്ടത്.
നിരവധി ആളുകൾ എത്തുന്ന നഗരമധ്യത്തിലെ സെന്റ് പീറ്റേഴ്സ് ജംഗഷനിലെത്തിയ ഇയാൾ ശരിയായി മാസ്ക് ധരിക്കാത്തതിന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിരീക്ഷണത്തിൽ നിന്ന് ചാടിപ്പോയതാണെന്ന് മനസിലായത്. ഉടൻതന്നെ സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ പിടിക്കാൻ നോക്കിയെങ്കിലും ഓടി രക്ഷപെടാൻ ശ്രമിച്ചു. സമീപത്തെ കടകളിലേക്കും ഓടിക്കയറാൻ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപതിയിലേക്ക് മാറ്റി.
ഇയാളെ പിടികൂടുന്ന ദൃശ്യമാണ് തെലങ്കാനയില്‍ നടന്ന സംഭവം എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാട്ടുകാര്‍ക്ക് ആശങ്ക സൃഷ്‌ടിച്ചയാളെ പിടികൂടിയെന്ന വാര്‍ത്ത വീഡിയോ സഹിതം അന്നുതന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വാര്‍ത്തയുടെ ലിങ്കും വീഡിയോയും ചുവടെ.
പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ ഇറങ്ങി നടന്നു; ഓടിച്ച് പിടിച്ച് ആശുപത്രിയിലാക്കി
നിഗമനം
ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസിന്‍റെയും കണ്ണുവെട്ടിച്ച് മുങ്ങാന്‍ ശ്രമിക്കുന്ന തെലങ്കാനയിലെ കൊവിഡ് ബാധിതന്‍ എന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യം പത്തനംതിട്ടയില്‍ നിന്നുള്ളതാണ്. മലയാളത്തില്‍ സംസാരിക്കുന്നത് വ്യക്തമായി കേള്‍ക്കാമെങ്കിലും തെലങ്കാനയില്‍ നിന്നുള്ള ദൃശ്യം എന്ന തലക്കെട്ടില്‍ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു.
സിബിഎസ്ഇ പരീക്ഷാ ഫലം: തീയതികള്‍ വ്യാജം; വിദ്യാര്‍ഥികള്‍ക്ക് ആശങ്കയകറ്റാം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...