ആ വീഡിയോ അൾജീറിയയിലെ വെടിക്കെട്ട്; ഗാസയില്‍ ഹമാസിനെതിരായ ഇസ്രയേല്‍ വ്യോമാക്രമണം അല്ല! Fact Check

By Web Team  |  First Published Oct 11, 2023, 1:29 PM IST

'ഗാസയിൽ ദീപാവലി ആഘോഷം നേരത്തെ തുടങ്ങിയോ? ദീപാവലിയല്ല മിസ്റ്റർ ഇസ്രയേൽ നടത്തുന്ന താണ്ഡവമാണിത്' എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്


ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കിയിരിക്കുകയാണ്. ഇരുപക്ഷത്തും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ആയിരങ്ങളാണ് പരിക്കേറ്റ് മരണത്തോട് മല്ലിടുന്നത്. ഹമാസിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയില്‍ കനത്ത ആക്രമണമാണ് നടത്തുന്നത്. ഗാസയുടെ ആകാശത്ത് മിസൈല്‍ മഴ പെയ്യിച്ചുള്ള ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിന്‍റെ എന്ന പേരിലൊരു വീഡിയോ ഫേസ്‌ബുക്കിലും എക്‌സിലും (ട്വിറ്റര്‍) കാണാം. 

പ്രചാരണം

Latest Videos

undefined

ആകാശത്ത് ചുവന്ന വെളിച്ചവും പൊട്ടിത്തെറിയും പുകപടലങ്ങളും നിറഞ്ഞിരിക്കുന്ന അവ്യക്തമായ ദൃശ്യമാണ് ഫേസ്‌ബുക്കിലും ട്വിറ്ററിലും പ്രചരിക്കുന്നത്. എന്തൊക്കെയോ പൊട്ടിത്തെറിക്കുന്നത് പോലുള്ള കാതടപ്പിക്കുന്ന ശബ്ദവും വീഡിയോയ്‌ക്കുണ്ട്. 'ഗാസയിൽ ദീപാവലി ആഘോഷം നേരത്തെ തുടങ്ങിയോ? ദീപാവലിയല്ല മിസ്റ്റർ ഇസ്രയേൽ നടത്തുന്ന താണ്ഡവമാണ്. കിട്ടിയോ? അല്ല ചോദിച്ചു വാങ്ങി... "ഷേവ് ഗാസ" #ShaveGAZA' എന്ന കുറിപ്പോടെയാണ് ജോതിഷ് ടി എന്നയാള്‍ 2023 ഒക്ടോബര്‍ എട്ടിന് ഫേസ്‌ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതേ വീഡിയോ റെന്‍ ഫോര്‍ യു എന്ന എഫ്‌ബി അക്കൗണ്ടില്‍ റീല്‍സായി പങ്കുവെച്ചിരിക്കുന്നതും കാണാം. സമാന വീഡിയോ മറ്റ് നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ.  

വസ്‌തുത

എന്നാല്‍ അൾജീറിയയില്‍ നിന്നുള്ള വീഡിയോയാണ് ഗാസയിലെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന്‍റെത് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. 2020ല്‍ അൾജീറിയയിലെ ഒരു ഫുട്ബോള്‍ ക്ലബ് ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ വെടിക്കെട്ടോടെ ആഘോഷമാക്കിയതിന്‍റെ വീഡിയോയാണിത്. ഇതേ ദൃശ്യം 2023 സെപ്റ്റംബര്‍ 28ന് ടിക‌്‌ടോക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കാണാം. ഇതിന് ശേഷം ഒക്ടോബര്‍ ഏഴാം തിയതിയാണ് ഹമാസ്- ഇസ്രയേല്‍ പുതിയ സംഘര്‍ഷം തുടങ്ങിയത് എന്നതിനാല്‍ ഗാസയിലെ നിലവിലെ സംഭവവികാസങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് വ്യക്തം. 

ടിക്‌ടോക്ക് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ഗാസയില്‍ ഹമാസിനെ കീഴടക്കാന്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് നിലവിലെ സംഘര്‍ഷങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് ഏറെപ്പഴക്കമുള്ളതും അൾജീറിയയില്‍ നിന്നുള്ളതുമായ വീഡിയോയാണ്. 

Read more: ഹമാസ് ട്രക്കിന് പിന്നിലിട്ട് കൊണ്ടുപോയ അര്‍ധനഗ്ന ശരീരം ഇസ്രയേലി സൈനികയുടെയോ? ചിത്രവും സത്യവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!