പല്ലുകള്‍ വെളുപ്പിക്കാനുള്ള പൊടികൈ എന്ന നിലയില്‍ വിക്‌സിനെ വിശേഷിപ്പിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് വൈറല്‍
നിത്യജീവിതത്തില്‍ പലരും ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ് വിക്‌സ് വാപോറബ്. പനിയും തലവേദയും കഫക്കെട്ടും പേശീ-സന്ധി വേദനകളുള്ളവരും വിക്‌സ് പുരട്ടാറുണ്ട്. ഇതൊന്നും കൂടാതെ വിക്‌സിന് നിങ്ങളറിയാത്ത നിരവധി ഗുണങ്ങളുണ്ടോ? പല്ലുകള്‍ സുന്ദരമാക്കി തിളക്കം വരുത്താന്‍ വിക്‌സ് ഉപയോഗിക്കാമെന്നാണ് ഒരു പ്രചാരണം. ഫേസ്‌ബുക്കിലെ ഒരു പോസ്റ്റിലൂടെയാണ് ഈ അവകാശവാദം. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം.
പ്രചാരണം
വിക്‌സ് വാപോറബ് പലതരത്തിലുള്ള വേദനകള്‍ മാറ്റാന്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. തലവേദന കുറയ്‌ക്കാന്‍, ചെവി വേദന കുറയ്‌ക്കാന്‍, കഫക്കെട്ട് കുറയ്‌ക്കാന്‍ എന്നിങ്ങനെ നീളുന്നു ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്ന വിക്‌സിന്‍റെ ഗുണങ്ങളുടെ പട്ടിക. ഇതൊന്നുമല്ലാതെ മറ്റൊരു ഗുണവും വിക‌്സിനുണ്ട് എന്നാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിറം നഷ്ടപ്പെട്ട പല്ലുകളില്‍ വിക്‌സ് തേച്ചാല്‍ രണ്ടേരണ്ട് ദിവസം കൊണ്ട് അവ പളപളാന്ന് മിന്നിക്കാം എന്നാണ് പോസ്റ്റില്‍ പറയുന്നത്. വിക്‌സ് തേച്ചതിന് മുമ്പും ശേഷവുമുള്ള മാറ്റം കാണൂ എന്ന് ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണം.
വസ്‌തുത
ആരും അബദ്ധത്തില്‍ പോലും ഈ പ്രചാരണത്തില്‍ വീണ് വിക്‌സ് വാപോറബ് കൊണ്ടൊരു പരീക്ഷണം നടത്താന്‍ പാടില്ല എന്നതാണ് വസ്‌തുത. വിക്‌സ് ഒരിക്കലും തൊലിപ്പുറത്തല്ലാതെ ശരീരത്തിനുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദാര്‍ഥമാണ്. വിക്‌സ് പല്ലുകളില്‍ ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന്‍റെ അകത്ത് ഇതിന്‍റെ അംശം എത്താനും അത് ആരോഗ്യത്തിന് ഗുരുതരമായ അപകടം സൃഷ്ടിക്കാനും സാധ്യതയുണ്ട്. തലകറക്കവും ഛര്‍ദിയും അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. മാത്രമല്ല, വായിലെ കോശങ്ങളില്‍ പൊള്ളല്‍ പോലുള്ള അവസ്ഥയും സൃഷ്‌ടിക്കും. അതിനാല്‍ തന്നെ പല്ലുകള്‍ വെളുപ്പിക്കാന്‍ വിക്‌സ് ഉപയോഗിക്കാമെന്ന പ്രചാരണം തട്ടിപ്പാണ്. അശാസ്ത്രീയമായ മരുന്ന് പരീക്ഷണം നടത്തി ആരും അപകടം ക്ഷണിച്ചുവരുത്തരുത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം