കാര്‍ യാത്രാസുഖത്തോടെ ബസില്‍ യാത്ര ചെയ്യാം എന്നുപറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
കോയമ്പത്തൂര്‍: 'എന്ത് മൊഞ്ചാണിത്', എന്ന് കാണുന്നവരാരും ചോദിച്ച് പോകുന്നൊരു ബസിന്‍റെ വീഡിയോ ഫേസ്‌ബുക്കില്‍ ശ്രദ്ധേയമാവുകയാണ്. മൂന്ന് നിലകളിലായി അത്യാഢംബര സൗകര്യങ്ങളോടെ നിര്‍മിച്ച ഈ ബസിന്‍റെ വശങ്ങള്‍ കണ്ടാല്‍ ലിമോസിന്‍ കാറില്‍ കിടന്ന് യാത്ര പോകുന്നത് പോലെയാണ് തോന്നുക. ബസിനകത്തും ആരും കണ്ണഞ്ചിക്കും വിധമുള്ള കാഴ്‌ചകളാണ്. ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടുന്ന ബസ് എന്നുപറഞ്ഞാണ് വാഹനത്തിന്‍റെ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പ്രചാരണം
കാര്‍ യാത്രാസുഖത്തോടെ ബസില്‍ യാത്ര ചെയ്യാം എന്നുപറഞ്ഞാണ് വീഡിയോ സുന്ദരമൂര്‍ത്തി വെല്ലിഗിരി എന്നയാള്‍ ഫേസ്‌ബുക്കില്‍ 2023 നവംബര്‍ 21ന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പൂര്‍ണമായും സ്ലീപ്പര്‍ സൗകര്യമുള്ള ബസാണിത്. മൂന്ന് നിലകളുള്ള ഈ ബസിന്‍റെ വീഡിയോ ആരെയും ഒന്ന് അമ്പരപ്പിക്കും. കാറുകളില്‍ പ്രവേശിക്കുന്നത് പോലെ സൈഡിലുള്ള ഡോറുകള്‍ തുറന്ന് ഏറ്റവും താഴത്തെ നിലയിലെ ബെഡുകളിലേക്ക് പ്രവേശിക്കാം. ഒരു ലിമോസിന്‍ കാറില്‍ കിടന്ന് യാത്ര ചെയ്യുന്നത് പോലെയാണ് ഈ സൗകര്യം. ബസിനുള്ളിലെ മറ്റ് സൗകര്യങ്ങളും അതിഗംഭീരം എന്നുപറയാം. മനോഹരമായ ഇന്‍റീരിയറും മെത്തകളും സ്ക്രീനുകളുമെല്ലാം ബസിനെ ആകര്‍ഷകമാക്കുന്നു,
വസ്‌തുത
വീഡിയോ പോസ്റ്റ് ചെയ്‌ത ആള്‍ അവകാശപ്പെട്ടത് പോലെ ചെന്നൈ-കോയമ്പത്തൂര്‍ റൂട്ടില്‍ ഓടുന്ന ബസാണോ ഇത്. അല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ മൂന്നുനില ബസ് എവിടെ നിന്നുള്ളതാണ് എന്ന് മനസിലാക്കാന്‍ വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ തെളിഞ്ഞ ഫലങ്ങളില്‍ കാണുന്നത് ഈ അത്യാഢംബര ബസ് പാകിസ്ഥാനിലാണ് എന്നാണ്. പാകിസ്ഥാനിലാണ് ഈ ബസ് എന്ന് കാണിക്കുന്ന നിരവധി വീഡിയോകള്‍ യൂട്യൂബ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. വ്യത്യസ്തമായ ഈ ബസ് തമിഴ്‌നാട്ടില്‍ ഓടുന്നത് അല്ല, പാകിസ്ഥാനില്‍ നിന്നുള്ളതാണ് എന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്.
Read more: തലകീഴായി മറിഞ്ഞ് ചങ്ങാടം, എല്ലാവരും വെള്ളത്തില്‍; രമ്യ ഹരിദാസ് എംപിയുടെ ഫണ്ടില്‍ നിര്‍മിച്ചതോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം