'മനോഹരമായ ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കുകയും നശിപ്പിക്കുകയും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നത് ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ലജ്ജാകരമായ കാര്യമാണ്'
ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അടുത്ത ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരാനിരിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഒരു വ്യാജ പ്രചാരണം. ബിസിസിഐയെ രാഷ്‌ട്രീയവല്‍ക്കരിക്കുകയാണ് ഭരണസമിതിയിലുള്ളവരെന്നും ഇത് ക്രിക്കറ്റ് പോലൊരു മനോഹര ഗെയിമിന് നാണക്കേടാണ് എന്നും ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ എന്‍ഡിടിവിയിലൂടെ വിമര്‍ശിച്ചു എന്നാണ് . ഈ പ്രചാരണത്തിന്‍റെ വസ്‌തുത ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
പ്രചാരണം
'മനോഹരമായ ക്രിക്കറ്റിനെ രാഷ്ട്രീയവൽക്കരിക്കുകയും നശിപ്പിക്കുകയും ഹൈജാക്ക് ചെയ്യുകയും ചെയ്യുന്നത് ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ലജ്ജാകരമായ കാര്യമാണ്. ബിസിസിഐ ടീം ഇന്ത്യയുടെ അവസ്ഥ പരിതാഭകരമാക്കി. അതിന്‍റെ ഫലമാണ് ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ കണ്ടത്' എന്നും സുനില്‍ ഗവാസ്‌കര്‍ എന്‍ഡിടിവിയോട് പറഞ്ഞതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തിയതിയായിരുന്നു ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം. ഇതിന് പിന്നാലെയാണ് ഗവാസ്‌കര്‍ ഇങ്ങനെ പറഞ്ഞതായി പ്രചരിച്ചത്. മത്സരത്തില്‍ ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ പുറത്തായപ്പോള്‍ കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. വരുന്ന പത്താം തിയതി സൂപ്പര്‍ ഫോറില്‍ ഇന്ത്യ- പാക് മത്സരം വരാനിരിക്കേ ഈ പ്രചാരണം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. എന്താണ് ഗവാസ്‌കറുടെ പ്രസ്‌താവന സംബന്ധിച്ചുള്ള പ്രചാരണത്തിന്‍റെ വസ്‌തുത എന്ന് നോക്കാം.
വസ്‌തുത
സുനില്‍ ഗവാസ്‌കര്‍ എന്‍ഡിടിവിയോട് ഇത്തരമൊരു പ്രസ്‌താവനയും നടത്തിയിട്ടില്ല എന്ന് അദേഹത്തിന്‍റെ മകനും ക്രിക്കറ്ററുമായ രോഹന്‍ ഗവാസ്‌കര്‍ സെപ്റ്റംബര്‍ നാലിന് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. വളച്ചൊടിച്ച വാക്കുകളാണ് തന്‍റെ പിതാവിന്‍റെ പേരില്‍ പ്രചരിക്കുന്നത്, ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി അദേഹത്തിന്‍റെ പേര് ആളുകള്‍ ദുരുപയോഗം ചെയ്യുന്നത് ഞെട്ടിക്കുന്നു എന്നും രോഹന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്‍ഡിടിവിയോട് എന്നല്ല, മറ്റൊരു മാധ്യമത്തോടും ഗവാസ്‌കര്‍ ബിസിസിഐക്ക് എതിരായി പ്രസ്‌താവന നടത്തിയതായി ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ രണ്ടിലെ ഇന്ത്യ- പാക് മത്സരത്തിന് ശേഷം ടീം ഇന്ത്യയുടെ പ്രകടനത്തെ മുന്‍നിര്‍ത്തി ബിസിസിഐയെ കുറിച്ച് ഗവാസ്‌കര്‍ പ്രസ്‌താവനകളൊന്നും നടത്തിയിട്ടില്ല എന്ന് വ്യക്തമാണ്.
Read more: മാനംമുട്ടെയുള്ള കെട്ടിടത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി ഷാരൂഖ് ഖാന്‍; വീഡിയോ ജവാന്‍ സിനിമയിലേതോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം