ആരും തെറ്റിദ്ധരിക്കല്ലേ; മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ആ വീഡിയോ പഴയത്, കണ്ടത് ലക്ഷക്കണക്കിന് പേര്‍!

By Web Team  |  First Published Sep 29, 2023, 3:20 PM IST

'മുല്ലപ്പെരിയാർ ഡാം തകരും, ഞെട്ടിക്കുന്ന റിപ്പോർട്ട് ഇതാ, ഡാം തുറക്കുന്ന വീഡിയോ ദൃശ്യം Mullaperiyar' എന്ന തലക്കെട്ടിലാണ് ഫേസ്‌ബുക്കില്‍ വീഡിയോ


ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷയെ കുറിച്ചുള്ള ചര്‍ച്ച എല്ലാ മഴക്കാലത്തും കേരളത്തില്‍ സജീവമാകുന്നതാണ്. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലപ്പഴക്ക ഭീഷണി നേരിടുന്നു എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായതിനിടെ ഡാം തുറക്കുന്ന വീഡിയോ വിവരണം സഹിതം ഒരു ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിലും ഡാം തുറക്കുന്ന ദൃശ്യം പഴയതാണ് എന്നതാണ് വസ്‌തുത. 

Latest Videos

undefined

പ്രചാരണം

'മുല്ലപ്പെരിയാർ ഡാം തകരും, ഞെട്ടിക്കുന്ന റിപ്പോർട്ട് ഇതാ, ഡാം തുറക്കുന്ന വീഡിയോ ദൃശ്യം Mullaperiyar' എന്ന തലക്കെട്ടിലാണ് ഇന്‍ഫോ മീഡിയ വ്ലോഗ് എന്ന പേജ് മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന വീഡിയോ വിവരണം സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 25-ാം തിയതിയായിരുന്നു ഈ പോസ്റ്റ്. മുല്ലപ്പെരിയാര്‍ അടക്കം ലോകത്തെ വിവിധയിടങ്ങളിലുള്ള നിരവധി ഡാമുകള്‍ വലിയ അപകടഭീഷണി സൃഷ്ടിക്കുന്നു എന്ന് വീഡിയോയിലുള്ള വിവരണത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ഒരു ലേഖനത്തെ പരാമര്‍ശിച്ച് പറയുന്നു. എഫ്‌ബിയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ട് നാല് ദിവസം കൊണ്ട് രണ്ടര മില്യണോളം പേര്‍ ഈ റിപ്പോര്‍ട്ട് കണ്ടുകഴിഞ്ഞു. അരലക്ഷത്തോളം റിയാക്ഷന്‍ കിട്ടിയ വീഡിയോക്ക് രണ്ടായിരത്തിയഞ്ഞൂറിലേറെ കമന്‍റുകളുമുണ്ട്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം പലരും കമന്‍റ് ബോക്‌സില്‍ മുന്നോട്ടുവെച്ചിരിക്കുന്നത് കാണാം.

പരിശോധിക്കേണ്ടത് രണ്ട് കാര്യങ്ങള്‍

വീഡിയോയില്‍ നല്‍കിയിരിക്കുന്ന ഡാം തുറക്കുന്ന ദൃശ്യം ഇക്കഴിഞ്ഞ ദിവസങ്ങളിലേതാണോ? ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് തന്നെയോ? പരിശോധിക്കാം...

വസ്‌തുത

ഡാം തുറക്കുന്ന വീഡിയോയില്‍ കാണുന്ന ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥരില്‍ പലരും മാസ്‌ക് ധരിച്ചിട്ടുള്ളതിനാല്‍ ദൃശ്യം കൊവിഡ് കാലത്തെയാണോ എന്ന സംശയമുണര്‍ന്നു. ഇതിനാല്‍, മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യങ്ങള്‍ എപ്പോഴത്തേതാണ് എന്ന് മനസിലാക്കാന്‍ വീഡിയോയിലെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. മന്ത്രി റോഷി അഗസ്റ്റിന്‍ 2021 ഒക്ടോബര്‍ 29ന് ഈ വീഡിയോ ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത് കണ്ടെത്താനായി.

മന്ത്രിയുടെ എഫ്‌ബി പോസ്റ്റ്

'മുല്ലപ്പെരിയാറിൽ രണ്ടു ഷട്ടറുകൾ ആണ് തുറന്നത്. രാവിലെ മുതൽ 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തുന്നത്. 2 ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ സഹിതം മന്ത്രി റോഷി അഗസ്റ്റിന്‍റെ എഫ്‌ബി പോസ്റ്റ്. മന്ത്രി പോസ്റ്റ് ചെയ്ത അതേ വീഡിയോയാണ് ഇന്‍ഫോ മീഡിയ വ്ലോഗ് എന്ന പേജ് ഈ വര്‍ഷം സെപ്റ്റംബര്‍ 25ന് ഓഡിയോ വിവരണം ചേര്‍ത്തുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് ഇരു വീഡിയോകളും പരിശോധിച്ചപ്പോള്‍ വ്യക്തമായി. 

നിഗമനം

'മുല്ലപ്പെരിയാർ ഡാം തകരും, ഞെട്ടിക്കുന്ന റിപ്പോർട്ട് ഇതാ, ഡാം തുറക്കുന്ന വീഡിയോ ദൃശ്യം Mullaperiyar' എന്ന തലക്കെട്ടില്‍ ഫേസ്‌ബുക്കില്‍ കാണുന്ന വീഡിയോ 2021ലേതാണ്. അതേസമയം വീഡിയോയിലെ വിവരണത്തില്‍ പറയുന്ന മുല്ലപ്പെരിയാറിനെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് തന്നെയാണ്. നദീ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടേതാണ് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനം. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ലേഖനത്തെ കുറിച്ച് പരാമര്‍ശിക്കാന്‍ 'മുല്ലപ്പെരിയാർ ഡാം തകരും, ഞെട്ടിക്കുന്ന റിപ്പോർട്ട് ഇതാ, ഡാം തുറക്കുന്ന വീഡിയോ ദൃശ്യം Mullaperiyar' എന്ന തലക്കെട്ടോടെ വീഡിയോ നല്‍കിയത് ഉചിതമല്ല. വീഡിയോയിലെ വിവരണം ആളുകളെ ഏറെ ഭയത്തിലാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 

Read more: ആഫ്രിക്കയിൽ കടൽ കത്തുന്നു, ഹ എന്തൊരു കാലം! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!