Fact Check: പലസ്‌തീന് പിന്തുണയുമായി ഷാരൂഖ് ഖാന്‍? പലസ്തീന്‍ നിറമുള്ള ജാക്കറ്റിട്ട ചിത്രവും സത്യവും

By Web Team  |  First Published Oct 28, 2023, 12:45 PM IST

ഗാസയ്ക്ക് പിന്തുണയുമായി പലസ്തീന്‍ പതാകയുടെ നിറത്തിലുള്ള ജാക്കറ്റ് ഷാരൂഖ് ഖാന്‍ അണിഞ്ഞിരിക്കുന്നു എന്നാണ് പ്രചാരണം


2023 ഒക്ടോബര്‍ 7നാരംഭിച്ച ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഗാസയ്‌ക്ക് പിന്തുണയുമായി രംഗത്തെത്തി എന്നൊരു വ്യാജ പ്രചാരണം നേരത്തെ സജീവമായിരുന്നു. ഇപ്പോള്‍ മറ്റൊരു ബോളിവുഡ് സ്റ്റാര്‍ കിംഗ് ഖാന്‍റെ പേര് ചേര്‍ത്തും ഒരു പ്രചാരണം സജീവമായിരിക്കുകയാണ്. പലസ്തീന് പിന്തുണയുമായി പലസ്തീന്‍ പതാകയുടെ നിറത്തിലുള്ള ജാക്കറ്റ് ഷാരൂഖ് ഖാന്‍ അണിഞ്ഞിരിക്കുന്നു എന്നാണ് ഫോട്ടോ സഹിതമുള്ള പ്രചാരണം. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.

പ്രചാരണം

Latest Videos

undefined

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഷാരൂഖ് ഖാന്‍ പലസ്തീന്‍ പതാകയുടെ നിറമുള്ള ജാക്കറ്റണിഞ്ഞിരിക്കുന്നു എന്നാണ് ചിത്രം സഹിതമുള്ള പ്രചാരണം. 'ഇന്ത്യ ഹമാസിനെ പിന്തുണയ്‌ക്കുന്നു. പലസ്‌തീനെ പിന്തുണയ്‌ക്കുന്നതിന് ഷാരൂഖ് ഖാന് നന്ദി' എന്നാണ് 2023 ഒക്ടോബര്‍ 22-ാം തിയതി Jejaka_Sepi എന്ന എക്‌സ് യൂസറുടെ ട്വീറ്റ്. #IndiaSupportHamas #FreePalestine #SRK നിരവധി ഹാഷ്‌ടാഗുകള്‍ ഈ ട്വീറ്റിനൊപ്പം കാണാം. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

സമാന പ്രചാരണം ഫേസ്‌ബുക്കിലും നടക്കുന്നതായും കാണാം. 2023 ഒക്ടോബര്‍ 24-ാം തിയതിയാണ് തസ്‌ലീം അല്‍ ബുഖാരി എന്നയാള്‍ ഷാരൂഖിന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഫ്രീ പലസ്‌തീന്‍ അടക്കമുള്ള ഹാഷ്‌ടാഗുകളും ഫോട്ടോയ്‌ക്കൊപ്പം എഫ്‌ബി പോസ്റ്റില്‍ കാണാം. ചിത്രത്തില്‍ അവകാശപ്പെടുന്നത് പോലെ കിംഗ് ഖാന്‍ പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

ട്വീറ്റിലും ഫേസ്‌ബുക്ക് പോസ്റ്റിലും അവകാശപ്പെടുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ ആദ്യം ഷാരൂഖ് ഖാന്‍റെ ചിത്രം ഏഷ്യാനെറ്റ് ന്യൂസ് ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഷാരൂഖ് പലസ്‌തീനെ പിന്തുണയ്‌ക്കുന്നതായി 2014ലും പ്രചാരണമുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസിലായി. ഇതോടെ കൂടുതല്‍ പരിശോധനകള്‍ക്ക് ചിത്രം വിധേയമാക്കി. 2014 മുതല്‍ സാമൂഹ്യമാധ്യമങ്ങളിലുള്ള ചിത്രമാണിത് എന്ന് വിശദ പരിശോധനയില്‍ വ്യക്തമായി. 

2014ലെ എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

2014 ഓഗസ്റ്റ് 9ന് Dubaibliss.com എന്ന എഫ്‌ബി പേജില്‍ വന്നിട്ടുള്ള പോസ്റ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്ന സമാന ചിത്രം കണ്ടെത്തി. എസ്ആര്‍കെ ദുബായ് സന്ദര്‍ശനത്തില്‍ യുഎഇ ഫ്ലാഗുള്ള ജാക്കറ്റ് അണിഞ്ഞ് പോസ് ചെയ്യുന്നു എന്നാണ് ഫോട്ടോയ്‌ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ടില്‍ പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഷാരൂഖിന്‍റെ 2014ലെ ദുബായ് സന്ദര്‍ശനത്തിനിടെ എടുത്ത ചിത്രമാണിത് എന്ന് തെളിയിക്കുന്ന മറ്റ് ചില ട്വീറ്റുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് മനസിലായത് ഈ ചിത്രം 9 വര്‍ഷം പഴയതാണെന്നും നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ഇതിന് ബന്ധമില്ല എന്നുമാണ്. 

2014ലെ ട്വീറ്റുകളിലൊന്ന്

നിഗമനം

പലസ്‌തീന് പിന്തുണയുമായി ഷാരൂഖ് ഖാന്‍ പലസ്‌തീന്‍ പതാകയുടെ നിറമുള്ള ജാക്കറ്റ് അണിഞ്ഞു എന്ന പ്രചാരണം വ്യാജമാണ്. വൈറലായ ചിത്രത്തില്‍ കാണുന്നത് യുഎഇയുടെ പതാക ആലേഖനം ചെയ്‌ത ജാക്കറ്റാണ്. ചിത്രം ഇപ്പോഴത്തേത് അല്ല, 2014ലെതാണ് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞു. 

Read more: 'ശിരോവസ്ത്രമില്ല, കുമ്പളയില്‍ ബസില്‍ ഹിന്ദു സ്ത്രീയെ മുസ്ലീം വിദ്യാര്‍ഥിനികള്‍ ശകാരിച്ചു' എന്ന് വ്യാജ പ്രചാരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!