ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരത്തിന് പിന്നാലെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ വീഴ്‌ത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലായിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കി എന്നാണ് പ്രചാരണം. എന്താണ് ഇതിലെ വാസ്‌തവം എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരത്തിന് പിന്നാലെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. 'രോഹിത് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൈമാറി, മൈ ക്യാപ്റ്റന്‍' എന്നീ തലക്കെട്ടിലാണ് ചിത്രം ഒരു ട്വീറ്റ് ചെയ്‌തത്. ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളേയും കാണാം. ഗ്രൗണ്ട് സ്റ്റാഫുകളുടെ കൈയില്‍ മാന്‍ ഓഫ് ദി മാച്ച് ചെക്കിരിക്കുന്നത് ചിത്രം കാണാം. ഇത് കൈമാറിയ ശേഷം, അവരുമായി സംസാരിച്ച് നില്‍ക്കുകയാണ് രോഹിത് ശര്‍മ്മ എന്ന തരത്തിലാണ് ചിത്രം.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
'രോഹിത് തനിക്ക് ലഭിച്ച മാന്‍ ഓഫ് ദി മാച്ച് തുക എല്ലാ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കുമായി നല്‍കി' എന്ന കുറിപ്പോടെ ചിത്രം സഹിതം ഒരു വീഡിയോ യൂട്യൂബിലും കാണാം. രോഹിത്തിന്‍റെ നല്ല മാതൃകയാണ് ഇതെന്ന് പറഞ്ഞ് പ്രശംസിക്കുകയാണ് ആരാധകര്‍.
യൂട്യൂബ് വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
എന്നാല്‍ പല ആരാധകരും അവകാശപ്പെടുന്നത് പോലയേ അല്ല ഇതിന്‍റെ വസ്‌തുത. ഇന്ത്യ- പാക് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് രോഹിത് ശര്‍മ്മയായിരുന്നില്ല, മറിച്ച് വിരാട് കോലിയായിരുന്നു. മാത്രമല്ല, പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്‌ത് തയ്യാറാക്കിയതാണ് എന്നും തെളിഞ്ഞു. മഴ കളിച്ച മത്സരത്തില്‍ നന്നായി പ്രയത്നിച്ച ഗ്രൗണ്ട് സ്റ്റാഫുകളുമായി രോഹിത് സംസാരിക്കുന്നതിന്‍റെ ചിത്രത്തിലേക്ക് മാന്‍ ഓഫ് ദി മാച്ച് ചെക്കിന്‍റെ പടം എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് പ്രചാരണം തകൃതിയായി നടക്കുന്നത്. സംഭവത്തിന്‍റെ ഒറിജിനല്‍ ചിത്രത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകളുടെ കൈയില്‍ ചെക്ക് കാണാനാവില്ല. ട്വിറ്ററില്‍ നിഷ എന്ന യൂസര്‍ യഥാര്‍ഥ ചിത്രം പങ്കുവെച്ചിരിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി.
ഒറിജിനല്‍ ചിത്രം
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ 228 റണ്‍സിന് ജയിച്ചപ്പോള്‍ കോലി 94 പന്തില്‍ പുറത്താവാതെ 122* റണ്‍സുമായി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഇന്ത്യയുടെ 356 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 128 റണ്‍സില്‍ പുറത്താവുകയായിരുന്നു. മത്സരത്തില്‍ 56 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം