ധ്രുവ് ജൂറെലിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ്മ സല്യൂട്ട് ചെയ്യുന്നതായാണ് ഫോട്ടോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്
റാഞ്ചിയിലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് പിന്നാലെ മത്സരത്തിലെ വിജയശില്‍പിയായ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറെലിനെ ക്യാപ്റ്റന്‍ രോഹിത് ശർമ്മ സല്യൂട്ട് ചെയ്തോ? ജൂറെലിനെ ഹിറ്റ്മാന്‍ സല്യൂട്ട് ചെയ്തതതായി ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ കാണാം. ഫോട്ടോ യഥാർഥമോ എന്ന് പലരും കമന്‍റ് ബോക്സില്‍ ചോദിക്കുന്നതിനാല്‍ വസ്തുത പരിശോധിക്കാം.
പ്രചാരണം
undefined
ധ്രുവ് ജൂറെലിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശർമ്മ സല്യൂട്ട് ചെയ്യുന്നതായാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഇതേ ഫോട്ടോ സഹിതം വീഡിയോകള്‍ യൂട്യൂബിലും കാണാം.
വസ്തുത
റാഞ്ചിയില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ശേഷം ധ്രുവ് ജൂറെലിനെ രോഹിത് ശർമ്മ സല്യൂട്ട് ചെയ്യുന്ന രംഗമില്ല എന്നതാണ് യാഥാർഥ്യം. വൈറലായിരിക്കുന്ന ചിത്രം സൂക്ഷമമായി നോക്കിയാല്‍ രോഹിത് ശർമ്മയുടെ വലത്തേ കൈയുടെ സ്ഥാനത്തിന് അസ്വഭാവികത വ്യക്തമാണ്. വലതുകൈ നെറ്റിയോട് ചേരാതിരിക്കുമ്പോള്‍ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ചിത്രമാണിത് എന്ന് വ്യക്തവുമാണ്.
പശ്ചാത്തലം
റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് വിജയിച്ച് ഒരു മത്സരം ബാക്കിനില്‍ക്കേ പരമ്പര 3-1ന് ടീം ഇന്ത്യ നേടിയപ്പോള്‍ മത്സരത്തിലെ താരം ധ്രുവ് ജൂറെലായിരുന്നു. ഇന്ത്യന്‍ വിജയത്തിന് പിന്നാലെ താരങ്ങളെ അഭിനന്ദിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മ മൈതാനത്ത് ഇറങ്ങിയപ്പോള്‍ ജൂറെലിനെ ആലിംഗനം ചെയ്യുന്നതായാണ് മത്സരം സ്ട്രീമിങ് ചെയ്‍ത ജിയോ സിനിമയുടെ വീഡിയോയില്‍ കാണുന്നത്. ജൂറെലിനെ നോക്കി രോഹിത് ശർമ്മ സല്യൂട്ട് ചെയ്തതായി വീഡിയോയിലില്ല.
മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 149 പന്തില്‍ 90 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ പുറത്താവാതെ 77 ബോളില്‍ 39 റണ്‍സും നേടിയാണ് ധ്രുവ് ജൂറെല്‍ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അർധസെഞ്ചുറി നേടിയ ശേഷം തന്‍റെ പിതാവിന് നേട്ടം സമർപ്പിച്ച് ജൂറെല്‍ സല്യൂട്ട് ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ജൂറെലിനെ രോഹിത് സല്യൂട്ട് ചെയ്തതായി ഫോട്ടോ പ്രചരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം