ചൈനീസ് പ്രസിഡന്‍റിനെ 'മൈ ബോസ്' എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചതായുള്ള ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്. നിരവധിപ്പേര്‍ ഷെയര്‍ ചെയ്ത ഈ സ്ക്രീന്‍ ഷോട്ടിലെ വസ്തുത എന്താണ്?
അതിര്‍ത്തി പ്രശ്നം ചർച്ചയാവുന്നതിനിടെ ചൈനയുമായി ബന്ധപ്പെടുത്തി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ആരോപണങ്ങളും പഴിചാരലും. ചൈനീസ് പ്രസിഡന്‍റിനെ 'മൈ ബോസ്' എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശേഷിപ്പിച്ചതായുള്ള ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്. നിരവധിപ്പേര്‍ ഷെയര്‍ ചെയ്ത ഈ സ്ക്രീന്‍ ഷോട്ടിലെ വസ്തുത എന്താണ്?
undefined
പ്രചാരണം
ചൈനീസ് പ്രസിന്‍റുമൊത്ത് ഹസ്തദാനം ചെയ്തു നില്‍ക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പ് ഇങ്ങനെയാണ്. 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സിപിഐഎമ്മുമായുള്ള ബന്ധത്തെ ബഹുമാനിക്കുന്നു. എന്‍റെ ബോസിനെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ ചെയ്യാനായി അദ്ദേഹം നല്‍കിയ പരിപാടികള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്. റെഡ് സല്യൂട്ട്'. സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്‍റേതാണ് എന്ന് തോന്നിക്കുന്നതാണ് പ്രചാരണത്തിലെ സ്ക്രീന്‍ഷോട്ട്.
വസ്തുത
2015 ഒക്ടോബര്‍ 20ന് ദി ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ ചിത്രമുപയോഗിച്ചുള്ള വ്യാജ പ്രചാരണമാണ് ഇത്. യെച്ചൂരിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന്‍റേതായി വ്യാജ ട്വീറ്റ് നിര്‍മ്മിച്ച് അതിന്‍റെ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം നടക്കുന്നത്.
വസ്തുതാ പരിശോധനാ രീതി
ഒക്ടോബര്‍ 29, 2015നാണ് സീതാറാം യെച്ചൂരി ട്വിറ്ററില്‍ അക്കൌണ്ട് ആരംഭിക്കുന്നത്. എന്നാല്‍ വ്യാപക പ്രചാരം നേടിയ സ്ക്രീന്‍ ഷോട്ടിലുള്ള തിയതി ഒക്ടോബര്‍ 20, 2015 എന്നാണ്. ഇത് യഥാര്‍ത്ഥത്തില്‍ സീതാറാം യെച്ചൂരി ട്വിറ്റര്‍ അക്കൌണ്ട് ആരംഭിക്കുന്നതിന് ഒന്‍പത് ദിവസം മുന്‍പെയാണ്.
ട്വീറ്റിലുപയോഗിച്ചിരിക്കുന്ന സീതാറാം യെച്ചൂരിയുടെ ചിത്രത്തിന്‍റെ സ്ഥാനത്തില്‍ മാറ്റമുണ്ട്. നേരെയുള്ള ചിത്രമാണ് സീതാറാം യെച്ചൂരി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പ്രചാരണത്തിലെ ചിത്രം സൂക്ഷമായി പരിശോധിക്കുമ്പോള്‍ ചെറുതായി വലത്തേക്ക് ചരിവുള്ള ചിത്രമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ 2015 ഒക്ടോബര്‍ 20 ന് ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലെ ചിത്രമാണ് സ്ക്രീന്‍ ഷോട്ടില്‍ ഉപയോഗിച്ചിട്ടുള്ളത് എന്ന് തെളിഞ്ഞു.
ചൈനയില്‍ വച്ച് ഇരുനേതാക്കളും കണ്ടുമുട്ടിയത് സംബന്ധിച്ച വാര്‍ത്തയോടൊപ്പമുള്ളതാണ് സ്ക്രീന്‍ ഷോട്ടില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഈ കൂടിക്കാഴ്ചയേക്കുറിച്ച് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തിട്ടുമില്ല.
നിഗമനം
ചൈനീസ് പ്രസിഡന്‍റിനെ 'മൈ ബോസ്' എന്ന് അഭിസംബോധന ചെയ്തതായി സീതാറാം യെച്ചൂരിയുടെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിച്ചതാണ്. ഈ പ്രചാരണം വ്യാജമാണ്.