പുറത്തുവന്ന വീഡിയോ കൊവിഡ് ചികിത്സയിലുള്ള ബച്ചന്‍റെയോ? വ്യാപകമായി ഷെയർ ചെയ്ത് ആരാധകർ

By Web Team  |  First Published Jul 13, 2020, 5:45 PM IST

ശനിയാഴ്ച് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ബിഗ് ബിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. 


കൊവിഡ് 19 സ്ഥിരീകരിച്ച് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നു ബിഗ് ബി'. ശനിയാഴ്ച് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നാനാവതി ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ബിഗ് ബിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. കൊറോണ വൈറസിനെതിരായി നിര്‍ത്താതെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുള്ള ബിഗ് ബി വീഡിയോയുടെ സത്യാവസ്ഥ എന്താണ്?

 

Latest Videos

undefined

പ്രചാരണം

നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ജീവനക്കാര്‍ക്ക് നന്ദി പറയുന്നു. ആശങ്കയുടെ സമയത്തും വളരെ മികച്ച രീതിയിലാണ് അവരുടെ പ്രവര്‍ത്തനം. മഹാമാരി സമയത്ത് ദൈവത്തിന്‍റെ മൂര്‍ത്തീരൂപമാണ് ആരോഗ്യ പ്രവര്‍ത്തകരെന്നും ബിഗ് ബി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. രാജ്യത്തെ ജനങ്ങളോട് ഭയചകിതരാവാതെയിരിക്കാനും മഹാമാരിയെ നേരിടുന്നത് നമ്മള്‍ ഒരുമിച്ചാണെന്നും അമിതാഭ് ബച്ചന്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്നും പ്രതികരിക്കുന്ന ബിഗ്ബി എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 

 

വസ്തുത


ബോംബൈ ടാക്കീസ് ടിവി എന്ന യുട്യൂബ് ചാനലിനോട് ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രതികരണമാണ് ബിഗ്ബിയുടെ പുതിയ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത്. 

 

വസ്തുതാപരിശോധനാ രീതി

ഏപ്രില്‍ 24നാണ് ഈ വീഡിയോ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്. സിനിമാ മാധ്യമ പ്രവര്‍ത്തകനായ ഫരിദൂണ്‍ ഷാഹ്രിയാര്‍ ഏപ്രില്‍ 23ന് അമിതാഭ് ബച്ചന്‍റെ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിവിധ മാധ്യമങ്ങളും ഏപ്രില്‍ മാസത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. 

 

നിഗമനം

മുംബൈ നാനാവതി ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി രേഖപ്പെടുത്തുന്ന അമിതാഭ് ബച്ചന്‍ എന്ന പേരില്‍ ശനിയാഴ്ച മുതല്‍ നടക്കുന്ന പ്രചാരണത്തിനുപയോഗിക്കുന്ന വീഡിയോ പഴയതാണ്. 
 

click me!