ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം വീണ്ടും രാജ്യവ്യാപക ലോക്ക്ഡൌണ്‍ വരുന്നുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്?
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സെപ്തംബര്‍ 25 മുതല്‍ രാജ്യ വ്യാപകമായി വീണ്ടും ലോക്ഡൌണ്‍ വേണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടോ? വീണ്ടും രാജ്യവ്യാപക ലോക്ക്ഡൌണ്‍ വരുന്നുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിന്‍റെ വസ്തുതയെന്താണ്?
ദിനംതോറുമുള്ള കൊവിഡ് കേസുകള്‍, മരണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ദുരന്തനിവാരണ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കേന്ദ്രസര്‍ക്കാരിന് വീണ്ടും ലോക്ഡൌണ്‍ പ്രാബല്യത്തില്‍ വരുത്താന്‍ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷത കുറയ്ക്കാന്‍ സെപ്തംബര്‍ 25 മുതല്‍ വീണ്ടും ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഈ അവശ്യത്തിലേക്കായി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വിവിധ മന്ത്രാലയങ്ങള്‍ക്കുണ്ടെന്നും കേന്ദ്രസര്‍ക്കാരിന്‍റെ ലോഗോയോട് അടക്കമുള്ള സര്‍ക്കുലറില്‍ പറയുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത്തരത്തിലൊരു ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പിഐബി വിശദമാക്കുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വീണ്ടും ലോക്ക്ഡൌണ്‍ പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപക പ്രചാരണം നേടിയ സര്‍ക്കുലര്‍ വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. ഈ സര്‍ക്കുലറിനെ അടിസ്ഥാനമാക്കി സെപ്തംബര്‍ 25 മുതല്‍ വീണ്ടും രാജ്യവ്യാപക ലോക്ഡൌണ്‍ വരുന്നുവെന്ന പ്രചാരണവും വ്യാജമാണ്.