'രാജസ്ഥാനിൽ ബിജെപി നേതാക്കള്‍ തമ്മില്‍ വാക്‌പോര്, ചെരിപ്പിനടി'; വീഡിയോയും വസ്‌തുതയും- Fact Check

By Web Team  |  First Published Oct 18, 2023, 9:52 AM IST

തമ്മിലടിച്ച് ബിജെപി നേതാക്കള്‍, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ രാജസ്ഥാനില്‍ ചെരുപ്പൂരിയടി, വൈറല്‍ വീഡിയോ സത്യമോ? 


വരും വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അ‍ഞ്ച് നിയമസഭാ ഇലക്ഷനുകള്‍ വരാനിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്ന് രാജസ്ഥാനാണ്. രാജസ്ഥാനില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ ഏറെപ്പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ സീറ്റ് ചര്‍ച്ചകള്‍ക്കിടെ ബിജെപി നേതാക്കള്‍ തമ്മിലടിച്ചു എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു നേതാവിനെ മറ്റൊരാള്‍ ചെരുപ്പ് കൊണ്ട് പലതവണ അടിക്കുന്നതും വീഡിയോയിലുണ്ട്. സത്യം തന്നെയോ ഈ സംഭവം?

Latest Videos

undefined

പ്രചാരണം

'രാജസ്ഥാന്‍ ബിജെപിയുടെ ആരോഗ്യകരമായ സീറ്റ് ചര്‍ച്ച' എന്ന തലക്കെട്ടോടെയാണ് ഇസ്‌മയില്‍ അറയ്‌ക്കല്‍ എന്നയാള്‍ ഫേസ്‌ബുക്കില്‍ വീഡിയോ 2023 ഒക്ടോബര്‍ പത്താം തിയതി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു മിനുറ്റും 17 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് നിരവധി നേതാക്കള്‍ ചര്‍ച്ച നടത്തുന്നതും ഇതിനിടെ വാക്കുതര്‍ക്കമുണ്ടാകുന്നതും ഒരാള്‍ ചെരുപ്പൂരി മറ്റൊരാളെ അടിക്കുന്നതും പൊലീസ് ഇടപെട്ട് നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയുടെ തലക്കെട്ടില്‍ പറയുന്നത് പോലെ ബിജെപിയുടെ രാജസ്ഥാനിലെ സീറ്റ് ചര്‍ച്ചയ്‌ക്കിടെയുണ്ടായ തല്ല് തന്നെയോ ഇത്?

വസ്‌തുത

എന്നാല്‍ രാജസ്ഥാന്‍ ബിജെപിയിലുണ്ടായ സീറ്റടി അല്ല, 2019ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു യോഗത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്നതാണ് വസ്‌തുത. വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഈ സംഭവത്തിന്‍റെ വാര്‍ത്ത അന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ചിരുന്നത് പരിശോധനയില്‍ കണ്ടെത്താനായി. സന്ത് കബീർ സിങ് നഗറിൽ നടന്ന നഗരാസൂത്രണസമിതി യോഗത്തിനിടെ ബിജെപി എംപി ശരദ് ത്രിപാഠിയും ബിജെപി എംഎല്‍എ രാകേഷ് സിംഗും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത് എന്നാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു പദ്ധതിയുടെ ശിലാസ്ഥാപനത്തിൽ പേരുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കവും തല്ലുമുണ്ടായത്. 2019 മാര്‍ച്ച് ആറാം തിയതിയാണ് വീഡിയോ സഹിതം എഎന്‍ഐ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. 

എഎന്‍ഐയുടെ വാര്‍ത്ത

Sant Kabir Nagar: BJP MP Sharad Tripathi and BJP MLA Rakesh Singh exchange blows after an argument broke out over placement of names on a foundation stone of a project pic.twitter.com/gP5RM8DgId

— ANI UP/Uttarakhand (@ANINewsUP)

നിഗമനം

രാജസ്ഥാനില്‍ സീറ്റ് ചര്‍ച്ചകള്‍ക്കിടെ ബിജെപി നേതാക്കള്‍ തമ്മിലടിച്ചു എന്ന പ്രചാരണത്തോടെയുള്ള വീഡിയോ തെറ്റാണ്. 2019ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് രാജസ്ഥാനിലേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. 

Read more: ഹമാസ് തട്ടിക്കൊണ്ടുപോയ 17 ഇന്ത്യക്കാരുടെ പട്ടികയോ? 10 പേര്‍ കൊല്ലപ്പെട്ടു എന്നും ട്വീറ്റുകള്‍- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!