'ആരാധകരെ ശാന്തരാകുവിന്‍, പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം'; പ്രചാരണം പൊളിഞ്ഞു

By Web Team  |  First Published Sep 17, 2023, 11:42 AM IST

ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ ചിത്രം സഹിതമാണ് പ്രചാരണം


ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൊളംബോ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കി എന്നൊരു പ്രചാരണം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇതൊരു വ്യാജ പ്രചാരണമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ സംശയം ജനിപ്പിക്കുന്ന മറ്റൊരു പ്രചാരണം രോഹിത്തിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രോഹിത് ശര്‍മ്മയുടെ ചിത്രം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട് എന്നതാണ് ഈ പ്രചാരണം. എന്താണ് ഇതിന്‍റെ യാഥാര്‍ഥ്യം. 

പ്രചാരണം

Latest Videos

undefined

ടെസ്റ്റ് ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ ചിത്രം സഹിതമാണ് പ്രചാരണം. 'ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഭിത്തിയിലുള്ള രോഹിത് ശര്‍മ്മയുടെ ചിത്രമാണിത്. ജി20 ഉച്ചകോടിയില്‍ രാജ്യത്തെ കായികരംഗത്തിന്‍റെ പ്രതീകമായും രോഹിത്തിന്‍റെ ചിത്രമുണ്ടായിരുന്നു. ജി20 സമ്മേളനത്തില്‍ ടീം ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്പോര്‍ട്‌സിനെ പ്രതിനിധീകരിക്കുന്നത് ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമാണ്' എന്നുമായിരുന്നു ഒരു ട്വീറ്റില്‍ എഴുതിയിരുന്നത്. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

രോഹിത് ശര്‍മ്മയുടെ ചിത്രം പാര്‍ലമെന്‍റിലും ജി20 ഉച്ചകോടി വേദിയിലും സ്ഥാപിച്ചിരുന്നു എന്ന പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്തെന്ന് നോക്കാം. രോഹിത്തിന്‍റെ ചിത്രം പാര്‍ലമെന്‍റ് മന്ദിരത്തിലുള്ളതായി കീവേഴ്‌ഡ് സെര്‍ച്ചില്‍ ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. അതേസമയം, ട്വീറ്റിനൊപ്പമുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ള താരങ്ങളുടെ ചിത്രത്തില്‍ രോഹിത് ശര്‍മ്മയുടെ ഫോട്ടോ എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് പ്രചാരണം എന്നാണ് മനസിലാക്കേണ്ടത്. ഈ നിഗമനത്തിലേക്ക് നയിച്ച തെളിവ് രണ്ട് ട്വീറ്റുകളാണ്. ഇപ്പോള്‍ പ്രചരിക്കുന്ന സമാന ചിത്രം 2023 മാര്‍ച്ച് 22ന് ട്വിറ്റര്‍ യൂസറായ റൊഫീല്‍ഡ് ആയുഷ് പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രോഹിത് ശര്‍മ്മയുടെ ചിത്രവും കാണാം. എന്നാല്‍ ഒരു പ്രശ്‌നം ഈ ചിത്രത്തിനുണ്ട്. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

എം എസ് ധോണി, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ ചിത്രം ചെപ്പോക്കിലെ മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുള്ളതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇങ്ങനെ. ഇപ്പോള്‍ വൈറലായിരിക്കുന്ന ചിത്രത്തിന്‍റെ അതേ ബാക്ക്‌ഗ്രൗണ്ടില്‍ ധോണിയുടെയും ഗവാസ്‌കറുടെയും കപിലിന്‍റേയും ചിത്രങ്ങള്‍ ചെപ്പോക്കിലെ ക്രിക്കറ്റ് മ്യൂസിയത്തില്‍ പതിപ്പിച്ചിട്ടുള്ളത് ക്രിക്കറ്റ് പോസ്റ്റുകള്‍ക്ക് പ്രസിദ്ധനായ മുഫാദ്ദല്‍ വോറയുടെ ഒരു ട്വീറ്റില്‍ കാണാം. എന്നാല്‍ റൊഫീല്‍ഡ് ആയുഷിന്‍റെ ട്വീറ്റില്‍ രോഹിത്തിന്‍റെ പടമുള്ള സ്ഥാനത്ത് വോറയുടെ ട്വീറ്റില്‍ കാണുന്നത് സുനില്‍ ഗവാസ്‌കറുടെ പടമാണ്. അതിനാല്‍ രോഹിത്തിന്‍റെ ചിത്രം ചെപ്പോക്കിലെ മ്യൂസിയത്തില്‍ തന്നെയുണ്ടോ എന്ന കാര്യം സംശയമാകുന്നു.

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഈ വര്‍ഷം മാര്‍ച്ച് 22ന് തന്നെയാണ് ഇരു ട്വീറ്റുകളുമുള്ളത് എന്ന് തിയതികളില്‍ കാണാം. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടുതന്നെ പാര്‍ലമെന്‍റില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതായുള്ള പ്രചാരണം വ്യാജമാണ് എന്ന് അനുമാനിക്കാം. ഇരു ട്വീറ്റുകളും പ്രത്യക്ഷപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 28ന് മാത്രമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തത് എന്നതിനാല്‍ വൈറല്‍ ചിത്രം ചെപ്പോക്കില്‍ നിന്നുള്ള ഫോട്ടോയില്‍ രോഹിത് ശര്‍മ്മയെ എഡിറ്റ് ചെയ്‌ത് ചേര്‍ത്ത് പാര്‍ലമെന്‍റിലേതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തം. 

NB: ഇരു ചിത്രങ്ങളിലും താരങ്ങളുടെ സ്ഥാനം ശ്രദ്ധിക്കുക

Read more: എല്ലാവരെയും കൊവിഡ് വാക്‌സീന്‍ എടുപ്പിച്ചിട്ട് ലോകാരോഗ്യ സംഘടനാ തലവന്‍ മാറിനില്‍ക്കുന്നോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!