പാകിസ്ഥാനെ അട്ടിമറിച്ച അഫ്‌ഗാനിസ്ഥാന്‍റെ താരം റാഷിദ് ഖാന്‍ ജയം ആഘോഷിച്ചത് ഇന്ത്യന്‍ പതാകയുമായി? Fact Check

By Web Team  |  First Published Nov 2, 2023, 1:06 PM IST

പാകിസ്ഥാനെതിരായ ജയത്തിന് ശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക കയ്യിലേന്തിയാണ് ആഘോഷിച്ചത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം


ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരും ഏഷ്യയിലെ കരുത്തുറ്റ ടീമുകളിലൊന്നുമായ പാകിസ്ഥാനെ അഫ്‌ഗാനിസ്ഥാന്‍ തകര്‍ത്തവിട്ടത് വലിയ വാര്‍ത്തയായിരുന്നു. പാക് ടീമിനെതിരെ എട്ട് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് അഫ്‌ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ഇന്ത്യ വേദിയാവുന്ന ലോകകപ്പിലെ ത്രില്ലര്‍ ജയത്തിന് പിന്നാലെ ഇന്ത്യന്‍ പതാക വീശി ആഹ്‌ളാദപ്രകടനം നടത്തിയോ അഫ്‌ഗാനിസ്ഥാന്‍റെ സ്റ്റാര്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍?

പ്രചാരണം

Latest Videos

undefined

പാകിസ്ഥാനെ തോല്‍പിച്ചതിന് ശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക കൈയില്‍ പിടിച്ചാണ് വിജയം ആഘോഷിച്ചത് എന്നാണ് സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പലരും ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. കയ്യില്‍ ഇന്ത്യന്‍ പതാകയിരിക്കുന്ന റാഷിദ് ഖാന്‍റെ ചിത്രം പോസ്റ്റുകളില്‍ വ്യക്തമായി കാണാം. ഇത് കൂടാതെ അഫ്‌ഗാന്‍ പതാക റാഷിദ് കഴുത്തില്‍ അണിഞ്ഞിട്ടുമുണ്ട്. സമീപത്തായി പാക് താരം ഷദാബ് ഖാന്‍ നില്‍ക്കുന്നതും ഒരു ക്യാമറാമാന്‍ റാഷിദിന്‍റെ ചിത്രമോ വീഡിയോയോ പകര്‍ത്തുന്നതും പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. 

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

ഈ ചിത്രം സഹിതം ഒരു വീഡിയോ യൂട്യൂബിലും കാണാം. ഇത്തരത്തില്‍ നിരവധി പോസ്റ്റുകളാണ് റാഷിദ് ഖാന്‍റെ കയ്യില്‍ ഇന്ത്യന്‍ പതാകയുള്ളതായി സാമൂഹ്യമാധ്യമങ്ങളിലുള്ളത്. 

യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോ

വസ്‌തുത

പാകിസ്ഥാനെതിരായ ജയത്തിന് ശേഷം അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക കയ്യിലേന്തിയാണ് ആഘോഷിച്ചത് എന്ന പ്രചാരണം തെറ്റാണ്. മോര്‍ഫ് ചെയ്‌ത് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്. പാക്-അഫ്‌ഗാന്‍ മത്സരത്തിന് പിന്നാലെ പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോ നല്‍കിയ റിപ്പോര്‍ട്ടില്‍ റാഷിദിന്‍റെ സമാന ചിത്രം നല്‍കിയിരിക്കുന്നത് കാണാം.

ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഈ ചിത്രത്തിലും സമീപത്ത് പാക് താരം ഷദാബ് ഖാനും ഒരു ഫോട്ടോഗ്രാഫറുമുണ്ട്. എന്നാല്‍ റാഷിദിന്‍റെ കയ്യില്‍ ഇന്ത്യന്‍ പതാകയില്ല. ഇതിനാല്‍ തന്നെ റാഷിദ് ഖാന്‍റെ കയ്യില്‍ ഇന്ത്യന്‍ പതാക കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്‌ത് ചേര്‍ത്താണ് പ്രചാരണം എന്ന് വ്യക്തമാണ്. 

Read more: Fact Check: രണ്ട് ഇസ്രയേല്‍ സൈനികരെ ജീവനോടെ ചുട്ടുകൊന്ന് ഹമാസ്! വീഡിയോ വിശ്വസിക്കല്ലേ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!