'രാഹുല്‍ ഗാന്ധി കേരളത്തില്‍ നോണ്‍വെജ്, പുറത്ത് ബ്രാഹ്‌മണ്‍'; ചിക്കന്‍ കഴിക്കുന്ന ചിത്രവും സത്യവും

By Web Team  |  First Published Dec 2, 2023, 11:22 AM IST

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് നോണ്‍വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്നതെന്നും കേരളത്തിന് പുറത്ത് അദേഹം മത്സ്യമാംസാദികള്‍ കഴിക്കാത്ത ബ്രാഹ്‌മണനാണ് എന്നുമാണ് പോസ്റ്റില്‍ പറയുന്നത്


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന് എപ്പോഴും വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കാറുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് എന്നതാണ് ഇതിനൊരു കാരണം. വയനാട്ടിലേക്കുള്ള ഓരോ വരവിലും വഴിയരികുകളിലെ സാധാരണ ചായക്കടകളിലും ബേക്കറികളിലുമെല്ലാം കയറി രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കാറുണ്ട്. കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്നതിന്‍റെ ചിത്രം എന്ന പേരിലൊരു വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ട്. 

പ്രചാരണം

Latest Videos

undefined

തീന്‍മേശയിലിരുന്ന് ചിക്കനും കബാബുമെല്ലാം രാഹുല്‍ ഗാന്ധി കഴിക്കുന്ന ചിത്രമാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. 'സഖാക്കളെ മുന്നോട്ട്' എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ബിജു നെടുംമണ്‍കാവ് എന്നയാള്‍ ചിത്രം പോസ്റ്റ് ചെയ്‌തത് ഇങ്ങനെ. 

'പോത്തും കോഴിയൊക്കെ തിന്നണമെങ്കിൽ ജിക്ക്‌ നമ്മുടെ കേരളത്തിൽ തന്നെ വന്നേക്കണം... കേരളം കടന്നാ ജി ബ്രാഹ്മണനാണു പോലും'.  

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് നോണ്‍വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്നതെന്നും കേരളത്തിന് പുറത്ത് അദേഹം മത്സ്യമാംസാദികള്‍ കഴിക്കാത്ത ബ്രാഹ്‌മണനാണ് എന്നുമാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണ് എന്നാണ് ഫാക്ട് ചെക്കില്‍ തെളിഞ്ഞത്. 

വസ്‌തുതാ പരിശോധന

ചിത്രത്തിന്‍റെ വസ്‌തുത അറിയാന്‍ ഫോട്ടോയുടെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തുകയാണ് ആദ്യം ചെയ്‌തത്. ഈ പരിശോധനയില്‍ തന്നെ യാഥാര്‍ഥ്യം പിടികിട്ടി. 'രാഹുല്‍ ഗാന്ധിയുടെ ദില്ലിയിലെ ഫുഡ് വാക്' എന്ന തലക്കെട്ടില്‍ ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് 2023 ഏപ്രില്‍ 27ന് പ്രസിദ്ധീകരിച്ച വാര്‍ത്ത റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. രാഹുല്‍ ഗാന്ധി ചിക്കന്‍ ഉള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്ന സമാന ചിത്രം ഈ വാര്‍ത്തയില്‍ കാണാം. ഇത് മാത്രമല്ല, ഇതേ ഫുഡ് ടൂറിന്‍റെ മറ്റനേകം ചിത്രങ്ങളും ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലുണ്ട്. മറ്റൊരു ദേശീയ മാധ്യമം ഇന്ത്യന്‍ എക്‌സ്‌പ്രസും രാഹുല്‍ ഗാന്ധിയുടെ ഫുഡ് വാക്കിന്‍റെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ ഇതേ ചിത്രം നല്‍കിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധി കേരളത്തിന് പുറത്തുവച്ചും നോണ്‍വെജ് ഭക്ഷണങ്ങള്‍ കഴിക്കാറുണ്ട് എന്ന് ഈ തെളിവുകളാല്‍ വ്യക്തമാണ്. പ്രചരിക്കുന്ന ചിത്രം കേരളത്തില്‍ നിന്നുള്ളതല്ല, ദില്ലില്‍ വച്ച് പകര്‍ത്തിയതാണ്. 

നിഗമനം

രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ മാത്രമാണ് നോണ്‍വെജ് ഭക്ഷണങ്ങള്‍ കഴിക്കുന്നതെന്ന പ്രചാരണം തെറ്റാണ്. കേരളത്തിന് പുറത്തുള്ളപ്പോഴും രാഹുല്‍ നോണ്‍വെജ് കഴിക്കാറുണ്ട് എന്ന് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായി. കേരളത്തിലേത് എന്ന കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം ദില്ലിയില്‍ നിന്നുള്ളതാണ്. 

Read more: മരംകോച്ചുന്ന തണുപ്പില്‍ വൃദ്ധന്‍; ഉത്തരാഖണ്ഡിലെ സിൽക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളിയോ ഇത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!