'മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്', വമ്പന്‍ ഓഫറുമായി രാഹുല്‍ ഗാന്ധി; സത്യമോ? Fact Check

By Jomit Jose  |  First Published Nov 12, 2023, 12:16 PM IST

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് എല്ലാ ഇന്ത്യക്കാര്‍ക്കും നല്‍കുന്നതായാണ് വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്


2024 പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ ഒരു സന്ദേശം പ്രചരിക്കുകയാണ്. ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ഓഫറാണിത് എന്നുപറഞ്ഞാണ് സന്ദേശം വ്യാപകമായിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മെസേജിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

'2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി കൂടുതല്‍ പേര്‍ വോട്ട് ചെയ്യാനും സര്‍ക്കാര്‍ രൂപീകരിക്കുവാനുമായി രാഹുല്‍ ഗാന്ധി മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് എല്ലാ ഇന്ത്യന്‍ ഉപയോക്‌താക്കള്‍ക്കും നല്‍കുന്നു. മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ലഭിക്കാനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 2023 നവംബര്‍ 16-ാം തിയതിയാണ് ഈ ഓഫര്‍ ലഭിക്കാനുള്ള അവസാന തിയതി' എന്നുമാണ് വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നത്. https://www.inc.in@congress2024.limitedoffer.xyz എന്ന വെബ്‌സൈറ്റ് ലിങ്കാണ് സൗജന്യ മൊബൈല്‍ റീച്ചാര്‍ജിനായി വാട്‌സ്‌ആപ്പ് സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്നത്. 

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുതാ പരിശോധന

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി വോട്ട് പിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇത്തരമൊരു ഫ്രീ മൊബൈല്‍ റീച്ചാര്‍ജ് ഓഫര്‍ നല്‍കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മൂന്ന് തെളിവുകള്‍ വഴിയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. 

1. ഇത്തരമൊരു മൊബൈല്‍ റീച്ചാര്‍‍‍ജ് ഓഫറും ഉള്ളതായി രാഹുല്‍ ഗാന്ധിയുടെ വെരിഫൈഡ് അക്കൗണ്ടിലോ ഔദ്യോഗിക വെബ്‌സൈറ്റിലോ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമിന് കണ്ടെത്താനായില്ല. ഇതേസമയം സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന https://www.inc.in@congress2024.limitedoffer.xyz എന്ന വെബ്‌സൈറ്റ് ലിങ്കിന്‍റെ ആധികാരികതയും പരിശോധനയ്‌ക്ക് വിധേയമാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിന്‍റെ വിലാസം https://www.inc.in എന്നാണെന്നതിനാല്‍ സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന ലിങ്ക് യഥാര്‍ഥം അല്ലായെന്നും മനസിലാക്കാം.  

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്

2. https://www.inc.in@congress2024.limitedoffer.xyz എന്ന ലിങ്ക് വഴി മൊബൈല്‍ ഫോണുകള്‍ സൗജന്യമായി റീച്ചാര്‍ജ് ചെയ്യാനാകുമോ എന്നും പരിശോധിച്ചു. ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് കൂടുതലായി പരിശോധിച്ചപ്പോള്‍ 'കോണ്‍ഗ്രസ് ഫ്രീ റിച്ചാര്‍ജ് യോജന' (Congress Free Recharge Yojana) എന്നാണ് പദ്ധതിയുടെ പേര് എന്ന് മനസിലായി. 'Congress Free Recharge Yojana' എന്ന കീവേഡ് ഉപയോഗിച്ച് സെര്‍ച്ച് എഞ്ചിനുകളില്‍ പരിശോധിച്ചപ്പോള്‍ ഇങ്ങനെയൊരു സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ഓഫര്‍ ഉള്ളതായി ആധികാരികമായ വാര്‍ത്തകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. 

വൈറല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഭാഗം- സ്ക്രീന്‍ഷോട്ട്

3. അതേസമയം ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍, ബിഎസ്‌എന്‍എല്‍ സര്‍വീസുകളില്‍ സൗജന്യ റീച്ചാര്‍ജ് ലഭ്യമാണ് എന്നും പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തപ്പോള്‍ ലഭിച്ച വെബ്‌സൈറ്റിലെ വിവരങ്ങളിലുണ്ട്. ഇതുവഴി റീച്ചാര്‍ജ് ചെയ്യാനായി ശ്രമിച്ചപ്പോള്‍ വാട്‌സ്‌ആപ്പില്‍ 10 പേര്‍ക്കോ ഗ്രൂപ്പുകളിലേക്കോ ഈ സന്ദേശം ഷെയര്‍ ചെയ്‌താല്‍ മാത്രമേ റീച്ചാര്‍ജ് ആക്‌റ്റീവാവുകയുള്ളൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതായും കണ്ടു. സാങ്കേതികമായി ഇത്തരത്തില്‍ മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ ആക്റ്റീവാവാന്‍ സാധ്യതയില്ലാത്തതിനാല്‍ വൈറല്‍ സന്ദേശം വ്യാജമാണ് എന്ന് ഇതോടെ ഉറപ്പായി.

വാട്‌സ്‌ആപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ പറയുന്ന ഭാഗം- സ്ക്രീന്‍ഷോട്ട്

നിഗമനം

രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് നല്‍കുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. സമാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദേഹത്തിന്‍റെ പാര്‍ട്ടിയായ ബിജെപിയും മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ് ഓഫര്‍ നല്‍കുന്നതായി നേരത്തെ വ്യാജ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു. 

Read more: 'പ്രധാനമന്ത്രിയുടെ വക മൂന്ന് മാസത്തെ സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്'! സന്ദേശം വൈറല്‍, അപേക്ഷിക്കേണ്ടതുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!