'ബിജെപി വനിതാ നേതാവിനൊപ്പം ചാണ്ടി ഉമ്മന്‍റെ ക്ഷേത്ര സന്ദര്‍ശനം'; പ്രചാരണങ്ങളുടെ വസ്‌തുത എന്ത്? Fact Check

By Web Team  |  First Published Sep 12, 2023, 7:54 AM IST

തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥിനൊപ്പം ചാണ്ടി ഉമ്മന്‍ ക്ഷേത്ര സന്ദർശനം നടത്തി എന്നതാണ് പ്രചാരണം


തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ ചാണ്ടി ഉമ്മനെ കുറിച്ച് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പ്രചാരണം വ്യാപകമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥിനൊപ്പം ചാണ്ടി ഉമ്മന്‍ ക്ഷേത്ര സന്ദർശനം നടത്തി എന്നതാണ് പ്രചാരണം. പുതുപ്പള്ളിയില്‍ ബിജെപിക്ക് കുറഞ്ഞ 5000 വോട്ട് എവിടെ പോയി എന്ന് ഇപ്പോള്‍ എല്ലാവർക്കും മനസിലായിക്കാണുമല്ലോ എന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് ചാണ്ടി ഉമ്മന്‍റെയും ആശാനാഥിന്‍റേയും ചിത്രം ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്താണ് ഇതിലെ വസ്തുത എന്ന് നോക്കാം. 

പ്രചാരണം

Latest Videos

undefined

ചാണ്ടി ഉമ്മൻ ബിജെപി നേതാവായ ആശാനാഥിനൊപ്പം ക്ഷേത്ര സന്ദർശനം നടത്തി എന്നാണ് ചിത്രം സഹിതം വ്യാപകമായി ഫേസ്ബുക്കിൽ പ്രചരിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കുറഞ്ഞ ബിജെപിയുടെ വോട്ട് എങ്ങനെയാണ് കോൺ​ഗ്രസിന് ലഭിച്ചത് എന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ എന്നും സൈബർ അണികൾ ചോദിക്കുന്നു. ഇത് സംബന്ധിച്ച് പോരാളി ഷാജി എന്ന എഫ്ബി അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ് ചുവടെ. 

'ചാണ്ടി ഉമ്മനുമൊത്ത് അമ്പല ദർശനം നടത്തുന്ന ഈ വനിതയെ നിങ്ങൾക്ക് അറിയാമോ? തിരുവനന്തപുരം കോർപ്പറേഷൻ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ആശാനാഥാണ്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ വന്ന രാമൻ സീത കഥയും BJP വോട്ടും ഒക്കെ മനസിലായി. എന്താ ഇതിൽ ബി.ജെ.പി/ കോൺഗ്രസ് നേതൃത്വത്തിന് പറയാനുള്ളത്?'- ഇതാണ് ഫേസ്ബുക്കിലൂടെ പോരാളി ഷാജിയുടെ ചോദ്യം. സമാനമായ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ കാണാം. 

പോരാളി ഷാജിയുടെ എഫ്‌ബി പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്

വസ്തുത

തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിനിടെ പകർത്തിയ ചിത്രമാണ് ഫേസ്ബുക്കില്‍ ചാണ്ടി ഉമ്മന്‍റെയും ബിജെപി നേതാവിന്‍റേതുമായി തെറ്റായ തലക്കെട്ടുകളോടെ പ്രചരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ മനസിലായി. ശിലാസ്ഥാപന ചടങ്ങില്‍ കോണ്‍ഗ്രസിന്‍റെ പുതുപ്പള്ളി നിയുക്ത എംഎല്‍എയായ ചാണ്ടി ഉമ്മന്‍ മാത്രമല്ല ബിജെപിയുടെയും സിപിഎമ്മിന്‍റേതും ഉള്‍പ്പടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലയിലെ നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ബിജെപി നേതാവായ ആശാനാഥ് മാത്രമല്ല, സിപിഎമ്മിന്‍റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു എന്ന് പരിപാടിയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ശിലാസ്ഥാപന സമ്മേളനത്തില്‍ കോവളം എംഎല്‍എ എം വിന്‍സന്‍റുമുണ്ടായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളില്‍പ്പെട്ട നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു എന്ന് പരിപാടിയുടെ വിവിധ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. ഇത് സംബന്ധിച്ച മാധ്യമവാർത്തകളും വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതായി തെളിയിക്കുന്നതാണ്. സിപിഎം വനിതാ നേതാവ് സൂര്യ എസ് പ്രേമിനേയും പത്ര വാ‍ർത്തയിലെ ചിത്രത്തില്‍ കാണാം.

വാ‍ർത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കാണാം

ചെങ്കല്‍ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മന്‍ തുലാഭാരം നടത്തിയതായും മാധ്യമവാർത്തകള്‍ കാണാം. വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക. ഈ വീഡിയോയിലും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യം കാണാനാവുന്നതാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ചാണ്ടി ഉമ്മനും ബിജെപിയുടെ വനിതാ കൗൺസിലറും ഒന്നിച്ച് ക്ഷേത്രം സന്ദർശനം നടത്തി എന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ്. ചാണ്ടി ഉമ്മനൊപ്പം സിപിഎം നേതാക്കളുള്‍പ്പടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിപിഎം നേതാക്കളുള്‍പ്പടെയുള്ളവരുള്ള ചിത്രങ്ങളില്‍ നിന്ന് ചാണ്ടി ഉമ്മനും ആശാനാഥുമുള്ള ചിത്രം മാത്രം എടുത്താണ് വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നത്.

ചുവന്ന വട്ടത്തില്‍ മാര്‍ക് ചെയ്‌തിരിക്കുന്നത് സിപിഎം നേതാവ് സൂര്യ എസ് പ്രേം

Read more: ബിസിസിഐ ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; സഞ്ജു സാംസണ്‍ അയര്‍ലന്‍ഡ് ടീമിലേക്ക്? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!