റോഡില്‍ നൂറുകണക്കിന് മീനുകള്‍ കിടക്കുകയാണ് ചിത്രത്തില്‍. ഒരു നഗരപ്രദേശമാണിത് എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം.
ലജാമനു: ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പെയ്‌തിറങ്ങിയ മീനുകളുടെ വീഡിയോകളും ഫോട്ടോകളും മുമ്പ് പലപ്പോഴായി നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്നൊരു ചിത്രമാണ് ഓസ്ട്രേലിയയില്‍ മീന്‍മഴ പെയ്‌തു എന്നുള്ളത്. ഓസ്ട്രേലിയയിലെ കുഞ്ഞു പട്ടണമായ ലജാമനുവിലാണ് മീനുകള്‍ പെയ്‌തിറങ്ങിയത് എന്നാണ് പ്രചാരണം.
പ്രചാരണം
റോഡില്‍ നൂറുകണക്കിന് മീനുകള്‍ കിടക്കുകയാണ് ചിത്രത്തില്‍. ഒരു നഗരപ്രദേശമാണിത് എന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. 'ആകാശത്ത് നിന്ന് മീനുകള്‍ വീണതോടെ ഇവിടുള്ള താമസക്കാര്‍ അമ്പരന്നിരിക്കുകയാണ്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ചെറു പട്ടണമായ ലജാമനുവിലാണ് ഈ സംഭവമുണ്ടായത്. കനത്ത മഴയിലും കാറ്റിലുമാണ് ഈ പ്രതിഭാസമുണ്ടായത്' എന്നുമാണ് ചിത്രം പങ്കുവെച്ച് വേള്‍ഡ് ടൈംസ് എന്ന അക്കൗണ്ടില്‍ നിന്നുള്ള ഫേസ്‌ബുക്ക് പോസ്റ്റ്. വേള്‍ഡ് ടൈംസ് മാത്രമല്ല മറ്റ് നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകളില്‍ നിന്നും സമാന അവകാശവാദത്തോടെ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നതായി കാണാം.
undefined
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ഫേസ്‌ബുക്ക് പോസ്റ്റുകള്‍ മാത്രമല്ല, ചില മാധ്യമങ്ങളും ലജാമനുവിലെ മീന്‍മഴ വാര്‍ത്തയാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം ലജാമനുവില്‍ മീനുകള്‍ പെയ്‌തിറങ്ങിയതിന്‍റെ അല്ല എന്ന് അനായാസം മനസിലാക്കാം. ചിത്രത്തില്‍ കാണുന്നത് പോലെ വിശാലമായ ഹൈവോ റോഡ് സൗകര്യമുള്ള നഗരപ്രദേശമല്ല ലജാമനു എന്ന് സ്ഥലത്തിന്‍റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ നോക്കിയാല്‍ വ്യക്തമാകും. മരുഭൂമിയോട് സാമ്യമുള്ള വരണ്ട പ്രദേശമാണിത്.
അപ്പോള്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം എവിടെ നിന്നുള്ളതാണ് എന്ന സംശയം എല്ലാവര്‍ക്കും വരാം. അത് ചൈനയില്‍ നിന്നുള്ളതാണ് എന്നും വിശദമായ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ചൈനയില്‍ 2015ല്‍ അബദ്ധത്തില്‍ ഒരു ട്രക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ മീനുകളുടെ ചിത്രമാണിത്. ഈ സംഭവം അന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കണ്ടെയ്‌നറിന്‍റെ പൂട്ട് കൃത്യമായി ഇടാതിരുന്നതോടെയാണ് ഈ സംഭവമുണ്ടായത്.
മീനുകള്‍ ആകാശത്ത് നിന്ന് വീണിട്ടുള്ളതായി ലജാമനു നിവാസികള്‍ മുമ്പും അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം അതിന്‍റെയല്ല, ചൈനയില്‍ 2015ല്‍ നടന്ന ഒരു അപകടത്തിന്‍റേതാണ്.
Read more: ആളുകള്‍ക്കരികിലേക്ക് പറന്നുവന്ന് അന്യഗ്രഹ പേടകം? വീഡിയോ ചര്‍ച്ചയാവുന്നു- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം