ഈ ചിത്രത്തിന്‍റെ വസ്‌തുത നിലവിലെ സംഘര്‍ഷങ്ങളില്‍ ആര്‍ക്കും ആശ്വാസമേകുന്നതല്ല
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ കുരുതിക്കളമാക്കിയിരിക്കുകയാണ്. ഇരു കൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഗാസയില്‍ അനവധി കുട്ടികള്‍ മരിച്ചതായാണ് . കൊല്ലപ്പെട്ടവരും ഗുരുതരമായി പരിക്കേറ്റവരുമായ നൂറുകണക്കിന് പലസ്‌തീനിയന്‍ കുട്ടികളുടെ ചിത്രമാണ് ഇതിനകം പുറത്തുവന്നത്. ആ കണ്ണീര്‍ ചിത്രങ്ങള്‍ക്കിടയില്‍ നേരിയ ആശ്വാസം പകരുന്ന ചില ചിത്രങ്ങളും വാര്‍ത്തകളുമുണ്ടായിരുന്നു. ഇതിലൊന്ന് ഗാസയിലെ കുട്ടികള്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ഒരു ബാലന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നതായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ വസ്‌തുത നിലവിലെ സംഘര്‍ഷങ്ങളില്‍ ആര്‍ക്കും ആശ്വാസമേകുന്നതല്ല. ചിത്രത്തിന്‍റെ യാഥാര്‍ഥ്യം നോക്കാം.
പ്രചാരണം
Birthday party in gaza🤍 pic.twitter.com/TCjbGFhz0H
— Nadine (@yourfvartist)
undefined
'ഗാസയിലെ പിറന്നാളാഘോഷം' എന്ന കുറിപ്പോടെയാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) നദൈന്‍ എന്നയാളുടെ ട്വീറ്റ്. 2023 ഒക്ടോബര്‍ 21ന് ചെയ്‌ത ട്വീറ്റ് ഇതിനകം 75000ത്തിലേറെ പേര്‍ കണ്ടു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മധ്യേ നിലത്ത് അട്ടിവച്ച കല്ലിന്‍ കഷണങ്ങള്‍ക്ക് മേല്‍ കേക്ക് വച്ച് ഒരു ബാലന്‍ മുറിക്കുന്നതാണ് ചിത്രത്തില്‍. പിറന്നാള്‍ തൊപ്പികള്‍ ധരിച്ച് ഏറെ കുട്ടികളെ ചിത്രത്തില്‍ കാണാം എന്നതിനാല്‍ ഇത് ജന്‍മദിനാഘോഷം തന്നെയെന്ന് ഉറപ്പിക്കാം. കുട്ടികള്‍ക്കൊപ്പം ഒരു മുതിര്‍ന്നയാളും ചിത്രത്തിലുണ്ട്.
ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്
സമാന ചിത്രം 'ഗാസയിലെ പിറന്നാള്‍ പാര്‍ട്ടി' എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു അക്കൗണ്ടില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത് കാണാം. 2023 ഒക്ടോബര്‍ 22നാണ് ഈ ഇന്‍സ്റ്റ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഇന്‍സ്റ്റ പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളില്‍ ഗാസയിലെ ജനജീവിതം ദുസഹമായ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം മുനമ്പില്‍ നിന്ന് വരാന്‍ സാധ്യതയുണ്ടോ എന്ന സംശയമാണ് ഫോട്ടോയുടെ വസ്‌തുത പരിശോധിക്കുന്നതിലേക്ക് നയിച്ചത്. ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ഈ ചിത്രം പഴയതും 2021ലെതാണ് എന്നുമാണ്. 'യുദ്ധത്തിനിടെ പിറന്നാളാഘോഷിക്കുന്ന ഗാസയിലെ ബാലന് ആശംസാപ്രവാഹം'എന്ന തലക്കെട്ടില്‍ ദി ക്വിന്‍റ് 2021 മെയ് മാസം 26ന് വാര്‍ത്ത നല്‍കിയത് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ കണ്ടെത്താനായി. ഇപ്പോള്‍ പ്രചരിക്കുന്ന അതേ ചിത്രം സഹിതമാണ് ദി ക്വിന്‍റ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ദി ക്വിന്‍റ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
മാത്രമല്ല 2021ല്‍ ഇതേദിനം ഈ ചിത്രം പലരും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നതും പരിശോധനയില്‍ കണ്ടെത്തി. ഇതും ചിത്രം പഴയതാണ് എന്നും നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷ സമയത്തെയല്ല എന്നും ഉറപ്പാക്കുന്നു.
2021ലെ ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍
നിഗമനം
ഗാസയിലെ പിറന്നാളാഘോഷം എന്ന കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. ഈ ഫോട്ടോ 2021 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം പരിശോധനയില്‍ കണ്ടെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം