'അഭിനയ മോഹി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് 2024 ജനുവരി 15ന് മലയാളത്തിലുള്ള കുറിപ്പോടെ നരേന്ദ്ര മോദിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കാനിരിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഒരു പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ ക്ഷേത്രം പരിസരം വൃത്തിയാക്കുന്നതായി ഒരു ചിത്രമാണ് ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ വസ്തുത മറ്റൊന്നാണ്.
പ്രചാരണം
undefined
'അഭിനയ മോഹി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് 2024 ജനുവരി 15ന് നരേന്ദ്ര മോദിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാന സേവകൻ എന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇതൊരു അമ്പലമാണ് എന്ന് ഏതാണ്ട് ചിത്രത്തില്‍ നിന്ന് വ്യക്തമാണെങ്കിലും അയോധ്യയിലെ രാമക്ഷേത്രമാണോ മോദി വൃത്തിയാക്കുന്നത് എന്ന് പരിശോധിക്കാം.
ചിത്രം- അഭിനയ മോഹിയുടെ ഫേസ‌്ബുക്ക് പോസ്റ്റ്
വസ്‌തുതാ പരിശോധന
ഫോട്ടോ പ്രചാരണത്തിന്‍റെ വസ്‌തുതയറിയാന്‍ പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ചെയ്തത്. ഡിഡി നാഷണല്‍ (ദൂരദര്‍ശന്‍) 2024 ജനുവരി 13ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രം പരിശോധനയില്‍ കണ്ടെത്താനായി. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കലാറാം ക്ഷേത്രം മോദി വൃത്തിയാക്കുന്നു എന്ന തലക്കെട്ടോടെയാണ് ഡിഡി ചിത്രം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ മലയാളത്തിലുള്ള കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തന്നെയല്ല ഇതെങ്കിലും ഒരേ സംഭവത്തിന്‍റെ രണ്ട് ആംഗിളുകളിലുള്ളതാണ് എന്ന് അനായാസം മനസിലാക്കാം.
ചിത്രം- ദൂരദര്‍ശന്‍റെ ഇന്‍സ്റ്റ പോസ്റ്റ്
നരേന്ദ്ര മോദി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മോപ്പും ബക്കറ്റും അദേഹത്തിന്‍റെ വസ്ത്രധാരണവും, ഇരു ഫോട്ടോകളും ഒരേ സംഭവത്തിന്‍റെതാണ് എന്ന് ചുവടെയുള്ള താരതമ്യത്തില്‍ നിന്ന് മനസിലാക്കാം.
ഇതേ രീതിയിലുള്ള മറ്റൊരു ചിത്രം ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ 2024 ജനുവരി 12ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലും കാണാം. ഇതിലും നാസിക്കിലെ കല്‍റാം ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വൃത്തിയാക്കി എന്നാണ് വിശദീകരിക്കുന്നത്.
ചിത്രം- ഇന്ത്യാ ടുഡെ വാര്‍ത്തയിലെ ഭാഗം
നിഗമനം
അയോധ്യ രാമക്ഷേത്രം വൃത്തിയാക്കുന്ന പ്രധാന സേവകൻ എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം അയോധ്യയില്‍ നിന്നുള്ളതല്ല, നാസിക്കിലെ കലാറാം അമ്പലത്തില്‍ നിന്നുള്ളതാണ്.