ഇതേ വീഡിയോ മറ്റ് നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നും ഒക്ടോബര്‍ 14-ാം തിയതി ട്വീറ്റ് ചെയ്‌തിരുന്നു
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിന്‍റെ ആരാധകന്‍ ടിവി തകര്‍ക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. പച്ച ജേഴ്‌സി അണിഞ്ഞ ആരാധകന്‍ ടിവി ഇടിച്ച് തകര്‍ക്കുന്നതും കത്തികൊണ്ട് സ്ക്രീന്‍ കുത്തിപ്പൊളിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ സത്യമോ എന്ന് പരിശോധിക്കാം
Pakistani Fan Breaking his TV in frustration | | pic.twitter.com/X3TPlzIUTU
— Don Cricket 🏏 (@doncricket_)പ്രചാരണം
undefined
ഡോണ്‍ ക്രിക്കറ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2023 ഒക്ടോബര്‍ 14-ാം തിയതി വന്ന ട്വീറ്റ് ഇങ്ങനെ. 'കടുത്ത നിരാശ കാരണം പാകിസ്ഥാന്‍ ആരാധകന്‍ ടിവി തല്ലിത്തകര്‍ക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പുമായും ഇന്ത്യ-പാകിസ്ഥാന്‍ മത്സരവുമായും ബന്ധപ്പെട്ട #INDvPAK #INDvsPAK #CWC23 എന്നീ ഹാഷ്‌ടാഗുകളും ട്വീറ്റിനൊപ്പമുണ്ട്. ടിവി ഇടിച്ചുപൊളിച്ചിട്ടും കലിപ്പ് തീരാതെ കത്തിയെടുത്ത് സ്ക്രീന്‍ ഇയാള്‍ കുത്തിപ്പൊളിക്കുന്നതും വാവിട്ട് കരയുന്നതും ഡോണ്‍ ക്രിക്കറ്റ് ട്വീറ്റ് ചെയ്‌ത വീഡിയോയിലുണ്ട്. ഇതേ വീഡിയോ മറ്റ് നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നും ഒക്ടോബര്‍ 14-ാം തിയതി ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ത്യക്കെതിരായ തോല്‍വിയില്‍ പ്രകോപിതനായ പാക് ആരാധകന്‍ ടിവി തല്ലിപ്പൊളിക്കുന്നു എന്ന തലക്കെട്ടോടെയാണ് ഈ ട്വീറ്റുകളെല്ലാം. ട്വീറ്റുകളുടെ ലിങ്കുകള്‍ 1, 2, 3, 4, 5.
പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 2023 ഒക്ടോബര്‍ 14-ാം തിയതിയായിരുന്നു ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ആവേശ മത്സരം. പോരാട്ടത്തില്‍ ടീം ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയിരുന്നു. എന്നാല്‍ ഈ തോല്‍വിക്ക് ശേഷം പാക് ആരാധകന്‍ ടിവി ഇടിച്ചുപൊളിക്കുന്നതിന്‍റെ ദൃശ്യമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ഖത്തര്‍ വേദിയായ 2022 ഫിഫ ലോകകപ്പില്‍ മെക്‌സിക്കന്‍ ടീം തോറ്റ് പുറത്തായതില്‍ മെക്‌സിക്കോ ആരാധകന്‍റെ രോക്ഷ പ്രകടനമാണ് വീഡിയോയില്‍ എന്നതാണ് യാഥാര്‍ഥ്യം. വിവിധ സെര്‍ച്ച് ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ വീഡിയോ 2022ലെതാണ് എന്ന് വ്യക്തമായത്. ഇതേ വീഡിയോ ഒരു സ്പോര്‍ട്‌സ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2022 ഡിസംബര്‍ ഒന്നിന് ഷെയര്‍ ചെയ്‌തിരിക്കുന്നത് ചുവടെ കാണാം. ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് മെക്‌സിക്കോ പുറത്തായതിന്‍റെ ദേഷ്യത്തിലാണ് ഇയാള്‍ ടിവി തല്ലിപ്പൊളിക്കുന്നത് എന്ന് വീഡിയോയുടെ തലക്കെട്ടില്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്.
യഥാര്‍ഥ വീഡിയോ
This Mexican Soccer Fan Stabbing His TV To Death With A Knife Was A Perfectly Acceptable Way To React To Mexico Getting Eliminated From The World Cup https://t.co/gDBHHsK0Rh pic.twitter.com/X53C7z3Y7F
— Barstool Sports (@barstoolsports)ഫിഫ ലോകകപ്പില്‍ നിന്ന് മെക്‌സിക്കോ പുറത്തായതില്‍ മനംനൊന്താണ് ആരാധകന്‍ ടിവി ഇടിച്ചുതരിപ്പണമാക്കിയത് എന്ന് ദി സണ്‍ 2022 ഡിസംബര്‍ 1ന് നല്‍കിയ വാര്‍ത്തയിലും പറയുന്നുണ്ട്.
ദി സണ്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ആരാധകന്‍ ടിവി സെറ്റ് അടിച്ചുപൊളിച്ചു എന്ന് പേരില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2022ലെ ഫിഫ ലോകകപ്പില്‍ ടീം പുറത്തായതില്‍ മെക്‌സിക്കന്‍ ആരാധകന്‍റെ രോക്ഷപ്രകടനമാണ് വീഡിയോയില്‍ കാണുന്നത്. ദൃശ്യങ്ങളില്‍ കാണുന്ന ആരാധകന്‍ ധരിച്ചിരിക്കുന്നത് പാക് ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയല്ല, മെക്‌സിക്കന്‍ ഫുട്ബോള്‍ ടീമിന്‍റെ ലോഗോയുള്ള കുപ്പായമാണ്.
Read more: 'ഇസ്രയേല്‍ മാധ്യമപ്രവര്‍ത്തകന്‍റെ മൈക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലിച്ചെറിഞ്ഞു'? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം