2024 ഫെബ്രുവരി 9ന് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്
അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കേ ലക്ഷദ്വീപിനെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതിലൊന്നാണ് മാലിന്യത്താല്‍ മുങ്ങിയ ഇടങ്ങളുള്ള സ്ഥലമാണ് ലക്ഷദ്വീപ് എന്നുള്ളത്. രണ്ട് ചിത്രം സഹിതമാണ് ഈ പ്രചാരണം. എന്താണ് ഇതിന്‍റെ വസ്തുത എന്ന് പരിശോധിക്കാം.
പ്രചാരണം
undefined
2024 ഫെബ്രുവരി 9ന് ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. 'വിസിറ്റ് ലക്ഷദ്വീപ്' എന്ന തലക്കെട്ടോടെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. മാലിന്യക്കുഴികളായ ഇടങ്ങളില്‍ മനുഷ്യന്‍മാര്‍ എന്തോ പരതുന്നതും കൈകഴുകുന്നതുമെല്ലാമാണ് ഈ ചിത്രങ്ങളിലുള്ളത്. ഇത് ലക്ഷദ്വീപാണ് എന്ന് വിശ്വസിച്ച് പലരും പരിഹാസ കമന്‍റുകള്‍ പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ സാഹചര്യത്തില്‍ ഈ ചിത്രങ്ങള്‍ ലക്ഷദ്വീപില്‍ നിന്നുള്ളത് തന്നെയോ എന്ന് പരിശോധിക്കാം.
വസ്‌തുതാ പരിശോധന
ആദ്യ ഫോട്ടോ
ഫേസ്ബുക്ക് പോസ്റ്റിന്‍റെ വസ്തുത അറിയാന്‍ ഒന്നാമത്തെ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കുകയാണ് ആദ്യം ചെയ്തത്. ഇതില്‍ ലഭിച്ച ഫലം നാഷണല്‍ ജിയോഗ്രഫിക് 2011ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെതായിരുന്നു. അലഹബാദിലെ ത്രിവേണി സംഗമസ്ഥാനത്തെ ഗംഗ നദിയുടെ കരകളില്‍ നിന്നുള്ള ചിത്രമാണിത് എന്നാണ് നാഷണല്‍ ജിയോഗ്രഫിക്കിന്‍റെ വാര്‍ത്തയില്‍ പറയുന്നത്.
ഈ ചിത്രം ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് പകര്‍ത്തിയതാണ് എന്ന് വാര്‍ത്തയില്‍ നാഷണല്‍ ജിയോഗ്രഫിക് നല്‍കിയിട്ടുള്ളതിനാല്‍ ഗെറ്റിയുടെ വെബ്‌സൈറ്റ് പരിശോധിക്കുകയും ചെയ്തു. ഗംഗാനദിയുടെ കരകളില്‍ നിന്നുള്ള ചിത്രമാണിത് എന്ന് ഗെറ്റി ഇമേജസ് ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വിവരണത്തില്‍ കാണാം. 2010 ഏപ്രില്‍ 22ന് പകര്‍ത്തിയ ചിത്രം എന്നാണ് ഗെറ്റിയുടെ വിവരണത്തില്‍ പറയുന്നത്. ഗംഗയിലെ മലിനജലത്തിനരികെ ഇരിക്കുന്ന ബോട്ടുകാരന്‍റെ ചിത്രമാണിത് എന്നാണ് ഗെറ്റി ഇമേജസ് അവകാശപ്പെടുന്നത്.
രണ്ടാം ഫോട്ടോ
സമാന രീതിയില്‍ രണ്ടാമത്തെ ഫോട്ടോയും റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. പ്രചാരത്തിലുള്ള രണ്ടാമത്തെ ഫോട്ടോയും ഗംഗാ നദിയുടെ കരകളില്‍ നിന്നുള്ളതാണ്. ഗെറ്റി ഇമേജസില്‍ നിന്ന് തന്നെയാണ് ഈ വസ്തുതയും ലഭിച്ചത്. 2013 ഏപ്രില്‍ രണ്ടിന് എടുത്ത ഫോട്ടോയാണിത് എന്ന് ഗെറ്റി ഇമേജസ് വിവരണത്തില്‍ വ്യക്തമാക്കുന്നു. ഗംഗയിലെ മലിനജലത്തില്‍ നാണയങ്ങളും സ്വര്‍ണവും മുങ്ങിത്തപ്പുന്ന മനുഷ്യന്‍റെ ചിത്രമാണിത് എന്ന് ഗെറ്റി ഇമേജസ് വിശദീകരിക്കുന്നു.
നിഗമനം
ലക്ഷദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ ഗംഗാനദിയുടെ കരകളില്‍ നിന്ന് പകര്‍ത്തിയവയാണ്. ഇവയ്ക്ക് ലക്ഷദ്വീപുമായി യാതൊരു ബന്ധവുമില്ല.
Read more: അയോധ്യ രാമക്ഷേത്രത്തിന്‍റെയും ശ്രീരാമന്‍റെയും ചിത്രമുള്ള 500 രൂപ നോട്ടോ? സത്യമിത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം