നോം ചോംസ്‌കി അന്തരിച്ചു എന്ന വാര്‍ത്തകള്‍ വ്യാജം

By Web Team  |  First Published Jun 19, 2024, 9:25 AM IST

തൊണ്ണൂറ്റിയഞ്ച് വയസുകാരനായ നോം ചോംസ്‌കിയെ അടുത്തിടെ ബ്രസീലിലെ സാവോ പോളോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു


സാവോ പോളോ: വിഖ്യാത ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനും വിമര്‍ശകനുമായ നോം ചോംസ്‌കി അന്തരിച്ചു എന്ന വാര്‍ത്തകള്‍ വ്യാജം. നോം ചോംസ്‌കി അന്തരിച്ചതായി നിരവധി വെരിഫൈഡ് എക്‌സ് (പഴയ ട്വിറ്റര്‍) ഹാന്‍ഡിലുകളില്‍ നിന്നടക്കം ട്വീറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചോംസ്‌കിയുടെ ആരോഗ്യവിവരം കുടുംബം പങ്കുവെച്ചത്. നോം ചോംസ്‌കി അന്തരിച്ചു എന്നത് വ്യാജ വാര്‍ത്തയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എപിയോട് ചോംസ്‌കിയുടെ ജീവിതപങ്കാളി വലേരിയ വസ്സെര്‍മാന്‍ സ്ഥിരീകരിച്ചു. 

തൊണ്ണൂറ്റിയഞ്ച് വയസുകാരനായ നോം ചോംസ്‌കിയെ അടുത്തിടെ ബ്രസീലിലെ സാവോ പോളോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് സംഭവിച്ച പക്ഷാഘാതത്തില്‍ നിന്ന് ചോംസ്‌കി സുഖംപ്രാപിച്ച് വരുന്നതിനിടെയാണ് അദേഹം വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ചോംസ്കി സംസാരിക്കാനും ശരീരത്തിന്‍റെ വലതുഭാഗം ചലിപ്പിക്കാനും പ്രയാസം നേരിട്ടിരുന്നു. ചൊവ്വാഴ്‌ച ആശുപത്രിവിട്ട ചോംസ്‌കി വീട്ടില്‍ തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാകും എന്നും അദേഹത്തിന്‍റെ ഭാര്യ അറിയിച്ചു. 2015 മുതല്‍ ബ്രസീലിലാണ് ചോംസ്‌കി താമസിക്കുന്നത്. 

Latest Videos

undefined

വ്യാജ പ്രചാരണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ

മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായിരുന്ന നോം ചോംസ്‌കി അമേരിക്കന്‍ വിദേശനയങ്ങളുടെ നിരന്തര വിമര്‍ശകനാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രസിദ്ധനായ ചിന്തകനായ നോം ചോംസ്‌കി ഭാഷാശാസ്ത്രം, രാഷ്ട്രീയം, യുദ്ധം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ 150ലേറെ പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഭാഷാശാസ്ത്രത്തില്‍ 20-ാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം ചോംസ്‌കിയുടെ സൃഷ്ടിയാണ്. 

നോം ചോംസ്കി വിടപറഞ്ഞതായി ചൊവ്വാഴ്‌ച രാവിലെയാണ് അഭ്യൂഹങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് മാധ്യമമായ ദി ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ ചോംസ്‌കിയുടെ മരണവാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ അദേഹം അന്തരിച്ചില്ല എന്ന് വ്യക്തമായതോടെ ദി ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ വാര്‍ത്ത തിരുത്തി. 

Read more: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!