'കൊവിഡ് വാക്‌സിന്‍ കണ്ടെത്തി നൈജീരിയ'; ആശ്വാസ വാര്‍ത്ത സത്യമോ? അറിയേണ്ടതെല്ലാം

By Web Team  |  First Published Jun 25, 2020, 12:08 PM IST

നൈജീരിയന്‍ സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചു എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്തകള്‍. 'ദ് ഗാര്‍ഡിയന്‍ നൈജീരിയ' അടക്കമുള്ള ആഫ്രിക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 


അബുജ: കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ ലോകത്തിന് വലിയ ആശ്വാസം പകരുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. നൈജീരിയന്‍ സര്‍വകലാശാലകളുടെ പ്രത്യേക ഗവേഷണ വിഭാഗം കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചു എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്തകള്‍. 'ദ് ഗാര്‍ഡിയന്‍ നൈജീരിയ' അടക്കമുള്ള ആഫ്രിക്കന്‍ മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പിന്നാലെ വിദേശ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍ ഈ വാര്‍ത്ത ഭാഗികമായി മാത്രമേ ശരിയുള്ളൂ എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. 

Latest Videos

undefined

 

 ഗാര്‍ഡിയന്‍ നൈജീരിയയില്‍ വന്ന വാര്‍ത്ത ഇങ്ങനെ

'നൈജീരിയ കൊവിഡ് വാക്‌സിന്‍ കണ്ടെത്തി' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഇക്കാര്യം ഗവേഷണ തലവനും അഡെലേക് സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ഇമ്യൂണോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വിദഗ്ധനുമായ ഡോ. ഒലഡിപോ കോലവോലെ അറിയിച്ചു എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. അതേസമയം, വാക്‌സിന്‍ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല എന്നും ഉള്ളടക്കത്തില്‍ പറയുന്നുണ്ട്. 

'നൈജീരിയന്‍ സര്‍വകലാശാലയിലെ ഗവേഷണ സംഘം കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി വെള്ളിയാഴ്‌ച(ജൂണ്‍ 19) മാധ്യമങ്ങളെ അറിയിച്ചു. ആഫ്രിക്കക്കാര്‍ക്കായി പ്രാദേശികമായി വികസിപ്പിക്കുന്ന വാക്‌സിന്‍ ആണ് ഇത്, മറ്റ് ഭൂപ്രദേശങ്ങളിലും ഇത് ഫലപ്രദമായേക്കും. എന്നാല്‍ വാക്‌സിന്‍ പൊതുജനങ്ങളിലെത്താന്‍ 18 മാസം സമയം എടുക്കും. ഏറെ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ആരോഗ്യവിഭാഗങ്ങളുടെ അംഗീകാരത്തിനും വേണ്ടിവരുന്ന സമയപരിധിയാണിത്. വാക്‌സിന്‍ യഥാര്‍ഥമാണ്, പല പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി'- സര്‍വകലാശാല അധികൃതരുടെ പ്രതികരണം സഹിതം 'ദ് ഗാര്‍ഡിയന്‍ നൈജീരിയ' റിപ്പോര്‍ട്ട് ചെയ്‌തത് ഇങ്ങനെയാണ്. 

 

വിശ്വസനീയമോ വാര്‍ത്ത

എന്നാല്‍ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെന്നും ഇത് പരീക്ഷണഘട്ടത്തിലാണ് എന്നുമാണ് പ്രമുഖ ഫാക്‌ട് ചെക്ക് വെബ്‌സൈറ്റ് ആഫ്രിക്ക ചെക്കിന്‍റെ(Africa Check) കണ്ടെത്തല്‍. 

വാക്‌സിന്‍ ലഭ്യമാകാന്‍ 18 മാസം?

നൈജീരിയ കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയോ എന്ന ചോദ്യത്തോട് ഗവേഷണ സംഘത്തിന്‍റെ പ്രതികരണം ഇതായിരുന്നു. 'കൊവിഡിനുള്ള സാധ്യതാ വാക്‌സിന്‍ കണ്ടെത്തിയതായാണ് അറിയിച്ചത്. അതിനെ വാക്സിൻ എന്ന് വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. കണ്ടെത്തിയതിനെ വാക്‌സിനായി അംഗീകരിക്കണമെങ്കില്‍ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിക്കുകയും ഔദ്യോഗിക അംഗീകാരം നേടുകയും വേണം' എന്നും ഗവേഷണ തലവന്‍ ഡോ. ഒലഡിപോ കോലവോലെ ആഫ്രിക്ക ചെക്കിനോട് പറഞ്ഞു. 

 

'തിടുക്കം കാട്ടിയത് വിനയായി'

തെറ്റായ പ്രചാരണങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് തിടുക്കം കാട്ടുകയായിരുന്ന് ഗവേഷണ സംഘം എന്നാണ് നൈജീരിയ അക്കാദമി ഓഫ് സയന്‍സ് മുന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം. 'പരീക്ഷണഘട്ടത്തിലുള്ള വാക്‌സിന്‍(Potential Candidate Vaccine) എന്ന് പറയേണ്ടതിന് പകരം വാക്‌സിന്‍ കണ്ടെത്തി എന്ന് പ്രഖ്യാപിച്ചത് തെറ്റാണ്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുകയും ഗുണനിലവാരം തെളിയിക്കുകയും ചെയ്തതിനെയാണ് വാക്‌സിന്‍ എന്ന് വിശേഷിപ്പിക്കുക. പരീക്ഷണഘട്ടത്തിലുള്ള വാക്‌സിന്‍ എന്നുതന്നെ ഗവേഷകര്‍ പറയേണ്ടിയിരുന്നു' എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. 

നൈജീരിയന്‍ ആരോഗ്യവിഭാഗം അറിഞ്ഞിട്ടേയില്ല!

നൈജീരിയന്‍ സര്‍വകലാശാലകള്‍ ചേര്‍ന്ന് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിച്ചതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് നൈജീരിയന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ആഫ്രിക്ക ചെക്കിനോട് വ്യക്തമാക്കി. ശാസ്‌ത്രീയ കണ്ടെത്തലുകള്‍ ജേണലുകളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ അറിയിക്കുന്നതാണ് നല്ലത് എന്നും സാധുതയില്ലാത്ത പ്രസ് മീറ്റുകള്‍ ഉചിതമല്ലെന്നും അവര്‍ പറഞ്ഞു. 

 

നിഗമനം

നൈജീരിയ കൊവിഡ് വാക്‌സിന്‍ കണ്ടെത്തി എന്ന അവകാശവാദവും വാര്‍ത്തകളും തെറ്റാണ്. പരീക്ഷണഘട്ടത്തിലുള്ള വാക്‌സിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു നൈജീരിയന്‍ സര്‍വകലാശാല ചെയ്‌തത്. ഈ വാക്‌‌സിന് അംഗീകാരം ലഭിക്കാന്‍ ഇനിയുമേറെ പരീക്ഷണങ്ങളും കടമ്പകളും പിന്നിടേണ്ടതുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണഘട്ടത്തിലുള്ള മറ്റ് നിരവധി വാക്‌സിനുകള്‍ക്ക് ഒപ്പമാണ് ഇതിന്‍റെയും സ്ഥാനം. നൈജീരിയന്‍ വാക്‌സിന്‍ എപ്പോള്‍ തയ്യാറാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!