മൊറോക്കോ ഭൂകമ്പം: തരിപ്പണമായി കൂറ്റന്‍ കെട്ടിടം, ആളുകളുടെ നിലവിളി, കൂട്ടക്കരച്ചില്‍; വീഡിയോ ഷെയര്‍ ചെയ്യല്ലേ

By Jomit Jose  |  First Published Sep 9, 2023, 2:07 PM IST

'മൊറോക്കോയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അല്‍പം മുമ്പ് ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിമിഷങ്ങള്‍' എന്ന തലക്കെട്ടോടെയാണ് ഒരാള്‍ വീഡിയോ പങ്കുവെച്ചത്


റാബത്ത്: ഭൂകമ്പം പിടിച്ചുലച്ചിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയെ. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതിനകം 632 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. മറകേഷ് നഗരത്ത് തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഹൈ അറ്റ്‌ലാന്‍റ്സ് മലനിരകളാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. 18.5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് ഭൂകമ്പമുണ്ടായതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വിശദമാക്കുന്നത്. മൊറോക്കോയെ നടുക്കിയ ഭൂകമ്പത്തിന് പിന്നാലെ ഇവിടെ നിന്ന് നിരവധി വീഡിയോകളും ചിത്രങ്ങളും എക്‌സ്(ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തുവരുന്നു. ആളുകള്‍ നിലവിളിച്ചോടുന്നതും കെട്ടിടങ്ങള്‍ തരിപ്പിണമാകുന്നതും ഉറ്റവരെ കാത്ത് ബന്ധുക്കള്‍ കണ്ണുനട്ടിരിക്കുന്നതുമെല്ലാം ഈ വീഡ‍ിയോകളിലുണ്ട്. ഇങ്ങനെ പ്രചരിക്കുന്ന ഒരു വീഡിയോ വ്യാജമാണ് എന്ന് തിരിച്ചറിയുക. 

പ്രചാരണം

Latest Videos

'ബ്രേക്കിംഗ്- വെള്ളിയാഴ്‌ച രാത്രി മൊറോക്കോയിലുണ്ടായ ശക്തമായ 6.8 തീവ്രതയുള്ള ഭൂകമ്പത്തില്‍ കുറഞ്ഞത് 300 പേര്‍ മരിക്കുകയും 153 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാണ് വീഡിയോ ഷെയര്‍ ചെയ്‌തുകൊണുള്ള ഒരു ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായവും മൊറോക്കോയ്‌ക്ക് വാഗ്‌ദാനം ചെയ്തു' എന്നും ട്വീറ്റില്‍ വായിക്കാം. ട്വീറ്റിന്‍റെ സ്‌‌ക്രീന്‍ഷോട്ട് ചുവടെ. 

'മൊറോക്കോയിലെ ഭൂകമ്പത്തെ തുടര്‍ന്ന് അല്‍പം മുമ്പ് ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്ന നിമിഷങ്ങള്‍' എന്ന തലക്കെട്ടോടെയാണ് മറ്റൊരാള്‍ വീഡിയോ പങ്കുവെച്ചത്. ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ചുവടെ നല്‍കിയിരിക്കുന്നു. മൊറോക്കോയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തിന്‍റെ ദൃശ്യമാണിത് എന്ന് അവകാശപ്പെട്ട് ഇത്തരത്തില്‍ നിരവധി പേരാണ് സമാന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

വസ്‌തുത

എന്നാല്‍ ട്വീറ്റിനൊപ്പമുള്ള വീഡിയോയ്‌ക്ക് മൂന്ന് വര്‍ഷത്തെ പഴക്കമുണ്ട് എന്നതാണ് യാഥാര്‍ഥ്യം. മൊറോക്കോയില്‍ തന്നെയുള്ള കാസബ്ലങ്കയില്‍ നിന്ന് 2020ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. വീഡിയോയുടെ ഫ്രെയിമുകള്‍ വച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് പരിശോധനയില്‍ മൂന്ന് വര്‍ഷം മുമ്പ് ഈ വീഡിയോ ബിടിപി ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് കണ്ടെത്താനായി. ബിടിപി ന്യൂസ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ചുവടെ കൊടുത്തിരിക്കുന്നു. 2020 ഓഗസ്റ്റ് 7നാണ് വീഡിയോ ഇവര്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് തിയതി പരിശോധിക്കുമ്പോള്‍ വ്യക്തം. അതിനാല്‍ തന്നെ ഇന്ന് പുലര്‍ച്ചെ മൊറോക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തിന്‍റെ ദൃശ്യമല്ല സാമൂഹ്യമാധ്യമമായ എക്‌സില്‍ പ്രചരിക്കുന്നത് എന്ന് വ്യക്തം. 

Read more: 'വിദേശത്തും ജവാന്‍ തരംഗം, ആഘോഷത്തില്‍ ആറാടി വിദേശികള്‍'- വീഡിയോയുടെ സത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!