മധ്യപ്രദേശില്‍ കോഴികളില്‍ കൊറോണ സ്ഥിരീകരിച്ചോ?

By Web Team  |  First Published Jun 21, 2020, 6:32 PM IST

മധ്യപ്രദേശിലെ ചില കോഴി ഫാമുകളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിലെ സത്യാവസ്ഥ പുറത്തുവന്നിട്ടുണ്ട്. 


ഭോപ്പാല്‍: രാജ്യത്ത് കൊവിഡ് 19 പ്രതിസന്ധി സങ്കീര്‍ണമായിരിക്കേ സാമൂഹ്യമാധ്യമങ്ങളില്‍ ഞെട്ടലുളവാക്കി ഒരു പ്രചാരണം. മധ്യപ്രദേശിലെ ചില ജില്ലകളില്‍ കോഴികളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായാണ് പ്രചരിക്കുന്നത്. ഇക്കാര്യത്തിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'ഭോപ്പാല്‍, ഗ്വാളിയോര്‍, ഇന്‍ഡോര്‍, ഉജൈന്‍ തുടങ്ങി 10 ജില്ലകളിലെ ഫാമുകളില്‍ നിന്ന് ആരോഗ്യവകുപ്പ് സാംപിളുകള്‍ ശേഖരിച്ചിരുന്നു. ചില ഫാമുകളിലെ കോഴികളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കരുതിയിരിക്കുക'

വസ്‌തുത എന്ത്

 

കോഴികളില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന പ്രചാരണങ്ങള്‍ തെറ്റാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കോഴികള്‍ കൊറോണ വൈറസ് വാഹകരല്ല എന്ന് കഴിഞ്ഞ മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുതിയ കണ്ടെത്തലോ വിശദീകരണമോ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല എന്നതും മധ്യപ്രദേശിലെ പ്രചാരണങ്ങള്‍ തെറ്റാണ് എന്ന് തെളിയിക്കുന്നു.  

വസ്‌തുതാ പരിശോധനാ രീതി

മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പിന്‍റെ ഔദ്യോഗിക പ്രതികരണമാണ് വസ്‌തുതാ പഠനത്തിനായി ആശ്രയിച്ചത്. വസ്‌തുതാ വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത് എന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രതികരണം. 'ചിക്കന്‍ അടക്കമുള്ള മാംസങ്ങള്‍ കഴിക്കുന്നത് സുരക്ഷിതമാണ്. ഫാമുകള്‍ക്ക് മുന്നറിയിപ്പും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടില്ല. കോഴികളില്‍ വൈറസ് ബാധയുണ്ടോ എന്നറിയാന്‍ ഒരിടത്തുപോലും സാംപിള്‍ പരിശോധന നടത്തിയിട്ടില്ല, വളര്‍ത്തുമൃഗങ്ങളില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല' എന്നും മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിന്‍റെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ. 

 

നിഗമനം

മധ്യപ്രദേശിലെ വിവിധയിടങ്ങളില്‍ കോഴികളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു എന്ന പ്രചാരണം വ്യാജമാണ് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കോഴികളില്‍ കൊറോണ ഇതുവരെ കണ്ടെത്തിയിട്ടില്ല കൊറോണ വൈറസ് വാഹകരാണെന്നും ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് പിടിപെടുമെന്നുമുള്ള പ്രചാരണം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിഷേധിച്ചിരുന്നു. "പൗൾട്രി ഉല്‍പന്നങ്ങളുടെ ഉപയോഗം കൊവിഡ് 19 പരത്തുമെന്ന് തെളിവുകളില്ല. എന്നാല്‍ പൊതു ശുചിത്വ തത്ത്വങ്ങൾ പാലിക്കേണ്ടതുണ്ട്"- എന്നായിരുന്നു മാര്‍ച്ച് 9ന് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. ഇത് സംബന്ധിച്ചുള്ള വാര്‍ത്തയുടെ ലിങ്ക് ചുവടെ.  

Read more: ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 പിടിപെടുമോ; വാട്‌സാപ്പ് സന്ദേശങ്ങളില്‍ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ അറിയാന്‍

ഇന്ത്യയില്‍ കോഴികളില്‍ കൊറോണ സ്ഥിരീകരിച്ചു എന്ന പ്രചാരണം ഈ വര്‍ഷം ഫെബ്രുവരി മുതല്‍ സജീവമാണ്. 'ബെംഗലുരുവിലെ കൊറോണ ബാധിച്ച കോഴി' എന്ന പേരില്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ പ്രചാരണം സത്യമോ എന്നറിയാന്‍ ഫെബ്രുവരി 13ന് വസ്‌തുതാ പരിശോധന നടത്തിയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് വിഭാഗം. 

Read more: 'ബെംഗലുരുവിലെ കൊറോണ ബാധിച്ച കോഴി'; പ്രചാരണങ്ങളിലെ വസ്തുതയെന്ത്?

കോഴികളില്‍ കൊറോണ സ്ഥിരീകരിച്ചു എന്ന പ്രചാരണം നേരത്തെ ബീഹാറില്‍ നിന്നുമുണ്ടായിരുന്നു. ഈ പ്രചാരണവും തെറ്റാണ് എന്ന് തെളിഞ്ഞിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത വാര്‍ത്തയുടെ ലിങ്കും ചുവടെ നല്‍കുന്നു. 

Read more: ബീഹാറിലെ കോഴികളില്‍ കൊറോണ വൈറസ്; വൈറലായ കുറിപ്പിന് പിന്നിലെ യാഥാര്‍ഥ്യമിതാണ്

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

click me!