ഇലക്ടറല്‍ ബോണ്ട് വാങ്ങാനുള്ള യോഗ്യത സിപിഎമ്മിന് ഇല്ലാത്തതിനാലാണ് പാർട്ടിക്ക് ഇതുവഴി പണം ലഭിക്കാതിരുന്നത് എന്നാണ് എഫ്ബി പോസ്റ്റുകള്‍
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സിപിഎമ്മിനെതിരെ ഒരു പരിഹാസം സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. ഇലക്ടറല്‍ ബോണ്ട് വാങ്ങാനുള്ള യോഗ്യത നിയമപരമായി സിപിഎമ്മിന് ഇല്ലാത്തതിനാലാണ് പാർട്ടിക്ക് ബോണ്ട് വഴി പണം ലഭിക്കാതിരുന്നതെന്നും, ബോണ്ട് വാങ്ങില്ല എന്ന നിലപാട് സിപിഎം ധാർമ്മികമായി എടുത്തത് അല്ല എന്നുമാണ് പ്രചാരണം. ഇതിന്‍റെ വസ്തുത പരിശോധിക്കാം.
പ്രചാരണം
undefined
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ഗ്രാഫിക്സ് കാർഡിലെ വിവരങ്ങള്‍ ഇങ്ങനെ. '1951 ലെ ജനപ്രാതിനിധ്യ നിയമത്തിൻറെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളിൽ ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയ പാർട്ടികൾക്ക് മാത്രമാണ് ഇലക്ടറൽ ബോണ്ട് സ്വീകരിക്കാൻ കഴിയുക. ആ ഒരു ശതമാനം വോട്ട് നമുക്കില്ല'.
ഈ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഓസ്റ്റിന്‍ ചെറുപുഴ എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ...പ്രളയ ഫണ്ടിലും, PPE കിറ്റിൽ പോലും കയ്യിട്ടുവാരിയ CPMന്: 1% വോട്ട് എന്നത് പൊതു മാനദണ്ഡമായപ്പോൾ ഇലക്ട്രൽ ബോണ്ട് വാങ്ങാൻ പറ്റാത്തത് നിലപാട് കൊണ്ടല്ല; ഗതികേട് കൊണ്ട് തന്നെയാണ്..!
വസ്തുതാ പരിശോധന
ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 29എ പ്രകാരം രജിസ്റ്റർ ചെയ്തതും കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടിയതുമായ രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറല്‍ ബോണ്ടിനുള്ള യോഗ്യതയുണ്ട് എന്നായിരുന്നു നിലവിലുണ്ടായിരുന്ന ചട്ടം.
ഈ ചട്ടം പ്രകാരം ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാനുള്ള യോഗ്യത സിപിഎമ്മിനുണ്ടായിരുന്നു. 2018ല്‍ നിലവില്‍ വന്ന ഇലക്ട്രല്‍ ബോണ്ടിന് മുമ്പ് നടന്ന 2014 പൊതു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 3.28 ശതമാനം വോട്ടുകളുണ്ടായിരുന്നു.
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ 1.77 ശതമാനം വോട്ടും സിപിഎമ്മിനുണ്ടായിരുന്നു. സമാനമായി കേരള നിയമസഭയിലും കഴിഞ്ഞ ഇളക്ഷനുകളില്‍ ബോണ്ട് സ്വീകരിക്കാനാവശ്യമായ വോട്ട് വിഹിതം സിപിഎമ്മിനുണ്ടായിരുന്നു.
നിഗമനം
ഇലക്ടറല്‍ ബോണ്ട് സിപിഎം സ്വീകരിക്കാതിരുന്നത് അതിന് മതിയായ നിയമ യോഗ്യത ഇല്ലാതിരുന്നതിനാലാണ് എന്ന പ്രചാരണം വ്യാജമാണ്. ഇലക്ടറല്‍ ബോണ്ട് നിലവിലുണ്ടായിരുന്ന കാലത്ത് സിപിഎമ്മിന് ബോണ്ടിലൂടെ പണം സ്വീകരിക്കാനുള്ള നിയമ സാധുതയുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം