കോണ്‍ഗ്രസിനായി അല്ലു അര്‍ജുന്‍ പ്രചാരണത്തിനിറങ്ങിയോ? വീഡിയോയുടെ സത്യം- Fact Check

By Web TeamFirst Published Apr 25, 2024, 12:33 PM IST
Highlights

അല്ലു അര്‍ജുന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി എന്നാണ് ഈ പ്രചാരണം

ഹൈദരാബാദ്: കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്നു എന്ന തരത്തിലൊരു വ്യാജ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ തെലുഗു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുനെതിരെ ആരോപണവുമായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അല്ലു അര്‍ജുന്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങി എന്നാണ് വീഡിയോ സഹിതമുള്ള പ്രചാരണം. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

ഒരു റാലിയില്‍ അല്ലു അര്‍ജുന്‍ പങ്കെടുക്കുന്നതിന്‍റെതാണ് വീഡിയോ. വാഹനത്തിന് മുകളില്‍ നിന്നുകൊണ്ട് അല്ലു ആരാധകരെ കൈവീശി കാണിക്കുന്നത് വീഡിയോയില്‍ കാണാം. അല്ലു കഴുത്തില്‍ ത്രിവര്‍ണ ഷാള്‍ അണിഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് താരം കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു എന്ന അവകാശവാദം വ്യാപകമായിരിക്കുന്നത്. 

വസ്‌തുത

അല്ലു അര്‍ജുന്‍റെതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ പഴയതും 2022ല്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്ന് ചിത്രീകരിച്ചതുമാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയുടെ പൂര്‍ണരൂപം യൂട്യൂബില്‍ 2022 ഓഗസ്റ്റ് 25ന് അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്ന് കാണാം. ദേശീയ പതാക പിടിച്ചുനില്‍ക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. പരിപാടിയില്‍ അല്ലുവിനൊപ്പം ഭാര്യ സ്നേഹ റെഡ്ഡിയുമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കായി അല്ലു അര്‍ജുന്‍ പ്രചാരണത്തിനിറങ്ങി എന്ന പ്രചാരണം വ്യാജമാണ്. 

ഷാരൂഖിനെ കുറിച്ചും വ്യാജന്‍ 

രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വാഹനത്തില്‍ ഷാരൂഖ് ഖാനോട് രൂപസാദൃശ്യമുള്ളയാള്‍ പ്രചാരണം നടത്തുന്നതായിരുന്നു മുമ്പ് പ്രചരിച്ചിരുന്ന വീഡിയോ. ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നിന്നുള്ള ദൃശ്യമാണ് എന്ന് വീഡിയോയില്‍ നിന്ന് ഉറപ്പിക്കാം. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് ഷാരൂഖിന്‍റെ അപരനായി അറിയപ്പെടുന്ന ഇബ്രാഹിം ഖാദരിയാണ്. മഹാരാഷ്ട്രയിലെ സോലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണിത് ഷിന്‍ഡെയുടെ റോഡ് ഷോയിലാണ് ഖാദരി പങ്കെടുത്തത്. 

Read more: കോണ്‍ഗ്രസിന് വോട്ട് തേടി ഷാരൂഖ് ഖാന്‍? കോണ്‍ഗ്രസ് റാലിയില്‍ കിംഗ് ഖാനോ? സത്യമിത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!