'പാക്കിസ്ഥാനിലെ കറാച്ചി ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കണ്ണോത്ത് കരുണാകരൻ മകൻ കെ മുരളീധരൻ'- എന്ന കുറിപ്പോടെയാണ് വീഡിയോ
തൃശൂര്‍: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയാണ് കെ മുരളീധരന്‍. കോണ്‍ഗ്രസിന്‍റെ തലമുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍റെ മകനാണ് കെ മുരളീധരന്‍. തൃശൂരില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ പ്രചാരണം സജീവമായി നടക്കേ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വര്‍ഗീയ തലക്കെട്ടുകളോടെ പ്രചരിക്കുന്നു. ഇതിന്‍റെ യാഥാര്‍ഥ്യം പരിശോധിക്കാം.
പ്രചാരണം
'പാക്കിസ്ഥാനിലെ കറാച്ചി ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കണ്ണോത്ത് കരുണാകരൻ മകൻ കെ മുരളീധരൻ…!!!'- എന്ന കുറിപ്പോടെയാണ് വീഡിയോ 2024 മാര്‍ച്ച് 20-ാം തിയതി ഫേസ്‌ബുക്കില്‍ മുരുകേശ് എം വി എന്നയാള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പച്ച കുപ്പായമണിഞ്ഞ്, പച്ച നിറത്തിലുള്ള പതാകകളുമായി നിരവധിയാളുകള്‍ മുരളീധരനൊപ്പം പ്രചാരണം നടത്തുന്നതിന്‍റെതാണ് വീഡിയോ. കെ മുരളീധരന് എവിടെയോ നല്‍കിയ സ്വീകരണമാണ് ഇതെന്ന് അനുമാനിക്കാം. സമാന തലക്കെട്ടോടെ ഇതേ വീഡിയോ മറ്റനേകം പേരും എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കാണാം.
വസ്‌തുതാ പരിശോധന
വീഡിയോ ശ്രദ്ധേയോടെ നിരീക്ഷിച്ചപ്പോള്‍ കൊണ്ടോട്ടി പച്ചപ്പട എന്ന വാട്ടര്‍മാര്‍ക് കാണാനായി. തുടര്‍ന്ന് കൊണ്ടോട്ടി പച്ചപ്പടയുടെ ഫേസ്‌ബുക്ക് പേജ് പരിശോധിക്കുകയുണ്ടായി. ഇതില്‍ 2019 ഏപ്രില്‍ 19ന്, അതായത് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പുകാലത്ത് പോസ്റ്റ് ചെയ്‌ത വീഡിയോ കാണാനായി. ഇതോടെ വീഡിയോ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ മത്സരിച്ചപ്പോഴുള്ളതാണ് എന്ന് വ്യക്തമായി. അന്ന് ഈ വീഡിയോ വൈറലായിരുന്നു.
പാകിസ്ഥാന്‍ പതാകയാണ് വീഡിയോയില്‍ കാണുന്നത് എന്നതും വ്യാജ പ്രചാരണമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ പതാകയാണ് പ്രവര്‍ത്തകര്‍ വീശുന്നത്.
നിഗമനം
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജവും വര്‍ഗീയവുമായ പ്രചാരണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം