ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉത്തരാഖണ്ഡിന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് വീഡിയോ 2024 മാര്‍ച്ച് 14-ാം തിയതി പങ്കുവെച്ചിരിക്കുന്നത്
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നുള്ള തയ്യാറെടുപ്പുകളിലാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. തെരഞ്ഞെടുപ്പ് തിയതികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പുതന്നെ മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പല പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഘട്ടങ്ങളായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇതിനിടെ കോണ്‍ഗ്രസിന്‍റെതായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരിക്കുകയാണ്. എന്നാല്‍ ഈ ദൃശ്യത്തിന്‍റെ വസ്തുത മറ്റൊന്നാണ്.
പ്രചാരണം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉത്തരാഖണ്ഡിന്‍റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് വീഡിയോ 2024 മാര്‍ച്ച് 14-ാം തിയതി പങ്കുവെച്ചിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. 'മഹാരാഷ്ട്രയിലെ ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിയുടെ തോളോട് തോൾ ചേർന്ന് പോകുന്ന ജനക്കൂട്ടത്തെ കാണൂ'- എന്ന തലക്കെട്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നാസിക് എന്ന ഹാഷ്‌ടാഗും പോസ്റ്റില്‍ കാണാം. മഹാരാഷ്ട്രയിലെ നഗരമാണ് നാസിക്.
വസ്‌തുത
വീഡിയോ പങ്കുവെച്ച ഉത്തരാഖണ്ഡ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത് പോലെയല്ല വീഡിയോയുടെ യാഥാര്‍ഥ്യം. 2022 ഡിസംബറില്‍ രാജസ്ഥാനില്‍ നടന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. വീഡിയോയുടെ ഒറിജിനല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് 2022 ഡിസംബര്‍ 16ന് പങ്കുവെച്ചിട്ടുള്ളതാണ് എന്ന് ചുവടെ കാണാം. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ദൃശ്യമാണിത് എന്ന് ട്വീറ്റില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ വീഡിയോ മഹാരാഷ്ട്രയില്‍ നിന്നുള്ളതല്ല എന്ന് വ്യക്തം.
राजस्थान के दौसा में जुड़ता भारत और pic.twitter.com/anbae3awIR
— Congress (@INCIndia)നിഗമനം
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് റാലിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ രാജസ്ഥാനില്‍ നിന്നുള്ളതും പഴയതുമാണ്.
Read more: കെ കെ ശൈലജയുടെ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചിത്രമോ ഇത്? Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം