കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അടങ്കല്‍ തുകയായ 3 ലക്ഷം രൂപയ്‌ക്ക് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്
തവനൂര്‍: അടുത്തിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ വിവിധ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് 40 ലക്ഷം രൂപ മുടക്കി പണിത ബസ് ഷെല്‍ട്ടറായിരുന്നു ഇതിലൊന്ന്. മഴയും വെയിലും ശരിക്കും ആസ്വദിക്കാന്‍ കഴിയുന്ന ബസ് ഷെല്‍ട്ടര്‍ എന്നാണ് ട്രോളര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ അതേസമയം മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തില്‍ നാട്ടുകാര്‍ പിരിവെടുത്ത് വെറും 1,22,700 രൂപയ്‌ക്ക് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് വലിയ കയ്യടി വാങ്ങുകയും ചെയ്തു. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ കുറിച്ചുള്ള ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ തുടരുകയാണ്. തവനൂര്‍ എംഎല്‍എ കെ.ടി. ജലീല്‍ മൂന്ന് ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്‍റേത് എന്ന പേരിലൊരു ചിത്രം വൈറലാണ്. എന്നാല്‍ ഈ പ്രചാരണം ശരിയോ?
പ്രചാരണം
കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അടങ്കല്‍ തുകയായ 3 ലക്ഷം രൂപയ്‌ക്ക് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. 'മൂന്ന് ലക്ഷത്തിന്‍റെ സര്‍ക്കാര്‍ ബസ് വെയിറ്റിംഗ് ഷെഡും 1,22,700 രൂപയ്ക്ക് നാട്ടുകാര്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡും' എന്ന തലക്കെട്ടോടെ ആബിദ് അടിവാരം എന്നയാളാണ് ഫേസ്‌ബുക്കില്‍ ചിത്രം പങ്കുവെച്ചവരില്‍ ഒരാള്‍ (ഈ ചിത്രം നീക്കം ചെയ്തിട്ടുണ്ട്, പോസ്റ്റ് എഡിറ്റ് ചെയ്തതായി എഡിറ്റ് ഹിസ്റ്ററിയില്‍ കാണാം). പൊതുമുതല്‍ മോഷ്‌ടിക്കുന്നതിന്‍റെ നേര്‍ച്ചിത്രമാണിത് എന്നും ആബിദ് പറയുന്നു. 'ശശികല ടീച്ചര്‍, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി' എന്ന എഫ്‌ബി പേജിലും ബസ് സ്റ്റോപ്പിന്‍റെ ചിത്രം സഹിതം പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. 'വൗ, അമേസിംഗ് ഗ്രേറ്റ് വര്‍ക്ക്' എന്ന തലക്കെട്ടില്‍ മാത്യൂ സാമുവല്‍ എന്നയാളും ബസ് വെയിറ്റിംഗ് ഷെഡിന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട് (ഈ പോസ്റ്റ് ഇപ്പോള്‍ കാണാനില്ല). മൂന്ന് പോസ്റ്റുകള്‍ക്കും വലിയ റീച്ച് ഫേസ്‌ബുക്കില്‍ ലഭിച്ചിരുന്നു.
എഫ്‌ബി പോസ്റ്റുകളുടെ വിവിധ സ്ക്രീന്‍ഷോട്ടുകള്‍
വസ്‌തുത
എന്നാല്‍ വൈറല്‍ ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത് പോലെയല്ല ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ വസ്‌തുത എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞത്. കെ.ടി. ജലീല്‍ എംഎല്‍എ ഇത്തരമൊരു ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചിട്ടില്ല എന്നതാണ് വസ്‌തുത. കെ.ടി. ജലീല്‍ നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് എന്ന് പറയുന്ന ചിത്രത്തിന്‍റെ ഉറവിടം എവിടെയാണ് എന്ന് വിശദമായി പരിശോധിച്ചപ്പോള്‍ വ്യക്തമായത് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു ടെലിവിഷന്‍ പരിപാടിയിലെ സെറ്റാണ് എന്നാണ്. മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയില്‍ കാണിക്കുന്ന ബസ് വെയിറ്റിംഗ് ഷെഡാണിത്. ഫെബ്രുവരി ആറിന് മഴവില്‍ മനോരമ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയില്‍ ഈ വെയിറ്റിംഗ് ഷെഡ് കാണാം. എഫ്‌ബി പോസ്റ്റുകളിലെയും മറിമായത്തിലേയും ഷെഡുകള്‍ ഒന്നുതന്നെയെന്ന് ചുവടെയുള്ള ചിത്രത്തില്‍ നിന്ന് മനസിലാക്കാം.
'പാരിജാതന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, അടങ്കല്‍ തുക 3 ലക്ഷം' എന്നാണ് മറിമായത്തില്‍ കാണിക്കുന്ന ബസ് ഷെല്‍ട്ടറില്‍ എഴുതിയിരിക്കുന്നത്. ഈ എഴുത്ത് മായ്‌ച്ച് പകരം' കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, അടങ്കല്‍ തുക 3 ലക്ഷം രൂപ' എന്ന് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു എന്ന് ഉറപ്പിക്കാം.
മറിമായം പരിപാടിയുടെ സ്ക്രീന്‍ഷോട്ട്
നിഗമനം
കെ.ടി. ജലീല്‍ എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപയ്‌ക്ക് നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെഡ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. മഴവില്‍ മനോരമയിലെ മറിമായം പരിപാടിയുടെ സെറ്റിന്‍റെ ചിത്രമാണ് കെ.ടി. ജലീല്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. കെ.ടി. ജലീല്‍ എംഎല്‍എ നിര്‍മ്മിച്ചു എന്ന പേരില്‍ പ്രചരിക്കുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടറും മറിമായം ടെലിവിഷന്‍ ഷോയില്‍ കാണിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രവും ഒന്നുതന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം