വാളയാര്‍ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കൈക്കൂലിയുമായി പിടിയിലായ ഉദ്യോഗസ്ഥന്‍റെ ദൃശ്യം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം
വാളയാര്‍: ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ പിടികൂടിയ മധ്യവയസ്‌കന്‍ എന്ന് തോന്നിക്കുന്നയാളുടെ ദൃശ്യം സാമൂഹ്യമാധ്യമായ ഫേസ്‌ബുക്കില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വാളയാര്‍ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ നിന്ന് കൈക്കൂലിയുമായി പിടിയിലായ ഉദ്യോഗസ്ഥന്‍റെ ദൃശ്യമാണിത് എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ പറയുന്നത്. ഇതിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
undefined
'ബഹിരാകാശ യാത്രികനല്ല. 😀😀 വാളയാർ ചെക്ക് പോസ്റ്റിലെ ഒരു പാവം ഉദ്യോഗസ്ഥനാണ്... ഒരു ദിവസത്തെ മാത്രം കളക്ഷനാണ്. 😂😂😂' എന്നുമാണ് 2023 നവംബര്‍ ഏഴാം തിയതി മലപ്പുറത്തെ യൂത്തന്‍മാര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ കുട്ടൂസ് പുതിയത്ത് എന്നയാള്‍ വീഡിയോ സഹിതം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒരു മിനുറ്റും 30 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ധരിച്ചിരിക്കുന്ന ഷര്‍ട്ട് അഴിക്കുമ്പോള്‍ ഇദേഹത്തിന്‍റെ ശരീരത്തില്‍ ജാക്കറ്റ് പോലെ കെട്ടിവച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കാണാം. സമാനമായി കാലുകളിലും ഇദേഹം പണം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വാളയാര്‍ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ കൈക്കൂലിയുമായി പിടിയിലായ ദൃശ്യം തന്നെയോ ഇത്? പരിശോധിക്കാം.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക
വസ്‌തുതാ പരിശോധന
എന്നാല്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും വീഡിയോയില്‍ കാണുന്നയാള്‍ വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥനുമല്ല എന്നതാണ് യാഥാര്‍ഥ്യം. ഈ വീഡിയോ നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി കേരള എക്‌സൈസ് വിഭാഗം 2023 ഓഗസ്റ്റ് 12ന് ചെയ്‌ത ട്വീറ്റ് പരിശോധനയില്‍ കണ്ടെത്താനായി. 'സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താതിരിക്കുക.🙏 വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്' എന്ന തലക്കെട്ടോടെയാണ് കേരള എക്‌സൈസ് ഡിപ്പാര്‍ട്‌മെന്‍റിന്‍റെ ട്വീറ്റ്. 'വാളയാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി പിടിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം, കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്ന പെരുമ്പാവൂര്‍ സ്വദേശി താനാജി യശ്വന്ത് യാംഗര്‍ എന്നയാള്‍ ദേഹത്ത് ഒളിപ്പിച്ചുവച്ചിരുന്ന കുഴല്‍പ്പണം എക്‌സൈസ് പുറത്തെടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്' എന്നും കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്‍റെ ട്വീറ്റില്‍ പറയുന്നു. വീഡിയോ സഹിതം നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് ഈ ട്വീറ്റ് കൊണ്ടുതന്നെ ഉറപ്പിക്കാം.
എക്‌സൈസ് വിഭാഗത്തിന്‍റെ ട്വീറ്റ്
സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താതിരിക്കുക.🙏
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
pic.twitter.com/twoNqVcwCi
നിഗമനം
വാളയാര്‍ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ കൈക്കൂലിയുമായി പിടിയിലായ ഉദ്യോഗസ്ഥന്‍റെ ദൃശ്യം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനില്‍ നിന്ന് ദേഹത്ത് ഒളിപ്പിച്ചുവച്ച നിലയില്‍ കുഴല്‍പ്പണം പിടികൂടുന്ന ദൃശ്യമാണ് എക്‌സൈസ് വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ തെറ്റായ തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം