കേരള വര്‍മ്മ പഴശി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2023 ഒക്ടോബര്‍ 29ന് ഉച്ചയ്‌ക്ക് 12.17ന് വന്ന ട്വീറ്റ് വിവാദത്തില്‍
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്‍ററില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് വ്യാജ പ്രചാരണങ്ങള്‍. കൊച്ചിയിലേത് തീവ്രവാദി ആക്രമണമാണ് എന്ന് പൊലീസോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ സ്ഥിരീകരിക്കാതിരിക്കേ ഇതൊരു ഭീകരാക്രമണമാണ് എന്ന് സ്ഥാപിച്ചായിരുന്നു എക്‌സ് (പഴയ ട്വിറ്റര്‍) അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചാരണം.
പ്രചാരണം
undefined
കേരള വര്‍മ്മ പഴശി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് 2023 ഒക്ടോബര്‍ 29ന് ഉച്ചയ്‌ക്ക് 12.17ന് വന്ന ട്വീറ്റ് ഇങ്ങനെ. 'കേരളത്തില്‍ ഭീകരാക്രമണം. കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്നത് ബോംബ് സ്ഫോടനമാണ് എന്ന് കേരള പൊലീസ് സ്ഥീരികരിച്ചിട്ടുണ്ട്. ഞായറാഴ്‌ച രാവിലെ യഹോവയുടെ സാക്ഷികളെ ഉന്നമിട്ടുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു'- ഇത്രയുമാണ് കേരള വര്‍മ്മ പഴശി എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വന്ന ട്വീറ്റ്. #Terroristattack എന്ന ഹാഷ്‌ടാഗും ഈ ട്വീറ്റിനൊപ്പം കാണാം.
Terror attack in Kerala. Kerala Police confirms that it was bomb explosions that happened at the convention hall in Kalamasseri.
Atleast one dead and many critically wounded in explosions that targetted a meeting of Jehovah Witness believers on Sunday morning. pic.twitter.com/xPJDWwwAsn
മറ്റ് നിരവധി പേരും ട്വിറ്ററില്‍ കേരളത്തിനെതിരെ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടു. 'കൊച്ചിക്ക് അടുത്ത ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ നടന്ന ഒന്നിലേറെ സ്ഫോടനങ്ങള്‍ കളമശ്ശേരിയില്‍ ഇസ്ലാമിക തീവ്രവാദത്തിന്‍റെ ആശങ്കകളുണ്ടാക്കുന്നു' എന്നായിരുന്നു ഇന്‍ക്രഡിബിള്‍ ഭാരത് നൗ എന്ന യൂസറുടെ ട്വീറ്റ്. #terrorism എന്ന ഹാഷ്‌ടാഗും ട്വീറ്റിനൊപ്പമുണ്ടായിരുന്നു. കളമശ്ശേരിയില്‍ സ്ഫോടനം നടന്ന ദിനമായ 2023 ഒക്ടോബര്‍ 29ന് ഉച്ചയ്‌ക്ക് 12.13നായിരുന്നു ഇന്‍ക്രഡിബിള്‍ ഭാരത് നൗവിന്‍റെ ട്വീറ്റ്.
"Multiple Explosions in Christian Dominated Area Near Cochi Raise Concerns of Islamic Terrorism in Kalamasseri; Casualties Reported" pic.twitter.com/JxFOa9eRw7
— Incredible Bharat Now (@IBharatNow)വസ്‌തുത
കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ ഇന്നലെ രാവിലെ 9.40 ഓടെയുണ്ടായ സ്ഫോടനം തീവ്രവാദ ആക്രമണമാണ് എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നിട്ടും സംഭവം തീവ്രവാദി ആക്രമണമാണ് എന്നും ഇസ്ലാമിക തീവ്രവാദികള്‍ കളമശ്ശേരിയില്‍ പിടിമുറുക്കിയിരിക്കുകയാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് കേരള വര്‍മ്മ പഴശി, ഇന്‍ക്രഡിബിള്‍ ഭാരത് നൗ തുടങ്ങി നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ ചെയ്‌തത്. തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന യാതൊരു സൂചനകളും തെളിവുകളും കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്തിനായിട്ടില്ല എന്നിരിക്കേയായിരുന്നു വ്യാജ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായത്.
സ്ഫോടനം നടത്തിയത് ആര്?
കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്‍ററിന്‍റെ അകത്താണ് ഇന്നലെ (29-10-2023) രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ പ്രതിയായ എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. സ്ഫോടനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ ഇയാള്‍ പൊലീസിന് തെളിവുകള്‍ കൈമാറിയിട്ടുണ്ട്. കളമശ്ശേരി കൺവെൻഷൻ സെൻറർ സ്ഫോടനത്തിൽ മൂന്ന് പേരാണ് മരണമടഞ്ഞത്. നിരവധി പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്.
Read more: Fact Check: കൈകാലനക്കുന്ന, സംസാരിക്കുന്ന മൃതദേഹങ്ങള്‍; ഗാസയിലെ ആ നാടകവും പൊളിഞ്ഞു?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം