പാളയത്തില്‍ പട, ഇസ്രയേലി പതാക കത്തിച്ച് ജൂതന്‍മാര്‍! ഗാസയെ ആക്രമിക്കുന്നതിലുള്ള പ്രതിഷേധമോ?

By Web Team  |  First Published Nov 3, 2023, 1:29 PM IST

ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തിനെതിരെ ജൂതന്‍മാര്‍ പ്രതിഷേധിക്കുന്നതോ ഇത്?


ഹമാസിനെതിരായ പ്രത്യാക്രമണം എന്ന പേരില്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിനെതിരെ ഇസ്രയേലിനുള്ളില്‍ നിന്നുതന്നെ വിമര്‍ശനമുണ്ടോ? ഇതിന് തെളിവായി ഒരു വീഡിയോ പ്രചരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. ജൂതന്മാർ തന്നെ ഇസ്രയേല്‍ പതാക കത്തിക്കുന്നു എന്നാണ് 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്‌ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ജൂതവേഷം ധരിച്ച ഒരുകൂട്ടം ആളുകള്‍ ഇസ്രയേല്‍ പതാക കത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യത്തിനെതിരെ ജൂതന്‍മാര്‍ പ്രതിഷേധിക്കുന്നതോ ഇത്? പരിശോധിക്കാം. 

വീഡിയോ

ജൂതന്മാർ തന്നെ ഇസ്രയേല്‍
പതാക കത്തിക്കുന്നു pic.twitter.com/M0Mrx1A2Ew

— Latest and Last Message (@LastLatest)

Latest Videos

undefined

വസ്‌തുതാ പരിശോധന

കുട്ടികളും മുതിര്‍ന്നവരുമായ ആളുകള്‍ കൂട്ടുകൂടി നിന്ന് വലിയ ഇസ്രയേല്‍ പതാക കത്തിക്കുന്നതാണ് Latest and Last Message എന്ന ട്വിറ്റര്‍ യൂസര്‍ 2023 ഒക്ടോബര്‍ 30ന് പങ്കുവെച്ച വീഡിയോയിലുള്ളത്.

ഈ വീഡിയോയുടെ ഉറവിടം അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ടര്‍ക്കിഷ് മാധ്യമായ Yeni Şafak 2019 ജൂലൈ നാലിന് ഇംഗ്ലീഷ് തലക്കെട്ടില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ച സമാന വീഡിയോ കാണാനായി. എത്യോപന്‍ വംശജനെ പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജൂതന്‍മാര്‍ ഇസ്രയേല്‍ പതാക കത്തിച്ച് പ്രതിഷേധിച്ചു എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്. എത്യോപ്യന്‍ വംശജനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും ഇതില്‍ പ്രതിഷേധം തുടരുകയാണ് എന്നും വീഡിയോയുടെ താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ പറയുന്നു. എന്നാല്‍ വെടിയേറ്റ് മരിച്ചയാളുടെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടില്ല എന്നത് ആശയക്കുഴപ്പമുണ്ടാക്കി.

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

ഇതോടെ സംശയം പരിഹരിക്കാന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫലങ്ങള്‍ കൂടുതലായി പരിശോധിച്ചു. റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ ലഭിച്ച മറ്റൊരു ഫലത്തില്‍ മറ്റൊരു ടര്‍ക്കിഷ് മാധ്യമം ഇതേ വീഡിയോ സഹിതം നല്‍കിയിരിക്കുന്ന വാര്‍ത്തയില്‍ സോളമന്‍ എന്നാണ് വെടിയേറ്റ് കൊല്ലപ്പെട്ടയാളുടെ പേരെന്നും 19 വയസാണ് പ്രായം എന്നും പറയുന്നുണ്ട്. വാര്‍ത്ത ടര്‍ക്കിഷില്‍ നിന്ന് ഇംഗ്ലീഷിലേക്ക് ട്രാന്‍സ്‌ലേറ്റ് ചെയ്‌താണ് ഇക്കാര്യം മനസിലാക്കിയത്.  

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

രണ്ട് തുര്‍ക്കി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളിലും പറയുന്നത് പോലെ 2019ല്‍ നടന്ന സംഭവവും എത്യോപന്‍ വംശജനെ പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജൂതന്‍മാര്‍ ഇസ്രയേല്‍ പതാക കത്തിക്കുന്നതുമോണോ വീഡിയോയില്‍ കാണുന്നത് എന്നും ഉറപ്പിക്കാന്‍ കീവേഡ് സെര്‍ച്ചും നടത്തി. ഇതില്‍ ബിബിസി ന്യൂസ് 2019 ജൂലൈ 3ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാണാനായി. എത്യേപ്യന്‍ വംശജനായ പതിനെട്ട് വയസുകാരന്‍ സോളമനെയാണ് പൊലീസ് ഓഫീസര്‍ വെടിവച്ച് കൊന്നതെന്നും ഇതിനെ തുടര്‍ന്ന് ഇസ്രയേലിന്‍റെ പല ഭാഗങ്ങളില്‍ എത്യോപന്‍ വംശജരായ ആളുകള്‍ പ്രതിഷേധം നടത്തിയെന്നും ബിബിസിയുടെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. കൊല്ലപ്പെട്ടയാളുടെ പേര് സോളമന്‍ എന്നാണെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന ടര്‍ക്കിഷ് മാധ്യമത്തിന്‍റെ വാര്‍ത്തയിലും കാണാം. 

ടര്‍ക്കിഷ് മാധ്യമങ്ങളും ബിബിസിയും പറയുന്നത് ഒരേ ആള്‍ കൊല്ലപ്പെട്ട കാര്യമാണ് എന്ന് ഇതോടെ ഉറപ്പായി. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2019ലേതാണ് എന്നും തെളിഞ്ഞു. 

ബിബിസി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ജൂതന്മാർ ഇസ്രയേലി പതാക കത്തിക്കുന്നു എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല. 2019ല്‍ ഒരു എത്യോപ്യന്‍ കൗമാരക്കാരനെ പൊലീസ് വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഇസ്രയേല്‍ പതാക കത്തിച്ചത് എന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായി. 

Read more: ഹമാസിനെതിരായ യുദ്ധം; ഇസ്രയേല്‍ നടിയും സൂപ്പര്‍ മോഡലുമായ ഗാൽ ഗാഡോട്ട് സൈന്യത്തില്‍ ചേര്‍ന്നോ?

click me!