നവംബര്‍ 16ന് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം വരുന്നതായാണ് ഫിക്‌ച്ചര്‍ പ്രചരിക്കുന്നത്
ടെല്‍ അവീവ്: ഒരിടവേളയ്‌ക്ക് ശേഷമുള്ള ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയെ രക്തരൂക്ഷിതമാക്കിയിരിക്കുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഗാസയില്‍ വ്യോമ, കര മാര്‍ഗങ്ങളിലൂടെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന. കുട്ടികളടക്കം ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ഗാസയില്‍ ജീവന്‍ നഷ്‌ടമായത്. സംഘര്‍ഷം ഒരു അയവുമില്ലാതെ തുടരുമ്പോള്‍ ഫുട്ബോള്‍ മൈതാനത്ത് കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുകയാണോ ഇസ്രയേലും പലസ്‌തീനും. എന്നാലിത് വ്യാജ പ്രചാരണം ആണെന്നതാണ് വസ്‌തുത.
പ്രചാരണം
undefined
ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ ഇസ്രയേലും പലസ്‌തീനും 2023 നവംബര്‍ 16ന് മുഖാമുഖം വരുന്നതായാണ് നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിരിക്കുന്ന ഫിക്‌ച്ചറില്‍ പറയുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയിലെ രണ്ടാം റൗണ്ട് മത്സരമാണ് ഇതെന്ന് ഷെഡ്യൂളില്‍ നല്‍കിയിരിക്കുന്നത് കാണാം. 2026 ഒക്ടോബര്‍ 26-ാം തിയതി വന്ന ഒരു ട്വീറ്റ് ചുവടെ.
വസ്‌തുതാ പരിശോധന
പ്രചരിക്കുന്ന മത്സരക്രമം തെറ്റാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത്. ഫിഫയുടെ വെബ്‌സൈറ്റ് പരിശോധിച്ച് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഫിക്‌ച്ചര്‍ ഉറപ്പിച്ചാണ് വസ്‌തുത തിരിച്ചറിഞ്ഞത്. നവംബര്‍ 16ന് ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ പലസ്തീന് മത്സരമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അന്നേദിനം പലസ്‌തീന് എതിരാളികള്‍ ഇസ്രയേല്‍ അല്ല, ലെബനന്‍ ആണ്. അതേദിനം തന്നെ ഇസ്രയേല്‍ ഫുട്ബോള്‍ ടീമിനും മത്സരമുണ്ട്. എന്നാല്‍ ഏഷ്യയിലല്ല, യൂറോപ്യന്‍ ക്വാളിഫയറിലാണ് ഇസ്രയേല്‍ മത്സരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇസ്രയേലിന് നവംബര്‍ 16ന് എതിരാളികള്‍ എന്ന് യുവേഫയുടെ വെബ്‌സൈറ്റ് പറയുന്നു. ഫിഫ ലോകകപ്പിന്‍റെ യോഗ്യതാ റൗണ്ടില്‍ ഇരു വന്‍കരകളിലായാണ് ടീമുകള്‍ വരുന്നത് എന്നതിനാല്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ മുഖാമുഖം മത്സരം വരില്ല എന്നതും വസ്‌തുതയാണ്.
നിഗമനം
2023 നവംബര്‍ 16ന് ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം വരുന്നതായുള്ള പ്രചാരണം വ്യാജമാണ്. ഇസ്രയേലിന് സ്വിറ്റ്‌സര്‍ലന്‍ഡും പലസ്‌തീന് ലെബനനുമാണ് എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം