ഗാസയില്‍ പലസ്‌തീനികള്‍ വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തി? വീഡിയോയുടെ വസ്‌തുത പുറത്ത്

By Web TeamFirst Published Oct 14, 2023, 12:17 PM IST
Highlights

2023 ഒക്ടോബര്‍ ഏഴാം തിയതിയാണ് ഗാസയില്‍ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം അഴിച്ചുവിട്ടത്

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയില്‍ തുടരുന്നതിനിടെ പലസ്‌തീനിലേത് എന്ന പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് മൃതദേഹവുമായി സംസ്‌കാര ചടങ്ങിന് പോകുന്നതാണ് വീഡിയോ. പലസ്‌തീനികളുടെ വ്യാജ ശവസംസ്‌കാര ചടങ്ങാണ് ഇത് എന്നാരോപിച്ചാണ് വീഡിയോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

Latest Videos

പ്രചാരണം

2023 ഒക്ടോബര്‍ ഏഴാം തിയതിയാണ് ഗാസയില്‍ നിന്ന് ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇസ്രയേല്‍ കനത്ത പ്രത്യാക്രമണം ഗാസയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്‍റെ തിരിച്ചടിയില്‍ ഗാസയില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ തുടര്‍ച്ചയെന്നോളമാണ് ഫേസ്‌ബുക്കില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. പലസ്തീനികള്‍ വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണിത് എന്നുപറഞ്ഞാണ് ഗാരി പല്‍മാര്‍ എന്നയാള്‍ 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ 2023 ഒക്ടോബര്‍ 11ന് എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തത്. 

 

'മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ് ഇവര്‍ക്കാണ്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മരിച്ച ആണ്‍കുട്ടിയുടെ മൃതദേഹവുമായി പലസ്‌തീന്‍മാര്‍ ശവഘോഷയാത്ര നടത്തുന്നു. എന്നാല്‍ തിരച്ചിലിനായുള്ള സൈറന്‍ ഉടന്‍ മുഴങ്ങിയതും അവര്‍ സ്‌ട്രെറ്റ്‌ച്ചര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. എന്നാല്‍ ജീവനറ്റ കുട്ടി ഉടന്‍ ചാടിയെണീറ്റ് ഓടി. ഇതൊരു അത്ഭുതമാണ്' എന്ന കുറിപ്പോടെയാണ് ഗാരി പാല്‍മറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. 

വസ്‌തുത

ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ജീവന്‍ നഷ്‌ടമായെന്ന് പലസ്‌തീനികള്‍ നാടകം കളിക്കുകയാണ് എന്ന് ആരോപിക്കുന്ന വീഡ‍ിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധമൊന്നുമില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2020ല കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്തെ ജോര്‍ദാനില്‍ നിന്നുള്ളതാണ്. കൊവിഡ് ലോക്ക്‌ഡൗണ്‍ ലംഘിച്ച് വീടിന് പുറത്തുകടക്കാന്‍ ജോര്‍ദാനിലെ ഒരുപറ്റം യുവാക്കള്‍ വ്യാജ ശവസംസ്‌കാര ഘോഷയാത്ര സംഘടിപ്പിക്കുകയായിരുന്നു എന്നാണ് അന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ജോര്‍ദാനില്‍ നിന്നുള്ള 2020ലെ വീഡിയോയാണിത് എന്ന് കാണിക്കുന്ന വിവിധ മാധ്യമ വായിക്കാം, ലിങ്ക് 1, ലിങ്ക് 2

Read more: ഗാസയില്‍ കെട്ടിടാവശിഷ്‌ടങ്ങളില്‍ നിന്ന് കുട്ടിയെ രക്ഷിച്ചതായുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!