Fact Check: കൈകാലനക്കുന്ന, സംസാരിക്കുന്ന മൃതദേഹങ്ങള്‍; ഗാസയിലെ ആ നാടകവും പൊളിഞ്ഞു?

By Jomit Jose  |  First Published Oct 30, 2023, 11:53 AM IST

ഗാസയിലെ ജനങ്ങള്‍ മൃതദേഹങ്ങളായി അഭിനയിക്കുകയാണ് എന്ന വീഡിയോ പ്രചാരണം വ്യാജം


ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരും പരിക്കേല്‍ക്കുന്നവരുമായവരുടെ എണ്ണം പെരുപ്പിച്ച് കാണിക്കാന്‍ ഗാസയും ഹമാസും ശ്രമിക്കുന്നതായി ആരോപണം മുമ്പേ ശക്തമാണ്. പരിക്ക് അഭിനയിക്കാന്‍ ഗാസക്കാര്‍ മേക്കപ്പ് ഇടുകയാണ് എന്നും മൃതദേഹങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ശക്തമായിരുന്നെങ്കിലും ഇവ വ്യാജമാണ് എന്ന് തെളിഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീമും ഗാസയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി പൊതു സമൂഹത്തെ അറിയിച്ചിരുന്നു. ഗാസയെ കുറിച്ച് ഇപ്പോള്‍ ശക്തമായിരിക്കുന്ന മറ്റൊരു ആരോപണത്തിന്‍റെ വസ്‌തുത പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

വെള്ളത്തുണിയില്‍ പുതപ്പിച്ച ഏറെ മൃതദേഹങ്ങള്‍ നിലത്ത് നിരത്തിയിട്ടിരിക്കുന്നതിന്‍റെ വീഡിയോയാണ് എക്‌സും ഫേസ്‌ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവയിലെ ചില മൃതദേഹങ്ങള്‍ക്ക് ജീവനുണ്ടെന്നും അവ ചലിക്കുന്നത് കാണാമെന്നും ഇതിനാല്‍ തന്നെ ഇത് വെറും അഭിനയമാണ് എന്നുമാണ് വീഡിയോ ഷെയര്‍ ചെയ്യുന്നവര്‍ കുറിക്കുന്നത്. ഗാസയിലെ മരണനിരത്ത് പെരുപ്പിച്ച് കാണിക്കാന്‍ അല്‍ ജസീറ ചാനലിന്‍റെ നാടകമാണ് ഇതോടെ പൊളിയുന്നത് എന്നും വീഡിയോ പങ്കുവെക്കുന്നവര്‍ പറയുന്നു. 'അടങ്ങി കിടക്കട ശവമേ നിന്നെ കാണിച്ചു കുറച്ച് പൈസ പിരിക്കട്ടെ' എന്നാണ് ജോണ്‍സണ്‍ മാത്യു എന്നയാളുടെ മലയാളത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. ഒരു മിനുറ്റും 25 സെക്കന്‍ഡുമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കേരളത്തിലും വീഡിയോ വ്യാപകമായ പശ്ചാത്തലത്തില്‍ എന്താണ് ഈ ആരോപണങ്ങളുടെ വസ്‌തുത എന്ന് പരിശോധിക്കാം. 

ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍

വസ്‌തുതാ പരിശോധന

പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ദൃശ്യങ്ങളുടെ പൂര്‍ണ രൂപം കണ്ടെത്താനായി. ഇതില്‍ നിന്ന് മനസിലായത് ഇത് ഇപ്പോഴത്തെ വീഡിയോയല്ല എന്നും ഈജിപ്‌തിലെ അല്‍ അസര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പ്രതിഷേധത്തിന്‍റെ വീഡിയോയാണ് എന്നുമാണ്. ഇക്കാര്യം ഈജിപ്ഷ്യന്‍ പത്രമായ അല്‍ ബാദില്‍ 2013 ഒക്ടോബര്‍ 28ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7നാണ് ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടങ്ങിയത് എന്നതിനാല്‍ വീഡിയോ പഴയതും ഈജിപ്തില്‍ നിന്നുള്ളതാണ് എന്നും ഉറപ്പിക്കാം. 

വീഡിയോയുടെ പൂര്‍ണ രൂപം

നിഗമനം

ഗാസയിലെ ജനങ്ങള്‍ മൃതദേഹങ്ങളായി അഭിനയിക്കുകയാണ് എന്ന വീഡിയോ പ്രചാരണം വ്യാജമാണ്. 2013ല്‍ ഈജിപ്തിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. 

Read more: 'ഗാസയില്‍ മൃതദേഹങ്ങള്‍ വരെ അഭിനയം, മൊബൈല്‍ ഫോണില്‍ തോണ്ടിയിരിക്കുന്നു'; ചിത്രവും വസ്‌തുതയും

click me!