മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണത്തില്‍ പകര്‍ത്തിയ ദൃശ്യമാണിത് എന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്
ഗാസ: ഹമാസിന്‍റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഗാസയില്‍ ശക്തമായി വ്യോമമാര്‍ഗം തിരിച്ചടിക്കുകയാണ്. മിസൈലുകള്‍ക്ക് പുറമെ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഗാസയില്‍ ഇസ്രയേല്‍ പ്രയോഗിച്ചു എന്നൊരു ആരോപണം ഇതിനകം ശക്തമാണ്. വൈറ്റ് ഫോസ്‌ഫറസ് ബോംബുകൾ ഉപയോഗിക്കുന്നത് യുഎന്‍ നിരോധിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഗാസയിലെ ഇസ്രയേലിന്‍റെ വൈറ്റ് ഫേസ്‌ഫറസ് ബോംബ് പ്രയോഗത്തിന്‍റെ ദൃശ്യങ്ങള്‍ എന്നാരോപിക്കുന്ന ഒരു വീഡിയോ ഇതിന് പിന്നാലെ വൈറലായിരുന്നു. സത്യം തന്നെയോ ഈ വീഡിയോ?
undefined
പ്രചാരണം
'ഗാസയില്‍ നിന്നുള്ള അപ്‌ഡേറ്റ്: ഇസ്രയേല്‍ വ്യോമസേന ഗാസയില്‍ വൈറ്റ് ഫേസ്‌ഫറസ് ബോംബ് വര്‍ഷിച്ചു' എന്ന തലക്കെട്ടോടെ 2023 ഒക്ടോബര്‍ 11-ാം തിയതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ആകാശത്ത് നിന്ന് തുടര്‍ച്ചയായി തീപ്പൊരികള്‍ ഭൂമിയിലേക്ക് പതിക്കുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മൊബൈല്‍ ഫോണ്‍ പോലുള്ള ഉപകരണത്തില്‍ പകര്‍ത്തിയ ദൃശ്യമാണിത് എന്നാണ് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്നത്.
വസ്‌തുത
എന്നാല്‍ ഗാസയില്‍ ഇസ്രയേല്‍ സേന വൈറ്റ് ഫേസ്‌ഫറസ് ബോംബ് പ്രയോഗിച്ചു എന്ന ആരോപണത്തിന് തെളിവായി പ്രചരിക്കുന്ന ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്‌തുത. കാരണം, ഈ വീഡിയോ 2023 മാര്‍ച്ച് മാസം 13-ാം തിയതി മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതാണ് എന്ന് വസ്‌തുതാ പരിശോധനയില്‍ തെളിഞ്ഞു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഒക്ടോബര്‍ ഏഴാം തിയതി ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇരു കൂട്ടരും തമ്മില്‍ പുതിയ സംഘര്‍ഷം തുടങ്ങിയത്. അപ്പോള്‍ ഈ വീഡിയോയുടെ ഉറവിടം എവിടെയാണ്?
ഹമാസ്- ഇസ്രയേല്‍ പോരാട്ടം നടക്കുന്നതിന് ഏറെ മുമ്പുള്ള ഈ ദൃശ്യം റഷ്യയുടെ യുക്രൈന്‍ ആക്രമണ സമയത്തുള്ളതാണ് എന്നാണ് വസ്‌തുതാ പരിശോധനയില്‍ നിന്ന് വ്യക്തമാവുന്നത്. ഗാസയിലേത് എന്നാരോപിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഇംഗ്ലീഷ് മാധ്യമമായ ദി ടെലഗ്രാഫ് 2023 മാര്‍ച്ച് 13ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതാണ് എന്ന് ചുവടെയുള്ള സ്ക്രീന്‍ഷോട്ടില്‍ കാണാം.
യുക്രൈനില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്‍റെ ദൃശ്യങ്ങളാണിത് എന്നാണ് ദി ടെലഗ്രാഫ് അവരുടെ വീഡിയോയ്‌ക്ക് നല്‍കിയ വിവരണത്തില്‍ പറയുന്നത്. യുക്രൈന്‍, റഷ്യ ഹാഷ്‌ടാഗുകളും ഈ വീഡിയോയ്‌ക്കൊപ്പം ദി ടെലഗ്രാഫ് നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വൈറ്റ് ഫേസ്‌ഫറസ് ബോംബ് ആക്രമണത്തിന്‍റെ ദൃശ്യമാണിത് എന്ന വാദം ഇക്കാരണത്താല്‍ ശരിയല്ല. അതേസമയം ഗാസയിലും ലെബനോനിലും നിന്നുള്ള വീഡിയോകള്‍ പരിശോധിച്ച ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നത് ഇസ്രയേല്‍ സേന ഇവിടങ്ങളില്‍ വൈറ്റ് ഫേസ്‌ഫറസ് ബോംബ് പ്രയോഗിച്ചിട്ടുണ്ട് എന്നാണ്.
ദി ടെലഗ്രാം 2023 മാര്‍ച്ച് 13ന് അപ്‌ലോഡ് ചെയ്‌തിട്ടുള്ള സമാന വീഡിയോ
നിഗമനം
വൈറ്റ് ഫോസ്ഫറസ് ബോംബ് ഗാസയില്‍ ഇസ്രയേല്‍ പ്രയോഗിച്ചു എന്നതിന് തെളിവായി ചൂണ്ടിക്കാണിച്ച് പ്രചരിക്കുന്ന വീഡിയോ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നിന്നുള്ളതാണ്. ഈ വീഡിയോയ്‌ക്ക് നിലവിലെ ഇസ്രയേല്‍- ഹമാസ് സംഘര്‍ഷവുമായി ബന്ധമൊന്നുമില്ല.
Read more: ഗാസയില്‍ പലസ്‌തീനികള്‍ വ്യാജ ശവസംസ്‌കാര ചടങ്ങ് നടത്തി? വീഡിയോയുടെ വസ്‌തുത പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം