ആകാശച്ചുഴിയിൽപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ ദൃശ്യമോ? നടുക്കുന്ന വീഡിയോയുടെ വസ്‌തുത

By Web TeamFirst Published May 22, 2024, 2:30 PM IST
Highlights

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്

സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം ഇന്നലെ ആകാശച്ചുഴിയിൽ അകപ്പെട്ടതിനെ തുടര്‍ന്ന് ഒരാൾക്ക് ജീവൻ നഷ്ടമാവുകയും നിരവധിയാളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കവെയാണ് വിമാനം ആകാശച്ചുഴിയില്‍ വീണത്. 229 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം ഏകദേശം അഞ്ച് മിനിറ്റ് കൊണ്ട് 6000 അടി താഴ്ചയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തിരമായി ബാങ്കോക്കില്‍ ഇറക്കി. സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍ വീണതിന്‍റെ എന്ന പേരില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് യഥാര്‍ഥമോ എന്ന് നോക്കാം.

പ്രചാരണം 

Latest Videos

'ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്- വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കുക...' എന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ celebrity 24/7 എന്ന ഫേസ്‌ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട ഹാഷ്‌ടാഗുകളും വീഡിയോയ്‌ക്കൊപ്പം കാണാം. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ പരിഭ്രാന്തരായ നിലയിലാണ് വീഡിയോയുള്ളത്.

മറ്റ് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സമാന വീഡിയോ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ നിന്നുള്ളത് എന്ന അവകാശവാദത്തോടെ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 

വസ്‌തുത

എന്നാല്‍ ഈ വീഡിയോ 2019ല്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്നതാണ് യാഥാര്‍ഥ്യം. 2019 ജൂണ്‍ 16നാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് വിവരം. കൊസോവയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോയ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന വിമാനത്തിലെ ഒരു സ്റ്റാഫിന്‍റെ തല സീലിംഗില്‍ ഇടിച്ചതിന്‍റെ ദൃശ്യങ്ങളാണിത്. അന്ന് ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ വീഡിയോയ്ക്ക് ഇന്നലെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവുമായി യാതൊരു ബന്ധവുമില്ല. 

Read more: ഇറാൻ പ്രസിഡന്‍റുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്‍റെ ചിത്രങ്ങളോ ഇത്? Fact Check

click me!