'അങ്ങനെ അതും വന്നു', ചൈനയില്‍ ട്രെയിന്‍ യാത്രക്കാരെ വിറപ്പിച്ച് സൊംബികളുടെ ആക്രമണം'; വീഡിയോയുടെ വാസ്‌തവം

By Web Team  |  First Published Sep 6, 2023, 11:14 AM IST

ട്രെയിന്‍ യാത്രക്കാര്‍ക്കിടയിലേക്ക് സൊംബി വൈറസ് പിടിപെട്ടവര്‍ എത്തുകയും ആളുകളെ ഭയപ്പെടുത്തിയെന്നും പറഞ്ഞാണ് വീഡിയോ ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം പങ്കുവെയ്‌ക്കപ്പെടുന്നത്


ബെയ്‌ജിങ്ങ്‌: സൊംബി വൈറസുകളെ കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും ലോകത്തുണ്ട്. അമേരിക്കയിലും ചൈനയിലും എന്നുതുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൊംബി വൈറസ് പടര്‍ന്നുപിടിക്കുന്നതായി മുമ്പ് പല പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. ഈ പ്രചാരണങ്ങളുടെ ആധികാരികത കൂട്ടാന്‍ പല വീഡ‍ിയോകളും ചിത്രങ്ങളും പലരും ഷെയര്‍ ചെയ്‌ത് നാം കണ്ടിട്ടുണ്ട്. ഇങ്ങനെ പ്രചരിക്കുന്ന ഒരു വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. ചൈനയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കിടയിലേക്ക് സൊംബി വൈറസ് പിടിപെട്ടവര്‍ എത്തുകയും ആളുകളെ ഭയപ്പെടുത്തിയെന്നും പറഞ്ഞാണ് വീഡിയോ ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും എല്ലാം പങ്കുവെയ്‌ക്കപ്പെടുന്നത്. 

പ്രചാരണം

Latest Videos

'അങ്ങനെ അതും വന്നു' എന്ന തലക്കെട്ടോടെയാണ് സൊംബി വൈറസ് വീഡിയോ എന്നവകാശപ്പെടുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനും അതിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്ന കുറച്ച് വിരൂപ സ്വഭാവികളായ മനുഷ്യന്‍മാരും അവര്‍ ആളുകളെ കീഴ്‌പ്പെടുത്തുന്നതും യാത്രക്കാര്‍ ഭയചകിതരായി കഴിയുന്നതുമാണ് റീല്‍സായി പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സൊംബി വൈറസ് ചൈനയുടെ വടക്ക് പ്രവിശ്യകളിലേക്ക് എത്തി എന്നും വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കുറിപ്പുകളോടെ ഈ വീഡിയോ ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത് കാണാം. കൊവിഡിന് ശേഷം സൊംബി പടരുകയാണ് ചൈനയില്‍ എന്ന് പറയുന്നവര്‍ നിരവധി. 

വസ്‌തുത

എന്നാല്‍ സൊംബി വൈറസിന്‍റെ പോയിട്ട് ചൈനയില്‍ നിന്നുള്ള വീഡിയോ പോലുമല്ല ഇത് എന്നതാണ് വസ്‌തുത. ഇന്തോനേഷ്യയില്‍ നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിക്കിടെ പകര്‍ത്തിയ ദൃശ്യമാണ് ചൈനയിലെ സൊംബി വൈറസ് ബാധയുടേത് എന്ന അവകാശവാദത്തോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. സൊംബി വിഷയമാക്കിയാണ് ഈ പരിപാടി ഇന്തോനേഷ്യയില്‍ സംഘടിപ്പിച്ചത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായായിരുന്നു ഈ പരിപാടി. ചൈനയിലെ സൊംബി വൈറസ് ബാധയുടെ ദൃശ്യമാണ് ഇതെന്ന അവകാശവാദങ്ങളെല്ലാം അതുകൊണ്ടുതന്നെ പച്ചക്കള്ളമാണ്. 

Read more: മദ്യപിച്ച് കോണ്‍ തെറ്റി പുള്ളിപ്പുലി! വീഡിയോ സത്യമോ? ദൃശ്യം കേരളത്തിലും വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!