സ്‌ത്രീകള്‍ വാട്‌സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം ഉടന്‍ കളയണോ? മുന്നറിയിപ്പ് സന്ദേശത്തിന് പിന്നില്‍

By Web Team  |  First Published Aug 4, 2020, 12:37 PM IST

'ഐഎസും ചൈനീസ് ഹാക്കര്‍മാരും അശ്ലീല ഫോട്ടോ സൃഷ്ടിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്യും. നിങ്ങളുടെ സ്വന്തം ഫോട്ടോ പ്രൊഫൈൽ ചിത്രമായി കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കരുതെന്ന് വാട്സ്ആപ്പ് സിഇഒ അഭ്യർത്ഥിച്ചു' എന്നാണ് സന്ദേശത്തില്‍ പറയുന്നത്.  


ദില്ലി: വാട്‌സ്‌ആപ്പില്‍ സ്വന്തം ചിത്രങ്ങള്‍ ഡിപി ആക്കിയിട്ടുള്ള പെണ്‍കുട്ടികളും സ്‌ത്രീകളും അത് നീക്കം ചെയ്യണം എന്ന സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. പ്രൊഫൈല്‍ ചിത്രങ്ങള്‍ ഐഎസും ചൈനീസ് ഹാക്കര്‍മാരും അശ്ലീല ഫോട്ടോകളുണ്ടാക്കാന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്, നിങ്ങളുടെ സ്വന്തം പ്രൊഫൈൽ ഫോട്ടോ കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കരുതെന്ന് വാട്ട്‌സ്ആപ്പ് സിഇഒ അഭ്യർത്ഥിച്ചു എന്നൊക്കെയാണ് സന്ദേശത്തില്‍ പറയുന്നത്. ഏറെപ്പേരില്‍ ആശങ്ക സൃഷ്‌ടിച്ച പ്രചാരണത്തിലെ വസ്‌തുത എന്താണ്. 

പ്രചാരണം ഇങ്ങനെ

Latest Videos

undefined

'ഹായ്,

ആരുടെയെങ്കിലും അമ്മയോ സഹോദരിയോ അവരുടെ സ്വന്തം ഫോട്ടോയുടെ ഒരു ഡിപി വാട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അത് ഉടൻ മാറ്റാൻ അവരോട് ആവശ്യപ്പെടുക. കാരണം നിങ്ങളുടെ നമ്പറും വിവരവുമുള്ള വാട്സ്ആപ്പിൽ ഐസിസിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഹാക്കർമാർ ഉണ്ട്. നിങ്ങളുടെ സ്വന്തം അശ്ലീല ഫോട്ടോ സൃഷ്ടിക്കുന്നതിന് അവർ പ്രൊഫൈൽ ഫോട്ടോ ദുരുപയോഗം ചെയ്യുന്നു. നിങ്ങളുടെ സ്വന്തം പ്രൊഫൈൽ ഫോട്ടോ കുറച്ച് ദിവസത്തേക്ക് സൂക്ഷിക്കരുതെന്ന് വാട്സ്ആപ്പ് സിഇഒ അഭ്യർത്ഥിച്ചു. നിങ്ങളുടെ സുരക്ഷയ്ക്കായി വാട്സ്ആപ്പ് എഞ്ചിനീയർമാർ എല്ലായ്‌പ്പോഴും നിങ്ങളുമായി സഹകരിക്കും. ഈ സന്ദേശം എത്രയും വേഗം കൈമാറുക. പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികൾക്ക്...
 _____
 നന്ദി.
 _____
 എ.കെ. മിത്തൽ (ഐ.പി.എസ്)
 9849436632
 കമ്മീഷണർ ദില്ലി.
 .
 നിങ്ങളുടെ എല്ലാ ചങ്ങാതിമാർക്കും ദയവായി കൈമാറുക...'

 

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് പ്രധാനമായും ഈ സന്ദേശം കറങ്ങുന്നത്. എന്നാല്‍ ഫേസ്‌ബുക്കും ട്വിറ്ററും അടക്കമുള്ള മറ്റ് സാമൂഹ്യമാധ്യമങ്ങളിലും ഒട്ടും കുറവല്ല. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുമുണ്ട് ഈ കുറിപ്പ്. ഫേസ്‌ബുക്കില്‍ കണ്ടെത്താനായ ഒരു പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് ചുവടെ. 

വസ്‌തുത

പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്തരമൊരു മുന്നറിയിപ്പ് വാട്‌സ്‌ആപ്പ് സിഇഒ നല്‍കിയിട്ടില്ല. സന്ദേശത്തില്‍ പറയുന്ന എ.കെ. മിത്തൽ എന്നയാള്‍ അല്ല ദില്ലി കമ്മീഷണര്‍. നാളിതുവരെ ദില്ലി കമ്മീഷണര്‍ ആയവരുടെ പട്ടികയിലും മിത്തലിന്‍റെ പേരില്ല. സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പര്‍ പരിധിക്ക് പുറത്താണ് എന്നതും സന്ദേശം വ്യാജമാണ് എന്നുറപ്പിക്കുന്നു. 2016 മുതല്‍ വൈറലായ സന്ദേശമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 2017ലും ലും ഇത് വൈറലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അന്ന് ഈ സന്ദേശം കൂടുതലും പ്രചരിച്ചത്. 

 

നിഗമനം

നിങ്ങളുടെ അമ്മയോ സഹോദരിയോ അവരുടെ സ്വന്തം ഫോട്ടോ വാട്‌സ്ആപ്പിൽ ഡിപി ആക്കിയിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം എന്ന പ്രചാരണം വ്യാജമാണ്. ഐഎസിനെയും ചൈനീസ് ഹാക്കര്‍മാരെയും കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് വാട്‌സ്‌ആപ്പ് അധികൃതര്‍ നല്‍കിയിട്ടില്ല. പൊലീസും ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയിട്ടില്ല.

കാണാം ഫാക്‌ട് ചെക്ക് വീഡിയോ

"

യാത്രാമധ്യേ ആകാശത്ത് ഇന്ധന നിറയ്‌ക്കുന്ന വിമാനം; പുറത്തുവന്ന വീഡിയോ റഫാലിന്‍റെയോ?

ബിഹാറിലെ പ്രളയം; പഴയ ചിത്രങ്ങളുടെ കെണിയില്‍ വീണ് മാധ്യമങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!