ഫെയര്‍ ആന്‍ഡ് ലവ്‌ലിയില്‍ പന്നി നെയ്യ്, ലെയ്‌സിൽ പ്ലാസ്റ്റിക്ക്, വിക്‌സ് സ്ലോ‌പോയിസന്‍! സത്യമോ വൈറല്‍ സന്ദേശം?

By Jomit Jose  |  First Published Sep 26, 2023, 11:11 AM IST

കുട്ടികള്‍ ഉള്‍പ്പടെ ഭക്ഷിക്കുന്ന മധുരപലഹാരങ്ങളുടെ പേരുകള്‍ സഹിതമാണ് വൈറല്‍ വാട്‌സ്‌ആപ്പ് ഫോര്‍വേഡ് 


തിരുവനന്തപുരം: 'സൗന്ദര്യ വര്‍ധക ക്രീമായ ഫെയര്‍ ആന്‍ഡ് ലവ്‌ലിയില്‍ (ഇപ്പോള്‍ ഗ്ലോ ആന്‍ഡ് ലവ്‌ലി) പന്നി നെയ്യ് ചേർത്തിട്ടുണ്ട്, കിറ്റ്‌കാറ്റ് ചോക്ക്‌ലേറ്റില്‍ മാടിന്‍റെ ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന പദാർത്ഥങ്ങൾ ഉണ്ട്, ലെയ്സിൽ പ്ലാസ്റ്റിക്ക് അംശം അടങ്ങിയിട്ടുണ്ട്, വിക്‌സ് ഒരു സ്ലോപോയിസൺ ആണ്' എന്നിങ്ങനെ നീളുന്ന വലിയൊരു സന്ദേശം വാട്‌സ്‌ആപ്പില്‍ പലര്‍ക്കും കിട്ടിക്കാണും. 'അറിയാത്തവർ അറിയട്ടെ... ഇതൊന്നും മാധ്യമങ്ങൾ നിങ്ങളോട് പറയില്ല. കാരണം, അവരെ തീറ്റിപ്പോറ്റുന്നത് ഇവരൊക്കെയാണ്. പക്ഷേ വേണ്ടപ്പെട്ടവരിലേക്ക് എങ്കിലും ഈ വിവരം നമുക്ക് കൈമാറാൻ ശ്രമിക്കാം'... എന്നിങ്ങനെ നീളുന്നു വൈറല്‍ സന്ദേശത്തിലെ ഭീതിപ്പെടുത്തുന്ന വാക്കുകള്‍. നാം ഉപയോഗിക്കുന്ന ഈ സാധനങ്ങള്‍ എല്ലാം ഇത്ര അപകടകാരികളായിരുന്നോ? വൈറല്‍ സന്ദേശം സത്യമോ എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

വേണ്ടപ്പെട്ടവരിലേക്ക് ഈ വിവരം നമുക്ക് കൈമാറാൻ ശ്രമിക്കാം എന്ന ആഹ്വാനത്തോടെയാണ് വൈറല്‍ സന്ദേശം സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പില്‍ വൈറലായിരിക്കുന്നത്. ഇതേ മെസേജ് ഫേസ്‌ബുക്കിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ കണ്ടെത്തി. സന്ദേശത്തിന്‍റെ പൂര്‍ണരൂപം ചുവടെ വായിക്കാം. 

'അറിയാത്തവർ അറിയട്ടെ...മാധ്യമങ്ങൾ നിങ്ങളോട് പറയാത്തത്..???

Fair & Lovely എന്ന ക്രീമിൽ പന്നി നെയ്യ് ചേർത്തിട്ടുണ്ട് എന്നത് ചെന്നൈ ഹൈക്കോടതിയിൽ കമ്പനി സമ്മതിച്ചു എന്നതും

Kit Kat എന്ന ചോക്ലേറ്റിൽ മാടിന്റെ ഇറച്ചിയിൽ നിന്നും വേർതിരിക്കുന്ന പദാർത്ഥങ്ങൾ ഉണ്ട് എന്നത് നെസ്ലേ കമ്പനി അംഗീകരിച്ചു എന്നതും

വിക്സ് ഒരു സ്ലോ പോയിസൺ ആണെന്നതും, വിദേശ രാജ്യങ്ങളിൽ അത് നിരോധിച്ചിരിക്കുന്നു എന്നതും

Lifeboy സോപ്പ് ഒരു കാർ ബോളിക്ക് സോപ്പാണെന്നും വിദേശങ്ങളിൽ വളർത്തുമൃഗങ്ങളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്നതാണെന്നും

കൊക്കക്കോള ,പെപ്സി മുതലായ പാനീയങ്ങളിൽ 21 തരം വിഷങ്ങൾ അടങ്ങിയിരിക്കുന്നു എന്നതും ഇന്ത്യൻ പാർലമെന്റ് കാന്റീനിൽ അത് നിരോധിച്ചിരിക്കുന്നു എന്ന കാര്യവും ,

കോംപ്ലാൻ , ഹോർളിക്സ് മുതലായവ AIIMS ലബോറട്ടറിയിൽ പരിശോധിക്കുകയും അതിലെ പ്രധാന ചേരുവ കടലപ്പിണ്ണാക്കാണെന്നും ,

കേരളത്തിൽ നിരോധിച്ച നിറപറ മസാലകളിലും അളവിൽ കൂടുതൽ രാസവസ്തുക്കൾ ഉണ്ടെന്നും പുതിയ രൂപത്തിൽ അവ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും,

ലെയ്സിൽ പ്ലാസ്റ്റിക്ക് അംശം അടങ്ങിയിട്ടുണ്ടെന്നും ,

കിണ്ടർ ജോയ് ചൊകലേറ്റിൽ പ്ലാസ്റ്റിക്‌ കോട്ടിംഗ് ഉള്ളത് കൊണ്ട് യുറോപ് രാജ്യങ്ങളിൽ നിരോധിച്ചതും

മാധ്യമങ്ങൾ നിങ്ങളോട് പറയില്ല .
കാരണം അവരെ തീറ്റിപ്പോറ്റുന്നത് ഇവരൊക്കെയാണ് .

പക്ഷെ വേണ്ടപ്പെട്ടവരിലേക്ക് എങ്കിലും ഈ വിവരം നമുക്ക് കൈമാറാൻ ശ്രമിക്കാം'...

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

എന്താണ് വസ്‌തുത?

ഫെയര്‍ ആന്‍ഡ് ലവ്‌ലി

വൈറല്‍ സന്ദേശം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും പേടിപ്പിക്കാന്‍ വേണ്ടി ആരോ പടച്ചുവിട്ടിരിക്കുന്നതുമാണ് എന്നതാണ് യാഥാര്‍ഥ്യം. ഫെയര്‍ ആന്‍ഡ് ലവ്‌ലി എന്ന ക്രീമിൽ പന്നി നെയ്യ് ചേർത്തിട്ടുണ്ടെന്ന് ചെന്നൈ ഹൈക്കോടതിയിൽ കമ്പനി സമ്മതിച്ചു എന്നതാണ് വൈറല്‍ സന്ദേശത്തിലെ ആദ്യ വാചകം. എന്നാല്‍ ഇതിനെ കുറിച്ച് വിശദമായി പരിശോധിച്ചപ്പോള്‍ മനസിലായത് ഇത് വ്യാജ ആരോപണം മാത്രമാണെന്നാണ്. ഓണ്‍ലൈന്‍ വില്‍പന കേന്ദ്രമായ ആമസോണില്‍ നല്‍കിയിരിക്കുന്ന ഫെയര്‍ ആന്‍ഡ് ലവ്‌ലിയിലെ ഉള്ളടക്കം സംബന്ധിച്ച വിവരണത്തില്‍ ഒരിടത്തും പന്നി നെയ്യ് കണ്ടെത്താന്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കിലായില്ല. ഫെയര്‍ ആന്‍ഡ് ലവ്‌ലിയിലെ ചേരുവകള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്ന സ്ക്രീന്‍ഷോട്ട് ചുവടെ വായിക്കാം. 

കിറ്റ്‌കാറ്റ്

വൈറല്‍ സന്ദേശത്തിലുള്ള മറ്റ് ചില ആരോപണങ്ങളുടെ വസ്‌തുതയും നോക്കാം. കിറ്റ്‌കാറ്റ് ചോക്ക്‌ലേറ്റില്‍ മാട്ടിറച്ചിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പദാര്‍ഥങ്ങളുണ്ട് എന്നതായിരുന്നു മറ്റൊരു വ്യാജ പ്രചാരണം. എന്നാല്‍ ഈ വാദവും തെറ്റാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. കിറ്റ്‌കാറ്റിനെതിരെ ഈ ആരോപണം ഏറെ വര്‍ഷം മുമ്പുമുണ്ടായിട്ടുണ്ട് എന്ന് കാണാം. അന്നുതന്നെ കമ്പനി ഇക്കാര്യം നിഷേധിച്ചിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന കിറ്റ്‌കാറ്റ് 100 ശതമാനം വെജിറ്റേറിയനാണ് എന്ന് ചോക്ക്‌ലേറ്റിന്‍റെ നിര്‍മാതാക്കളായ നെസ്‌ലെ ഇന്ത്യ 2015ല്‍ ചെയ്‌തിരുന്നു. കിറ്റ്‌കാറ്റിലെ ചേരുവകളുടെ പട്ടിക മിഠായിയുടെ പാക്കറ്റില്‍ നല്‍കിയിട്ടുണ്ട് എന്നും നെസ്‌ലെയുടെ ട്വീറ്റിലുണ്ട്. 

നെസ്‌ലെയുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വിക്‌സ്

തലവേദനയ്‌ക്കും കഫക്കെട്ടിനും ഉപയോഗിക്കുന്ന, അതുപോലെ വേദനസംഹാരിയായി സന്ധിവേദനകള്‍ക്കും മറ്റും ഉപയോഗിക്കുന്ന അമേരിക്കയിലോ കാനഡയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ നിരോധിച്ചിട്ടില്ല എന്നാണ് കീവേഡ് സെര്‍ച്ചില്‍ നിന്ന് മനസിലായത്. അതേസമയം വിക്‌സില്‍ അടങ്ങിയിരിക്കുന്ന phenylpropanolamine എന്ന ഘടകം പലയിടങ്ങളിലും ഒഴിവാക്കിയിട്ടുണ്ട് എന്നും കണ്ടെത്താനായി. എന്നാല്‍ ഈ ചേരുവ ഇന്ത്യയില്‍ ഉപയോഗിക്കുന്ന വിക്‌സില്‍ ഉണ്ടുതാനും. തൊലിപ്പുറത്ത് മാത്രം ഉപയോഗിക്കാനുള്ള പദാര്‍ഥമായ വിക്‌സ് രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കരുത് എന്നും മൂക്കിനുള്ളില്‍ ഉപയോഗിക്കരുത് എന്നും കര്‍ശനമായ നിര്‍ദേശമുണ്ട്. വിക്‌സ് നിരോധിത ഉല്‍പന്നമല്ലെങ്കിലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മാത്രമേ അത് ഉപയോഗിക്കാവൂ. 

വിക്‌സിനെ കുറിച്ചുള്ള വിവരണത്തിന്‍റെ സ്ക്രീന്‍ഷോട്ട്

ലൈഫ്‌‌ബോയി 

ഏറ്റവും പ്രചാരമുള്ള സോപ്പുകളിലൊന്നാണ് ലൈഫ്‌ബോയി. എന്നാല്‍ ഇത് പട്ടികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാന്‍ വിദേശ കാര്യങ്ങളില്‍ ഉപയോഗിക്കുന്ന സോപ്പാണ് എന്നതും വ്യാജ പ്രചാരണമാണ്. മനുഷ്യര്‍ വ്യാപകമായി ഉപയോഗിക്കുന്ന ആന്‍റി ബാക്‌ടീരിയല്‍ സോപ്പാണ് ലൈഫ്‌ബോയി. നായകള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ കുളിപ്പിക്കാനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന സോപ്പാണ് എന്ന പ്രചാരണവും വ്യാജമാണ് എന്ന് കീവേഡ് സെര്‍ച്ചില്‍ വ്യക്തമായിട്ടുണ്ട്. 

ലൈഫ്‌ബോയി സോപ്പിനെ കുറിച്ച് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്

ലെയ്‌സ്

ലെയ്‌സില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന പ്രചാരണവും വ്യാജമാണ് എന്ന് പരിശോധനയില്‍ വ്യക്തമായി. ലെസ്‌യില്‍ പ്ലാസ്റ്റിക് ഉണ്ടെന്നും അതിനാല്‍ വളരെ പെട്ടെന്ന് തീപിടിക്കും എന്നും വീഡിയോ സഹിതം ഏറെ വര്‍ഷങ്ങള്‍ മുമ്പേ പ്രചരിച്ചിരുന്നതായി വസ്‌തുതാ പരിശോധനയില്‍ കണ്ടെത്താനായി. ഒരാള്‍ പാക്കറ്റ് തുറന്ന് ലെയ്‌സ് ചിപ്‌സ് എടുക്കുന്നതും അത് കത്തിച്ച സ്റ്റൗവില്‍ പിടിക്കുമ്പോള്‍ വേഗം തീപിടിക്കുന്നതുമായിരുന്നു വീഡിയോയില്‍. എന്നാല്‍ ലെയ്‌സിലുള്ള സ്റ്റാര്‍ച്ചും എണ്ണയും മസാലയും മറ്റുമാണ് വേഗത്തില്‍ തീപിടിക്കാന്‍ കാരണം എന്നതാണ് വസ്‌തുത. അതല്ലാതെ, ലെയ്‌സില്‍ പ്ലാസ്റ്റിക് ഉള്ളതുകൊണ്ടല്ല അത് പെട്ടെന്ന് തീപിടിക്കുന്നത് എന്ന് ഉറപ്പിക്കാം. ഇത് സംബന്ധിച്ചുള്ള ഫാക്ട് ചെക്കുകള്‍ മുമ്പും വന്നിട്ടുണ്ട്. 

ലെയ്‌സിനെ കുറിച്ച് പ്രചരിച്ചിരുന്ന വീഡിയോ 

നിഗമനം

വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും വൈറലായിരിക്കുന്ന സന്ദേശത്തിലുള്ള മിക്കതും വ്യാജവും ഏറെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്കില്‍ വ്യക്തമായിട്ടുണ്ട്. മാത്രമല്ല, മലയാളത്തില്‍ പ്രചരിക്കുന്ന സന്ദേശം ഇംഗ്ലീഷില്‍ മുമ്പ് വൈറലായിരുന്നതാണ് എന്നും പരിശോധനയില്‍ തെളിഞ്ഞു. വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും മലയാളത്തില്‍ പ്രചരിക്കുന്ന സന്ദേശത്തിനും ഏറെ പഴക്കമുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. ഇതാദ്യമായല്ല ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായത്. അതിനാല്‍തന്നെ ഈ സന്ദേശം മൊബൈല്‍ ഫോണുകളിലെത്തുന്ന ആരും വലിയ ആശങ്കപ്പെടേണ്ടതില്ല. 

ഇംഗ്ലീഷില്‍ പ്രചരിച്ചിരുന്ന സന്ദേശത്തിന്‍റെ സ്‌ക്രീന്‍ഷോട്ട്

Read more: ഇത്ര വലിപ്പമുള്ള അനാക്കോണ്ടയോ? ഭൂമി തുരന്നുവന്ന് അതിഭീമന്‍! വീഡിയോ കണ്ട് ഞെട്ടി ആളുകള്‍- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!