ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോയും ചിത്രവും വൈറല്‍; സംഭവത്തിന് കര്‍ഷക സമരവുമായി ബന്ധമോ?

By Web Team  |  First Published Jan 12, 2021, 3:02 PM IST

കര്‍ഷക പ്രക്ഷോഭം ഹിന്ദി വിരുദ്ധ സമരമാകുന്നോ? സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോ വൈറല്‍, സത്യമിത്


ദില്ലി: ദില്ലി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോ ടവറുകള്‍ക്ക് തീയിട്ടതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രചാരണം ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ സമരക്കാര്‍ മായ്‌ക്കുന്നതായാണ് പുതിയ പ്രചാരണം. 

പ്രചാരണം 

Latest Videos

undefined

ഹിന്ദിയിലുള്ള എഴുത്തുകള്‍ മായ്‌ക്കുന്ന വീഡിയോയും ചിത്രങ്ങളും സഹിതമാണ് പ്രചാരണം. 'ജിയോ ടവറുകള്‍ തകര്‍ത്തതിന് ശേഷമുള്ള പണി ഇതാണ്. ഹിന്ദി ഏറെക്കാലം ഉപയോഗിക്കില്ല. അവര്‍ ശരിയായ കര്‍ഷകര്‍ തന്നെയാണോ? നേരത്തെ മൊബൈല്‍ ടവറുകളാണ് തകര്‍ത്തതെങ്കില്‍ ഇപ്പോള്‍ ഹിന്ദി വായിക്കുന്നതിന് എതിരായിരിക്കുന്നു'. എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഹിന്ദിയിലുള്ള ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോയ്‌ക്ക് 15 സെക്കന്‍ഡ് ദൈര്‍ഘ്യമാണുള്ളത്.

ഹൈവേ റോഡിലെ ട്രാഫിക് സൂചന ബോര്‍ഡുകളില്‍ നിന്ന് ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകള്‍ മായ്‌ക്കുന്ന നിരവധി ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്തുള്ള കൊളാഷ് ഉപയോഗിച്ചാണ് മറ്റൊരു പ്രചാരണം. ഹിന്ദിക്ക് പുറമെ പഞ്ചാബിയിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകളും ഈ ബോര്‍ഡുകളില്‍ കാണാം. 

 

വീഡിയോയുടെ വസ്‌തുത

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ പച്ചക്കള്ളമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയ്‌ക്കും ചിത്രങ്ങള്‍ക്കും നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

പഞ്ചാബില്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെ എതിര്‍ത്ത് ഒരാള്‍ സൂചന ബോര്‍ഡുകളില്‍ കറുത്ത പെയിന്‍റ് തേക്കുന്നതാണ് 15 സെക്കന്‍ഡുള്ള വീഡിയോയില്‍ കാണുന്നത്. 2020 സെപ്റ്റംബര്‍ 14ന് ഈ സംഭവത്തിന്‍റെ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതായി കാണാം. എന്നാല്‍ ഡിസംബറിലാണ് ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സമരം ആരംഭിച്ചത്. 

ചിത്രങ്ങളുടെ വസ്‌തുത

അതേസമയം വൈറലായിരിക്കുന്ന ചിത്രങ്ങള്‍ക്ക് വീഡിയോയേക്കാള്‍ പഴക്കമുണ്ട് എന്നാണ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായത്. 2017 ഒക്‌ടോബര്‍ 24ന് ഒരു ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ചില ചിത്രങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാന്‍ ടൈംസും ദ് ട്രൈബ്യൂണും വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയിട്ടുമുണ്ട്.

സൂചന ബോര്‍ഡുകളില്‍ പഞ്ചാബി ഏറ്റവും അവസാനം എഴുതിയത് ഭാഷയെ അപമാനിക്കലാണ് എന്ന് വാദിച്ച് 2017ല്‍ നടന്ന പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണിത്. 

 

നിഗമനം

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്നു എന്ന പ്രചാരണം വ്യാജമാണ്. നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോയും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.


​​
 

 

click me!