കൊവിഡ് വ്യാപനം രൂക്ഷം; ദില്ലി വീണ്ടും ലോക്ക്‌ഡൗണിലേക്കോ?

By Web Team  |  First Published Nov 16, 2020, 2:25 PM IST

ദില്ലി വീണ്ടും ലോക്ക്‌ഡൗണിലേക്ക് എന്ന പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. എന്താണ് ഇതിലെ വസ്‌തുത. 
 


ദില്ലി: കൊവിഡ് 19 വ്യാപനം വീണ്ടും രൂക്ഷമായതോടെ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ വീണ്ടും ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണോ സര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടയിലാണ് ദില്ലിയിലെ രോഗികളുടെ എണ്ണം ഉയര്‍ന്നത്. ദില്ലിയില്‍ ഒരു ദിവസത്തെ ഉയര്‍ന്ന കൊവിഡ് കേസുകള്‍(8,593) ബുധനാഴ്‌ച രേഖപ്പെടുത്തിയിരുന്നു. ദില്ലി വീണ്ടും ലോക്ക്‌ഡൗണിലേക്ക് എന്ന പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമാണ്. എന്താണ് ഇതിലെ വസ്‌തുത. 

പ്രചാരണം ഇങ്ങനെ

Latest Videos

'ദില്ലിയും മഹാരാഷ്‌ട്രയും മൂന്നുനാല് ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കും. അതിനാല്‍ സിഎ പരീക്ഷകള്‍ മാറ്റിവയ്‌ക്കുക' എന്നായിരുന്നു നവംബര്‍ 14ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു സന്ദേശത്തില്‍ പറയുന്നത്. വീണ്ടും ലോക്ക്‌‍ഡൗണ്‍ വന്നേക്കും എന്ന തരത്തില്‍ നിരവധി ട്വീറ്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ദില്ലിയില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണും പാതി ലോക്ക്‌ഡൗണും വേണമെന്ന തരത്തില്‍ രണ്ട് ആവശ്യങ്ങളും ശക്തമാണ്. 

വസ്‌തുത

എന്നാല്‍ ദില്ലിയില്‍ വീണ്ടും ലോക്ക്‌ഡൗണ്‍‍ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്‍ തള്ളിക്കളഞ്ഞു. ലോക്ക്‌ഡൗണിന് സാധ്യതയില്ല, ദില്ലി കൊവിഡ് മൂന്നാംതരംഗത്തിന്‍റെ കൊടുമുടി കടന്നു. മാര്‍ക്കറ്റുകള്‍ അടച്ചിടുന്ന കാര്യം ആലോചിച്ചിട്ടേയില്ല. ദീപാവലി കഴിഞ്ഞു, അതിനാല്‍ തന്നെ ആള്‍ക്കൂട്ടം കുറഞ്ഞിട്ടുണ്ട് എന്നും സത്യേന്ദ്ര ജെയ്‌ന്‍ പ്രതികരിച്ചു. 

 

അതേസമയം മാസ്‌ക് ധരിക്കുന്ന കാര്യം ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ദില്ലി ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്‌ഡൗണിന്‍റെ നേട്ടങ്ങള്‍ മാസ്‌ക് ധരിക്കുന്നതിന് തുല്യമാണ് എന്നാണ് മനസിലാക്കിയ പാഠം. മാസ്‌ക് എല്ലാവരും കൃത്യമായി ധരിച്ചാല്‍ രോഗവ്യാപനം തടയാമെന്നും അദേഹം വ്യക്തമാക്കി. 

നിഗമനം

രാജ്യതലസ്ഥാനമായ ദില്ലി വീണ്ടും ലോക്ക്‌ഡൗണിലേക്ക് എന്ന പ്രചാരണങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കാനാവില്ല. രോഗികളുടെ എണ്ണത്തില്‍ കുറവില്ലെങ്കിലും ലോക്ക്‌ഡൗണ്‍ സാധ്യത ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന്‍ തള്ളിക്കളഞ്ഞതോടെയാണിത്. 


 

click me!