'18 പിന്നിട്ട എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാരിന്‍റെ 1,30,000 രൂപ'; കൊവിഡ് സഹായ സന്ദേശം കബളിപ്പിക്കുന്നു

By Web Team  |  First Published Nov 24, 2020, 4:50 PM IST

സഹായത്തിന് നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ പരിശോധിക്കാനുള്ള ലിങ്ക് സഹിതമായിരുന്നു പ്രചാരണം.


ദില്ലി: കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ എന്ന പേരില്‍ നിരവധി വ്യാജ സര്‍ക്കുലറുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേന്ദ്രം വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ സാമ്പത്തിക സഹായം നല്‍കുന്നതായായിരുന്നു ഇതിലേറെ വൈറല്‍ സന്ദേശങ്ങളും. അതുകൊണ്ടുതന്നെ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ആളുകളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണ്. 

പ്രചാരണം ഇങ്ങനെ

Latest Videos

'18 വയസിന് മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് സഹായമായി 1,30,000 രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു' എന്നാണ് വൈറല്‍ സന്ദേശത്തിലുള്ളത്. സഹായത്തിന് നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ പരിശോധിക്കാനുള്ള ലിങ്ക് സഹിതമായിരുന്നു പ്രചാരണം.

വസ്‌തുത

കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് ധനസഹായം എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്‌ക്ക് കീഴിലുള്ള ഫാക്‌ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എല്ലാ വെബ്‌സൈറ്റുകളും .gov എന്ന വിലാസത്തിലുള്ളതാണ്. എന്നാല്‍ വൈറല്‍ സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന ലിങ്ക് covid19.google.fund എന്നായിരുന്നു. ഇതേ സന്ദേശത്തില്‍ മറ്റൊരിടത്ത് നല്‍കിയിരിക്കുന്ന വിലാസത്തില്‍ ഗൂഗിള്‍ എന്നതിനെ googie എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യങ്ങളും ഈ സന്ദേശം തട്ടിപ്പാണ് എന്ന് തെളിയിക്കുന്നു. 

നിഗമനം

പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് ധനസഹായമായി 1,30,000 രൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി എന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ തട്ടിപ്പിന് വിധേയരായേക്കും. 


 


 

click me!