ശബരിമലയിൽ അയ്യപ്പ ഭക്തന്‍റെ തല പൊലീസ് അടിച്ചു പൊട്ടിച്ചെന്ന വീഡിയോ പ്രചാരണം വ്യാജം

By Web TeamFirst Published Dec 15, 2023, 10:35 AM IST
Highlights

സാമൂഹ്യമാധ്യമങ്ങളില്‍ ശബരിമല മുന്‍നിർത്തി കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രചാരണം 

ശബരിമലയിൽ അയ്യപ്പ ഭക്തന്റെ തല കേരള പൊലീസ് അടിച്ചുപൊളിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വീഡിയോ പ്രചാരണം സജീവം. ശബരിമലയിലെത്തിയ ഒരു കുട്ടി തന്റെ പിതാവിനെ അൽപസമയത്തേക്ക് കാണാതായതിൽ കരയുന്നതിന്റെ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ചോരയൊലിക്കുന്ന മുഖവുമായുള്ള അയ്യപ്പ ഭക്തന്റെ വീഡിയോയും വൈറലായത്. എന്നാൽ ഈ വീഡിയോ ശബരിമലയിൽ നിന്നുള്ളതല്ല എന്നതാണ് യാഥാർഥ്യം. 

പ്രചാരണം‌‌

Latest Videos

'ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തലപൊട്ടിച്ചു'- എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ സ്വപ്ന സ്വപ്ന എന്ന യൂസർ 2023 ഡിസംബർ 13ന് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 30 സെക്കൻഡാണ് ഈ വീഡിയോയുടെ ദൈർഘ്യം. സമാന വീഡിയോ മറ്റനേകം പേരും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ശബരിമലയിൽ പൊലീസ് ഗുണ്ടകൾ അയ്യപ്പ ഭക്തന്റെ തല അടിച്ചു പൊട്ടിച്ചു'- എന്ന കുറിപ്പോടെ Rajendran NM Vazhoor Aachary എന്നയാൾ 2023 ഡിസംബ‍ർ 14ന് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത് കാണാം. അയ്യപ്പ ഭക്തൻമാരുടെ കറുപ്പ് വസ്ത്രം ധരിച്ചിരിക്കുന്ന ഒരാളുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഈ ഭക്തൻ മുഖത്തെയും കയ്യിലെയും രക്തം തുടച്ചുകളയുന്നതും തമിഴിൽ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മിനുറ്റും 17 സെക്കൻഡുമാണ് ഈ വീഡിയോയുടെ ദൈർ​ഘ്യം. 

വസ്തുതാ പരിശോധന

സമീപകാലത്ത് ശബരിമലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന വ്യാജ പ്രചാരണങ്ങളുടെ കൂട്ടത്തിൽപ്പെടുന്നതാണ് ഈ വീഡിയോയും. വീഡിയോ വ്യക്തമായി നോക്കിയാൽ 31-ാം സെക്കൻഡിൽ ഒരു പൊലീസുകാരനെ കാണാം. എന്നാൽ കേരള പൊലീസിന്റെ ലോ​ഗോയല്ല ഇയാളുടെ യൂണിഫേമിലുള്ളത്. മാത്രമല്ല, വീഡിയോയുടെ ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയപ്പോൾ തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ നടന്ന സംഭവമാണിത് എന്ന് മനസിലാക്കാൻ സാധിച്ചു. 

നി​ഗമനം

ശബരിമലയിലെത്തിയ അയ്യപ്പ ഭക്തന്റെ തല കേരള പൊലീസ് അടിച്ചു പൊട്ടിച്ചെന്ന രീതിയിലുള്ള വീഡിയോ പ്രചാരണം വ്യാജമാണ്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് കേരളത്തിലേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. 

 

click me!