'വിദേശത്തും ജവാന്‍ തരംഗം, ആഘോഷത്തില്‍ ആറാടി വിദേശികള്‍'- വീഡിയോയുടെ സത്യം

By Web Team  |  First Published Sep 9, 2023, 12:58 PM IST

ജവാന്‍റെ ട്രെയിലര്‍ കാണുന്ന വിദേശികളുടെ പ്രതികരണം എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്


മുംബൈ: ബോളിവുഡില്‍ പഠാന് ശേഷം ഏറ്റവും കൂടുതല്‍ ആകാംക്ഷ നിറച്ച ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍. സംവിധായകന്‍ ആറ്റ്‌ലിയുടെയും നായിക നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. സമ്മിശ്ര പ്രതികരണങ്ങളാണ് ജവാന് തിയറ്ററില്‍ ലഭിച്ചത്. ആറ്റ്‌ലിയുടെ തമിഴ് ചിത്രങ്ങള്‍ കണ്ടുശീലിച്ച തെന്നിന്ത്യന്‍ പ്രേക്ഷകരെ ചിത്രം ആവേശപ്പെടുത്താതെ പോയപ്പോള്‍ ഉത്തരേന്ത്യന്‍ അനലിസ്റ്റുകളില്‍ നിന്നും മറ്റും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം കിട്ടി. ഇതിന് പിന്നാലെയെത്തിയ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ജവാന്‍റെ ട്രെയിലര്‍ കാണുന്ന വിദേശികളുടെ പ്രതികരണം എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. മറ്റ് പലരും ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്‌തിട്ടുണ്ട്. 

പ്രചാരണം

Latest Videos

2023 സെപ്റ്റംബര്‍ ഏഴാം തിയതിയാണ് ഷാരൂഖ് ഖാന്‍, വിജയ് സേതുപതി ചിത്രമായ ജവാന്‍ തിയറ്ററുകളിലെത്തിയത്. ഏഴാം തിയതി തിയറ്ററുകളില്‍ ചിത്രം പ്രകമ്പനമുണ്ടാക്കും എന്ന തലക്കെട്ടോടെയാണ് ട്രെയിലര്‍ വീഡിയോ അജു ഭായ് എന്നൊരാള്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനിന്‍റെ ഫാന്‍ അക്കൗണ്ടാണ് ഇത് എന്ന് അജു ഭായി ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി പേര്‍ വലിയ സ്ക്രീനില്‍ ജവാന്‍റെ ട്രെയിലര്‍ കാണുന്നതും ആര്‍ത്തുവിളിക്കുന്നതുമാണ് ട്വീറ്റിനൊപ്പമുള്ള വീഡിയോയിലുള്ളത്. എന്നാല്‍ ജവാന്‍റെ ട്രെയിലര്‍ സിനിമ കാണുന്നതിന്‍റെ വീഡ‍ിയോ തന്നെയാണോ ഇത് എന്ന സംശയമാണ് പലര്‍ക്കും. ദൃശ്യങ്ങളിലുള്ളവരെല്ലാം വിദേശികളാണ് എന്നതാണ് സംശയം ജനിപ്പിക്കുന്ന ഒരു കാര്യം. 

വസ്‌തുത

വിദേശത്ത് നിന്ന് പകര്‍ത്തിയ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എന്ന് ഒറ്റ നേട്ടത്തില്‍ വ്യക്തമാണ്. കാരണം, വീഡിയോയില്‍ കാണുന്നവരെല്ലാം വിദേശികളാണ്. സത്യത്തില്‍, ഈ വീഡിയോയിലുള്ള വലിയ ആള്‍ക്കൂട്ടം കാണുന്നത് ജവാന്‍ ട്രെയിലര്‍ അല്ല. മറിച്ച് ഇംഗ്ലണ്ടിലെ ഒരു പബ്ബില്‍ വച്ച് ഇംഗ്ലണ്ട്- വെയ്‌ല്‍സ് ഫുട്ബോള്‍ മത്സരമാണ്. ഫുട്ബോള്‍ മത്സരം തല്‍സമയം കാണുന്ന സ്ക്രീനിലേക്ക് ജവാന്‍റെ ട്രെയിലര്‍ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ട്വീറ്റില്‍ കാണുന്ന വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ വീഡിയോയുടെ ഒറിജിനല്‍ ബ്രിസ്റ്റോള്‍ സ്പോര്‍ട്സ് എന്ന ചാനല്‍ 2016 ജൂണ്‍ 17ന് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. മറ്റ് പല ഫുട്ബോള്‍ സംബന്ധിയായ ഫേസ്‌ബുക്ക് പേജുകളും ഈ വീഡിയോ അന്ന് പങ്കുവെച്ചിരുന്നു. വൈറല്‍ വീഡിയോയിലെയിലെയും ഫുട്ബോള്‍ ദ്യശ്യത്തിലേയും കാണികളും സ്ഥലവും ഒന്നെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. 

Read more: 'കയ്യില്‍ വിക്‌സ് മതി, പല്ലുകള്‍ പളപളാന്ന് മിന്നിക്കാം'; സന്ദേശത്തെ കുറിച്ച് അറിയാനേറെ- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!