Fact Check: 'കൈയില്‍ പതാകയുമായി ലിയോണല്‍ മെസി', ഇസ്രയേലിന് ഗോട്ടിന്‍റെ പരസ്യ പിന്തുണ?

By Web Team  |  First Published Nov 2, 2023, 9:11 AM IST

ലിയോണല്‍ മെസി ഇസ്രയേലി പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരിക്കുന്നത് 


പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പലസ്‌തീന് പിന്തുണ അറിയിച്ചതായി നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായിരുന്നു. ഇപ്പോള്‍ അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ പേരും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുകയാണ്. പലസ്‌തീന് അല്ല, ഇസ്രയേലി പതാക കൈയിലേന്തി മെസി ഇസ്രയേലിന് പിന്തുണ അറിയിച്ചു എന്നാണ് പ്രചാരണം. ഇതിന്‍റെ വസ്‌തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

Latest Videos

undefined

ലിയോണല്‍ മെസി ഇസ്രയേലി പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്നതിന്‍റെ സ്ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ലിയോയുടെ വെരിഫൈഡ് ഫേസ്‌ബുക്ക് അക്കൗണ്ടില്‍ ഇസ്രയേലി പതാകയുമായുള്ള ചിത്രം പോസ്റ്റ് ചെയ്‌തതിന്‍റെ സ്ക്രീന്‍ഷോട്ട് എന്ന രീതിയിലാണ് ഒരു എഫ്‌ബി ഗ്രൂപ്പില്‍ 2023 ഒക്ടോബര്‍ 26-ാം തിയതി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മെസിയുടെ ഔദ്യോഗിക അക്കൗണ്ടിന്‍റെ ബ്ലൂ ടിക്ക് ചിഹ്നം സ്ക്രീന്‍ഷോട്ടിന്‍റെ മുകള്‍ ഭാഗത്ത് കാണാം. 'മെസി, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സമാന സ്ക്രീന്‍ഷോട്ട് ട്വിറ്ററിലും പലരും ഷെയര്‍ ചെയ്‌തിട്ടുണ്ട്.

ട്വീറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍

സ്ക്രീന്‍ഷോട്ടില്‍ കാണുന്ന ചിത്രം മെസിയുടെ ഫേസ്‌ബുക്ക് പേജില്‍ ഉണ്ടോയെന്നും അദേഹം ഇസ്രയേലിന് പരസ്യ പിന്തുണ അറിയിച്ചിട്ടുണ്ടോ എന്നും നോക്കാം. 

വസ്‌തുത

സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലെ ലിയോണല്‍ മെസി ഇസ്രയേല്‍ പതാക കൈയിലേന്തി അവര്‍ക്ക് പരസ്യ പിന്തുണ അറിയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പ്രചരിക്കുന്ന ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭിച്ച ഫലങ്ങളിലൊന്ന് Icons.com എന്ന ഫേസ്‌ബുക്ക് പേജിന്‍റെതായിരുന്നു. ഐക്കണ്‍സ് ഡോട് കോമിന്‍റെ ബാഗ് മെസി കയ്യില്‍ പിടിച്ച് ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്‌തതായി ഇതില്‍ കാണാം. ഈ ബാഗിന്‍റെ സ്ഥാനത്ത് എഡിറ്റ് ചെയ്‌ത് പകരം ഇസ്രയേലിന്‍റെ പതാക ചേര്‍ത്ത് വ്യാജ സ്ക്രീന്‍ഷോട്ട് നിര്‍മിച്ചാണ് നിലവിലെ പ്രചാരണങ്ങള്‍ എന്ന് കരുതാം. മാത്രമല്ല, മെസി ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നതായി ആധികാരികമായ വാര്‍ത്തകളൊന്നും പരിശോധനയില്‍ കണ്ടെത്താനുമായില്ല. 

ഒറിജിനല്‍ ഫോട്ടോയുടെ സ്ക്രീന്‍ഷോട്ട്

നിഗമനം

ലിയോണല്‍ മെസി ഇസ്രയേലി പതാക കൈയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ എഡിറ്റ് ചെയ്‌ത് തയ്യാറാക്കിയ ചിത്രമാണ് പ്രചരിക്കുന്നത്. 

Read more: Fact Check: ക്രിക്കറ്റ് ലോകകപ്പ് വേദികളിലൊന്ന് ഇത്ര 'പൊളി'യായിരുന്നോ! വര്‍ണാഭമായ വീഡിയോ പൊളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!